|    Apr 27 Fri, 2018 1:04 pm
FLASH NEWS

കണ്ണൂക്കരയില്‍ പ്രവര്‍ത്തകനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; കേസന്വേഷണത്തില്‍ അലംഭാവമെന്ന്; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

Published : 1st June 2016 | Posted By: SMR

വടകര: ഒഞ്ചിയം കണ്ണൂക്കരയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മാടാക്കര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിനെ വെടിവെച്ച് വധിക്കാന്‍ ശ്രമിച്ച നടപടിയില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലിസ് കാണിക്കുന്ന അലംഭാവത്തിനെതിരെയും, നാടിന്റെ സമാധാനം തകര്‍ക്കുന്ന ലീഗിന്റെ നടപടിക്കെതിരെയും എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വീടിന്റെ മുന്‍വശത്തിരിക്കുമ്പോള്‍ ഗഫൂറിനെയും കുടുംബത്തെയും തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ ശ്രമം നടന്നത്.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ജില്ലയില്‍ തന്നെ അത്യപൂര്‍വമായ സംഭവമായിട്ടും പോലിസ് ഇതിനെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്ന പാരതിയും ഉയര്‍ന്നിട്ടുണ്ട്. ചോമ്പാല എസ്ഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍ ചില ലീഗ് പ്രവര്‍ത്തകരെ മാത്രം സ്റ്റേഷനില്‍ വിളിപ്പിച്ച് വിട്ടയച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.
അബ്ദുല്‍ ഗഫൂറിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ലീഗിലെ ചില പ്രവര്‍ത്തകര്‍ വധിഭീഷണിപോലും മുഴക്കിയിരുന്നു. ഇതില്‍ പെട്ടവരുടെ പേര് വിവരങ്ങളും പോലിസിന് കൈമാറിയിട്ടുണ്ട്. മാത്രമല്ല ഗഫൂറിനെ മനപ്പൂര്‍വ്വം വധിക്കാന്‍ ശ്രമിച്ചതാണെന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് സംഭവം നടന്ന വീട്ടില്‍ നിന്നും പരിസരത്ത് നിന്നും കണ്ടെത്തിയത്. തെളിവുകളൊക്കെ ലഭിച്ചിട്ടും പോലീസ് കാണിക്കുന്ന അലംഭാവം ആരെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞ കാലങ്ങളിലത്രയും പോലിസ് സ്വാധീനം ഉപയോഗിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ ചരിത്രമാണ് ഒഞ്ചിയത്തുള്ളത്. കണ്ണൂക്കരയിലെ മുസ്‌ലിം അസോസിയേഷനെന്ന (കെഎംഎ) സംഘടനയുടെ കണക്ക് വിവരങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ സ്വന്തം അണികള്‍ തന്നെ കെഎംഎയുടെ ഓഫിസടക്കം ഉള്‍പ്പെടുന്ന സി എച്ച് സൗധം കത്തിക്കുകയും ഇതിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി എസ്ഡിപിഐയുടെ പ്രവര്‍ത്തകരെ മാസങ്ങളോളം ജയിലലടക്കുകയും ചെയ്തിരുന്നു. അവസാനം സംഭവത്തിന് തെളിവില്ലെന്ന് കണ്ട് കോടതി പ്രവര്‍ത്തകരെ വെറുതെ വിട്ടയക്കുകയാണുണ്ടായത്. ഇതിനു സമാനമായി നടന്ന മറ്റൊരു സംഭവമാണ് ഓവുചാലില്‍ കൂടി വെള്ളമൊഴുകാത്ത പ്രശ്‌നത്തെ ചൂണ്ടിക്കാട്ടിയതിന് എസ്ഡിപിഐ പ്രവര്‍ത്തകനെ പോലിസ് സ്വാധീനമുപയോഗിച്ച് 308ാം വകുപ്പ് കേസ് ചാര്‍ജ് ചെയ്യിച്ചത്. വാക്കാലുള്ള പ്രശ്‌നങ്ങള്‍ക്ക് പോലും ഭരണ സ്വാധീനത്താല്‍ രാഷ്ട്രീയ എതിരാളകളെ കേസുകളില്‍ കുടുക്കുന്നത് ലീഗിനെ സംബന്ധിച്ച് ഒരു നിത്യപ്രവര്‍ത്തനമായിരിക്കുന്നു.
ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന സാഹചര്യത്തിലേക്കാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പോലിസ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ തീരുമാനമെന്ന് സെക്രട്ടറി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss