|    May 28 Sun, 2017 10:14 pm
FLASH NEWS

കണ്ണീര്‍ തോരാത്ത നാദാപുരം

Published : 18th August 2016 | Posted By: SMR

പി കെ നൗഫല്‍

നാദാപുരം മേഖലയിലെ സംഘര്‍ഷം തിരിച്ചുവരുകയാണോ എന്ന ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് സമീപകാലത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സിപിഎം പ്രവര്‍ത്തകര്‍ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ പ്രതികാരക്കൊലയില്‍ ഇത്തവണ ജീവന്‍ നഷ്ടപ്പെട്ടത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്. സിപിഎം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട അസ്‌ലമിനെ ടി പി ചന്ദ്രശേഖരനെ വെട്ടി തുണ്ടമാക്കിയതിനേക്കാള്‍ ഭയാനകമായി നൂറോളം വെട്ടുകള്‍ വെട്ടിയാണ് പ്രതികാരക്കൊല നിര്‍വഹിച്ചത്.
ഒരു വര്‍ഷം മുമ്പ് ഒരു വിവാഹസല്‍ക്കാരത്തിനിടയ്ക്കു രൂപപ്പെട്ട സംഘര്‍ഷത്തിനിടെ ഷിബിന്‍ കൊല്ലപ്പെട്ടതോടെയാണ് നാദാപുരം ഒരിക്കല്‍ കൂടി സംഘര്‍ഷഭൂമിയാവുന്നത്. ഷിബിന്റെ കൊലപാതകം രാഷ്ട്രീയമായും സാമുദായികമായും മുതലെടുത്ത സിപിഎം മേഖലയിലെ മുസ്‌ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച് കൊള്ളയടിച്ചും തീവച്ചു നശിപ്പിച്ചുമാണ് പ്രതികാരം തീര്‍ത്തത്.
നാദാപുരത്തെ സിപിഎം എന്നും ഭൂരിപക്ഷ സാമുദായികതയുടെ പ്രയോക്താക്കളാണ്. സംഘപരിവാരത്തിന് ഇനിയും കടന്നുചെല്ലാന്‍ സാധിക്കാത്ത രൂപത്തില്‍ ന്യൂനപക്ഷ വിരുദ്ധതയും ഭൂരിപക്ഷ വര്‍ഗീയതയും സമര്‍ഥമായി കളിക്കുന്ന മേഖല. സര്‍ക്കാര്‍ കണക്കില്‍ തന്നെ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം നാദാപുരം, വെള്ളൂര്‍ ഭാഗത്തെ മുസ്‌ലിം വീടുകള്‍ക്ക് അന്നുണ്ടായി. മാത്രമല്ല, കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു തരപ്പെടുത്തിയെടുക്കാന്‍ സിപിഎമ്മിനു സാധിച്ചു.
ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ റിപോര്‍ട്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. ആസൂത്രിതമായി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകനെ വധിച്ചുവെന്നു സിപിഎം ആരോപിക്കുമ്പോള്‍, ഒരു രക്തസാക്ഷിയിലൂടെ രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ നേട്ടം ഉണ്ടാക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണ് അതെന്ന മറുവാദവും ശക്തമാണ്. പരിക്കേറ്റ ഷിബിന് വേണ്ടത്ര ചികില്‍സ നല്‍കുന്നതില്‍ ബോധപൂര്‍വം കാലതാമസം ഉണ്ടാക്കിയതായി ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല, സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്നു കേള്‍ക്കേണ്ട താമസം, അക്രമിസംഘങ്ങളെ മുന്‍കൂട്ടി തയ്യാറാക്കിനിര്‍ത്തിയിരുന്നതുപോലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ വളരെ പെട്ടെന്നുണ്ടായ ഏകപക്ഷീയമായ ആക്രമണം, തീര്‍ത്തും ആകസ്മികമല്ല കൊലപാതകം എന്ന നിഗമനത്തെ ബലപ്പെടുത്തുന്നതാണ്. ഷിബിന്റെ കൊലപാതകം ആരുടെ രാഷ്ട്രീയ ആവശ്യമായിരുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.
മേഖലയിലെ സുരക്ഷിതത്വത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു വലിയ പങ്കുണ്ടെന്ന തിരിച്ചറിവൊന്നും കേസ് കൈകാര്യം ചെയ്ത യുഡിഎഫ് സര്‍ക്കാരിനോ ആരോപണവിധേയരായ മുസ്‌ലിംലീഗിനോ ഉണ്ടായിരുന്നില്ല. വളരെ ലാഘവത്തോടെയായിരുന്നു കേസ് അന്വേഷണം. സ്വാഭാവികമായും യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടാതിരിക്കുകയോ, കുറ്റാരോപിതരായ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ വേണ്ടത്ര തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനോ സര്‍ക്കാരിനു സാധിച്ചില്ല. അതിന്റെ തുടര്‍ച്ചയായിരുന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിടുന്നത്.
ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സമയത്തുതന്നെ നാദാപുരം മേഖലയില്‍ കൊലപാതക സാഹചര്യം രൂപപ്പെട്ടിരുന്നു. ഭരണത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തുകൊണ്ട് ഷിബിന്‍ വധക്കേസ് കാര്യക്ഷമമായി അന്വേഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും യുഡിഎഫ് ഭരണകൂടം താല്‍പര്യം കാണിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പല കേസുകളിലെയും പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ പിന്നീട് കൊല്ലപ്പെട്ടിട്ടുണ്ടെന്ന ചരിത്രം അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഷിബിന്‍ വധക്കേസില്‍ അക്രമം അപ്രതീക്ഷിതമായിരുന്നില്ല. ചീമേനി കൊലക്കേസ് ഇതിന്റെ വലിയ ഉദാഹരണമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ചീമേനിയിലെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിക്കളഞ്ഞെങ്കിലും കുറ്റാരോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് കൊല്ലപ്പെടുകയാണുണ്ടായത്. പതിറ്റാണ്ടുകളാണ് ഈ പ്രതികാരക്കൊലപാതകങ്ങള്‍ നീണ്ടുനിന്നത്.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരേ പ്രതികാരം ഉണ്ടാവുമെന്നു തീര്‍ച്ചയായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിയാതെപോയത് മുസ്‌ലിംലീഗ് പ്രവര്‍ത്തകരും നേതൃത്വവും മാത്രമായിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. കാരണം, അത്രമാത്രം നിരുത്തരവാദപരമായിട്ടാണ് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങള്‍. പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പേരില്‍ ഫേസ്ബുക്കില്‍ പേജുകള്‍ ഉണ്ടാക്കി അവരെ വീരന്മാരെപ്പോലെ വാഴ്ത്തിയും, മന്ത്രിമാര്‍ അടക്കമുള്ള ലീഗിലെ ഉന്നത നേതാക്കന്മാര്‍ക്കൊപ്പമുള്ള ഫോട്ടോ വ്യാപകമായി പോസ്റ്റ് ചെയ്തും തീര്‍ത്തും നിരുത്തരവാദപരമായിട്ടായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലുകള്‍.
ഒടുവില്‍ കേസ് തെളിവുകളുടെ അഭാവത്തില്‍ തള്ളിക്കളയപ്പെട്ടപ്പോഴും സമാനമായ ആഘോഷമാണ് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ലീഗ് പ്രവര്‍ത്തകരുടെ അമിതാഹ്ലാദപ്രകടനങ്ങളിലെ അപകടം തിരിച്ചറിഞ്ഞ പലരും പ്രകോപനങ്ങളും ആഘോഷങ്ങളും കോടതി വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെത്തിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതുമാണ്. പക്ഷേ, എല്ലാ മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു.
ഏതായാലും തളിപ്പറമ്പിലെ യൂത്ത്‌ലീഗ് നേതാവ് അരിയില്‍ ഷുക്കൂറിനു ശേഷം മറ്റൊരു ലീഗ് പ്രവര്‍ത്തകന്‍ കൂടി സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷത്തിന്റെ ബലിയാടായി മാറിയിരിക്കുന്നു. സ്വന്തം പ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തിനു വലിയ വിലകല്‍പിക്കാത്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗ് എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് ഈ കൊലപാതകവും. ഭീഷണി ഉണ്ടായിട്ടും ലീഗ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം കൊടുക്കാനോ മേഖലയില്‍ നിന്നു മാറ്റിനിര്‍ത്താനോ നേതൃത്വം താല്‍പര്യം കാണിച്ചില്ലെന്നു വ്യക്തം.
മാത്രമല്ല, പ്രകോപനമുണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കുന്നതിനെതിരേയുള്ള അനിവാര്യമായ രാഷ്ട്രീയബോധവും അച്ചടക്കവും ലീഗ് അണികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിലും മുസ്‌ലിംലീഗ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗ് അണികള്‍ കൊല്ലപ്പെട്ട കേസുകള്‍ നടത്തുന്നതിലും കാണാം മുസ്‌ലിംലീഗിന്റെ താല്‍പര്യക്കുറവ്. അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണം ഇപ്പോഴും പാതിവഴി പിന്നിട്ടിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ മാത്രം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട എട്ടോളം കേസുകളാണ് മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ താല്‍പര്യക്കുറവും ജാഗ്രതയില്ലായ്മയും കൊണ്ട് തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിക്കളഞ്ഞത്.
ആ തുടര്‍ച്ചയിലേക്ക് അസ്‌ലം വധക്കേസും എത്താതിരിക്കാന്‍ ലീഗ് നേതൃത്വവും അണികളും ജാഗ്രത പാലിക്കുമോ എന്നു കണ്ടറിയണം. കാരണം, മുസ്‌ലിംലീഗ് നേതൃത്വവും സിപിഎം നേതൃത്വവും തമ്മിലുള്ള ഉന്നതതല സൗഹൃദബന്ധം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന ആരോപണം ലീഗ് കേന്ദ്രങ്ങളില്‍ നിന്നുതന്നെ ശക്തമാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന ഐസ്‌ക്രീം കേസിലെ പുനരന്വേഷണത്തിനെതിരേ മന്ത്രിസഭയിലും പാര്‍ട്ടിയിലും മുന്നണിയിലും ഏറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അതൊക്കെ അവഗണിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തതും ഇപ്പോഴും തുടരുന്ന ഈ സൗഹൃദത്തിന്റെ ലക്ഷണങ്ങളായിട്ടാണ് പലരും കാണുന്നത്. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി നിയമനടപടികളുമായും രാഷ്ട്രീയമായും മുസ്‌ലിംലീഗ് എത്രമാത്രം മുന്നോട്ടുപോകുമെന്നതിനെക്കുറിച്ച് അണികള്‍ക്കുപോലും അമിതപ്രതീക്ഷയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day