|    Nov 16 Fri, 2018 6:35 am
FLASH NEWS

കണ്ണീര്‍മഴയില്‍ മലയോരം; കുത്തിയൊലിച്ചുപോയത് പ്രതീക്ഷകള്‍

Published : 11th August 2018 | Posted By: kasim kzm

ഇരിട്ടി: മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടി നേടിയ കുടിയേറ്റ ജനതയുടെ ആത്മധൈര്യം ചോര്‍ന്ന ദിനങ്ങളാണു കഴിഞ്ഞുപോയത്. രണ്ടുപേരുടെ ജീവന്‍ ഉരുള്‍കൂട്ടം എടുത്തപ്പോള്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും സ്വന്തമെന്നു പറയാന്‍ ശേഷിക്കുന്നത് ജീവന്‍ മാത്രം. ജീവനോപാധികള്‍ മുഴുവനും നശിച്ചു. ആറളത്തും അയ്യന്‍കുന്നിലും ഉളിക്കലിലുമായി 48 മണിക്കൂറിനുള്ളില്‍ 22ഓളം ഇടങ്ങളിലാണു ഉരുള്‍പൊട്ടിയത്.
നൂറോളം വീടുകള്‍ പൂര്‍ണമായും 250 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാര്‍ഷികനഷ്ടം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. വീട് നഷ്ടപ്പെട്ടവര്‍ക്കും പാതി നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം എല്ലാം ഇനിയെല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. പാറയ്്ക്കാപാറ, വാണിയപ്പാറ, എടപ്പുഴ, കിഴങ്ങാനം, പാറയ്ക്കാമല, വാളത്തോട്, ആറളം വനം, കുണ്ടുമാങ്ങോട്, കക്കൂവ വനം, അറബി, കോളിത്തട്ട്, ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ബുധനാഴ്ച രാവിലെ ഉണ്ടായ ചെറിയ പൊട്ടല്‍ വരാന്‍ പോവുന്ന വലിയ ദുരന്തത്തിന്റെ സൂചനയാണെന്ന് ആരും കുതിയിരുന്നില്ല. വൈകീട്ടോടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി.
പിന്നാലെ റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് എത്തി. കഴിഞ്ഞ 48 മണിക്കൂര്‍ ഉറക്കമൊഴിഞ്ഞാണ് ജനങ്ങള്‍ ദുരന്തത്തെ അതിജീവിക്കാന്‍ തയ്യാറെടുത്തത്. മേഖലയില്‍ ആയിരക്കണക്കിന് റബറും കശുമാവും മറ്റ് കൃഷികളുമാണു നശിച്ചത്. നഷ്ടപ്പെട്ട വിളകള്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കുമെങ്കിലും കൃഷിയിടം കൃഷിയിടമാക്കി മാറ്റാന്‍ പെടാപ്പാട് പെടണം.
ഇനി എങ്ങോട്ടുപോവുമെന്ന ആശങ്കയിലാണ് വീടു പൂര്‍ണമായും തകര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍. 25ഓളം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കൂറ്റന്‍ പാറകളും മണ്ണും നിറഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെങ്കില്‍ മാസങ്ങളെടുക്കും. വൈദ്യുതിബന്ധങ്ങളും താറുമാറായി കിടക്കുകയാണ്. കിടപ്പാടം നഷ്ടമായതിന് പുറമെ പലരുടെയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss