|    Dec 17 Mon, 2018 1:22 am
FLASH NEWS

കണ്ണീരിന്റെയും രോഷത്തിന്റെയും ഓര്‍മകളുമായി ജില്ലാ സ്‌കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍

Published : 28th December 2015 | Posted By: SMR

കൊയിലാണ്ടി: കണ്ണീരിന്റെയും രോഷത്തിന്റെയും ഓര്‍മകളുമായി ജില്ലാ സ്‌കൂള്‍ കലോല്‍സവം കൊയിലാണ്ടിയില്‍. 2001ല്‍ കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന കലോല്‍സവത്തിലാണ് മല്‍സരാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കലാലോകത്തെ കണ്ണീരിലേക്കും കടുത്ത രോഷത്തിലേക്കും എത്തിച്ചത്. വിവിധ വേദികളില്‍ മല്‍സരിച്ച് കൊണ്ടിരിക്കുന്നവരും അണിയറയില്‍ വേഷം കെട്ടി ചിലങ്കയണിഞ്ഞവരേയും കലാ പ്രവര്‍ത്തകരേയും രക്ഷിതാക്കളേയും സംഘാടകരേയും ഞെട്ടിച്ചു കൊണ്ട് പോലിസ് ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിച്ചത്. ഭയചകിതരായ ജനക്കൂട്ടം തലങ്ങും വിലങ്ങുമോടി. ആദ്യത്തെ അമ്പരപ്പിനും കൂട്ടനിലവിളിക്കും ശേഷം മരണവീടുപോലെയായിരുന്നു വേദികള്‍. ഒരു ഉന്നത പോലിസുദ്യോഗസ്ഥന്റെ വിവേകശൂന്യമായ നടപടിയാണ് കണ്ണീര്‍വാതകപ്രയോഗത്തിലേക്ക് നയിച്ചത്. അതോടെ കലോല്‍സവം നിര്‍ത്തിവെക്കുന്നതായി അറിയിപ്പു വന്നു.
രാത്രി ഒമ്പത് കഴിഞ്ഞ ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് പോലിസ് നടപടിയാണ് പ്രശ്‌നത്തിന് തുടക്കം. അന്നത്തെ റൂറല്‍ എസ്പി സുരേഷ് രാജ് പുരോഹിത് ഐപിഎസ് ഉച്ചഭാഷിണി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി അബൂബക്കറിനെ കൊയിലാണ്ടിയിലേക്ക് അയക്കുകയായിരുന്നു. ഡിഡി അരുണ്‍കുമാര്‍ നഗരസഭാ ചെയര്‍മാന്‍ കെ ദാസനുമായി ആലോചിച്ച് ഉച്ചഭാഷിണി ഒഴിവാക്കി പരിപാടി തുടരാന്‍ തീരുമാനമെടുത്തു. എന്നാല്‍ ഉച്ചഭാഷിണിയില്ലാതെ മല്‍സരിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത നിലപാടെടുത്തു. അതോടെ ഡിഡി അരുണ്‍കുമാര്‍ പോലിസ് നടപടിയെ മറികടന്ന് ഉച്ചഭാഷിണിയോടെ പരിപാടി നടത്താന്‍ അംഗീകാരം നല്‍കി. പ്രകോപിതനായ ഡിവൈഎസ്പി ബോയ്‌സ് ഹൈസ്‌കൂളിലേക്ക് കടന്ന് ഡിഡി അരുണ്‍കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം സ്‌കൂള്‍ ഗേറ്റ് അടച്ച് അറസ്റ്റിനെ പ്രതിരോധിച്ചു. ഡിവൈഎസ്പിയെ ബന്ദിയാക്കിയെന്നറിഞ്ഞതോടെ പോലിസ് ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിക്കുകയായിരുന്നു. നീറ്റല്‍ അനുഭവപ്പെട്ടവര്‍ പരിഭ്രാന്തരായി ഓടി. മല്‍സരാര്‍ഥികളുടെ പൊട്ടിക്കരച്ചില്‍ അന്തരീക്ഷമുഖരിതമായി. ഇതോടെ നാടകപ്രവര്‍ത്തകനായ കോഴിക്കോട് മധു മാസ്റ്റര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. എന്തും സംഭവിക്കുമെന്ന നിലവന്നതോടെ ഡിഡി അരുണ്‍കുമാര്‍ മേള നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മേള പുനരാരംഭിച്ചത്. മേളയ്ക്കാവശ്യമായി കരുതിയ പച്ചക്കറികള്‍ ഉപയോഗശൂന്യമായി. ദിവസങ്ങള്‍ക്ക് ശേഷം കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മേള പൂര്‍ത്തീകരിക്കാന്‍ തീരുമാനമെടുത്തു. നാല് ലക്ഷത്തി ഇരുപതിനായിരം രൂപ ഭക്ഷണകമ്മിറ്റിക്കായി അദ്ദേഹം നഗരസഭാ ചെയര്‍മാനെ ഏല്‍പ്പിച്ചു. സ്‌കൂള്‍ കലോല്‍സവ ചരിത്രത്തില്‍ നിറം കെട്ട സംഭവമായി ഇത് മാറി. അന്നത്തെ മല്‍സരാര്‍ഥികളില്‍ പലരും ഇന്നത്തെ സംഘാടകരായി 56-ാം റവന്യൂ മേളയിലുണ്ട്. കാലം മായ്ക്കാത്ത അനുഭവങ്ങളുമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss