|    Jan 18 Wed, 2017 11:53 pm
FLASH NEWS

കണ്ണാടിയിലെ മുഖങ്ങള്‍

Published : 7th February 2016 | Posted By: swapna en

കെ എന്‍  എന്‍  / സംഭാഷണം

കാസര്‍കോട്ടുള്ള സുമിത്ര എന്ന പെണ്‍കുട്ടിയുടെ ദുരിതജീവിതം ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ കണ്ണാടിയിലൂടെ കാണിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ഒഴുകി. അമ്മ മരിച്ചതിനാല്‍ കുടുംബനാഥയാവേണ്ടിവന്ന ഒമ്പതു വയസ്സുകാരിയാണ് സുമിത്ര. താഴെ അഞ്ചും ഒന്നും വയസ്സുള്ള കുട്ടികള്‍. രാവിലെ അച്ഛന്‍ ജോലിക്കു പോവുന്നതോടെ ഇവരുടെ സംരക്ഷണവും ഭക്ഷണമുണ്ടാക്കലും വീട് വൃത്തിയാക്കലും കുട്ടികളെ കുളിപ്പിക്കലും അലക്കലുമെല്ലാം സുമിത്ര തന്നെ ചെയ്യണം. സുമിത്രയുടെ ദുരിതജീവിതത്തിലെ ഒരു ദിവസം കണ്ണാടിയിലൂടെ കാണിച്ചപ്പോള്‍ അദ്ഭുതകരമായിരുന്നു പ്രതികരണം. സുമിത്രയ്ക്കു നല്‍കാന്‍ വേണ്ടി ലക്ഷക്കണക്കിനു രൂപ കണ്ണാടിയിലേക്ക് ഒഴുകിയെത്തി. ഇതോടെ സുമിത്രയ്ക്കും കുടുംബത്തിനും വീടായി. വീടിന് അവര്‍ പേരിട്ടു: ‘ദര്‍പ്പണ്‍.’ കന്നഡ സംസാരിക്കുന്ന അവര്‍ കണ്ണാടിയെന്ന പേരാണ് കന്നഡയില്‍ ദര്‍പ്പണ്‍ എന്നാക്കി വീടിനു നല്‍കിയത്. ഇതോടെ കോളനിയിലെ ഏറ്റവും ധനികരായി അവര്‍ മാറി. ചെറിയ ഒറ്റമുറി വീടിനു പകരം സാമാന്യം വലിയ വീടുണ്ടായതോടെ സുമിത്രയുടെ ജീവിതം മാറിമറിഞ്ഞു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. ഇളയമ്മയും വീട്ടില്‍ പൊറുതി തുടങ്ങി. പണം കൈയിലായതോടെ അച്ഛന്‍ പണിക്കു പോകലും അവസാനിപ്പിച്ചു. പ്രേക്ഷകര്‍ വീണ്ടും പണം അയച്ചു, 10 ലക്ഷത്തോളം രൂപ. ഇതു പക്ഷേ, അച്ഛനു നല്‍കിയില്ല. സുമിത്രയുടെയും അനുജന്‍മാരുടെയും പേരില്‍ ബാങ്കിലിട്ടു. 20 വര്‍ഷം മുമ്പാണ് കണ്ണാടി മലയാളിയുടെ മനസ്സിലേക്കു ചേക്കേറിയത്. ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ ആദ്യം കാണിച്ചത് കണ്ണാടി ആയിരുന്നു. ‘കണ്ണാടിയിലേക്കു സ്വാഗതം’ എന്ന വാക്കുകളോടെയാണ് ഏഷ്യാനെറ്റും കണ്ണാടിയും മലയാളിക്ക് പുതിയ ദൃശ്യസംസ്‌കാരത്തിന്റെ പടിപ്പുര തുറന്നിട്ടത്. ലോകമെങ്ങുമുള്ള മലയാളികളെ ഇടപെടുത്തിയും പ്രതികരിക്കാന്‍ അവസരം നല്‍കിയും വളര്‍ന്ന കണ്ണാടി മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ തുടക്കക്കാരനായ ശശികുമാറുമായി ചര്‍ച്ചചെയ്ത് ഉണ്ടാക്കിയതാണ് കണ്ണാടി എന്ന ആശയം. ഏഷ്യാനെറ്റ് ആദ്യം മൂന്നു മണിക്കൂര്‍ പരിപാടിയായി തുടങ്ങിയ കാലത്ത് അതിനൊപ്പം വന്നതാണ് കണ്ണാടി. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലമായിരുന്നു അത്. രാഷ്ട്രീയകാര്യങ്ങളായിരുന്നു പ്രധാനം. എങ്കിലും സാമൂഹിക-മാനുഷിക വിഷയങ്ങള്‍ക്കും ഇടം നല്‍കിയിരുന്നു. ഏഷ്യാനെറ്റില്‍ വാര്‍ത്ത തുടങ്ങിയതോടെ രീതി മാറി. രാഷ്ട്രീയം കുറച്ചു. മാനുഷിക വിഷയങ്ങള്‍ കൂടുതലായി വന്നു. കണ്ണാടിയിലൂടെ കാണിച്ച ഓരോ മാനുഷിക വിഷയവും ജനങ്ങള്‍ ഏറ്റെടുത്തു. ഇതോടെ സഹായം പ്രവഹിക്കാന്‍ തുടങ്ങി. പലപ്പോഴും ഇതു ലക്ഷങ്ങളായി. ആരോടും പണം അയക്കാന്‍ ആവശ്യപ്പെട്ടില്ല. എങ്കിലും കണ്ണാടിയിലൂടെ കാണിച്ച മനുഷ്യരുടെ ദുരിതം കണ്ട് പ്രേക്ഷകര്‍ സ്വമേധയാ പണം അയക്കുകയായിരുന്നു. അതോടെ വരവും ചെലവും കൃത്യമായി അക്കൗണ്ട് ചെയ്യേണ്ടിവന്നു.    ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങി. ഇതും പോരെന്നു തോന്നിയതോടെ ഏഷ്യാനെറ്റ് വ്യൂവേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. തല വലുതായിക്കൊണ്ടേയിരിക്കുന്ന പാലക്കാട് ജില്ലയിലെ കുട്ടിയെക്കുറിച്ച് കണ്ണാടിയിലൂടെ കാണിച്ചപ്പോഴും പ്രേക്ഷകര്‍ ലക്ഷങ്ങളാണ് അയച്ചത്. എന്നാല്‍, പണം ഉപകാരപ്പെട്ടില്ല. ശസ്ത്രക്രിയ നടത്തി രോഗം ഭേദമാക്കാനാണ് പ്രേക്ഷകര്‍ പണമയച്ചത് എങ്കിലും അവന്റെ ജീവിതത്തില്‍ ആകെയുണ്ടായ മാറ്റം മുഖത്ത് പറന്നിരിക്കുന്ന ഈച്ചകളെ ഓടിക്കാന്‍ ഫാന്‍ വാങ്ങി നല്‍കി എന്നതായിരുന്നു. കുട്ടിയെ ചികില്‍സിക്കാനുള്ള പണം കൊണ്ട് വീട്ടുകാര്‍ ഓട്ടോറിക്ഷ വാങ്ങി. ടൗണില്‍ നിന്ന് എത്തിക്കുന്ന ഫ്രൈഡ് റൈസും ചിക്കനുമായി പിന്നെ സ്ഥിരം ഭക്ഷണം. നിനച്ചിരിക്കാതെ പണം ലഭിച്ചതോടെ ജീവിതം ആര്‍ഭാടപൂര്‍ണമായി. കുട്ടിയാവട്ടെ ദുരിതജീവിതത്തില്‍ നിന്നു മോചനമില്ലാതെയും. രണ്ടാം ഘട്ടമായി 10ലക്ഷം രൂപയുടെ ഡ്രാഫ്റ്റുമായി കുട്ടിയുടെ വീട്ടിലേക്കു പോയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു വിവരങ്ങള്‍ പറഞ്ഞു. പണം കൊടുക്കുന്നതിനുള്ള എതിര്‍പ്പ് അറിയിച്ചു. ഇതോടെ ഡ്രാഫ്റ്റ് നല്‍കാതെ തിരികെ പോരേണ്ടിവന്നു. കണ്ണാടി ഏറെ പേര്‍ക്കു സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. കോടികള്‍ വരും അത്. അച്ഛന്‍ ആത്മഹത്യ ചെയ്ത അനാഥരായ മൂന്നു കുട്ടികള്‍ക്കും വലിയ തുക കണ്ണാടി നല്‍കിയിട്ടുണ്ട്. ആര്‍ക്കാണ് പണം നല്‍കേണ്ടതെന്ന് പലപ്പോഴും അയക്കുന്നവര്‍ പറയാറില്ല. കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ തുക നല്‍കും.         അഭിമാനം കാരണം പ്രയാസം പുറത്തുപറയാത്ത കലാസാഹിത്യ പ്രതിഭകളെയും കണ്ണാടി സഹായിച്ചിട്ടുണ്ട്. ചില സിനിമാതാരങ്ങള്‍ക്കും പണം നല്‍കിയിരുന്നു. ഹിന്ദുസ്ഥാനി ഗായകനായ കോഴിക്കോട്ടെ ശരത്ചന്ദ്ര മറാഠേക്ക് മൂന്നു ലക്ഷം രൂപ നല്‍കിയിരുന്നു. സുഗതകുമാരിയുടെ അഭയ മുതല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്കു വരെ കണ്ണാടിയിലൂടെ സഹായം നല്‍കിയിട്ടുണ്ട്. അര്‍ഹിക്കുന്നവര്‍ക്കല്ല ചിലപ്പോള്‍ കൂടുതല്‍ പണം ലഭിക്കുക. പക്ഷേ, നല്ലൊരു ശതമാനം തീരുമാനം കണ്ണാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വിടുമായിരുന്നു. നൂറിലേറെ രാജ്യങ്ങളിലേക്ക് ഏഷ്യാനെറ്റിന്റെ സംപ്രേഷണമുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം സഹായം എത്താറുണ്ട്. കണ്ണാടി സ്ഥിരമായി കാണുന്ന കുവൈത്തിലെ ചില മലയാളികള്‍ സഹായം അയക്കാന്‍ കൂട്ടായ്മക്കു പോലും രൂപം നല്‍കിയിട്ടുണ്ട്. സാന്ത്വനം എന്ന കൂട്ടായ്മ ഉണ്ടായത് ഇത്തരത്തിലാണ്. മാസത്തില്‍ യോഗം ചേര്‍ന്ന് പണം പിരിച്ച് കണ്ണാടിയിലേക്ക് അയക്കും. 10 പേര്‍ തുടങ്ങിയ കൂട്ടായ്മ ഇപ്പോള്‍ 250 പേരുടെ വലിയ കൂട്ടമായി മാറിയിട്ടുണ്ട്. കോളജ് പ്രിന്‍സിപ്പല്‍മാരുടെ സംഘടന, സാംസ്‌കാരിക സംഘങ്ങള്‍, പ്രാദേശിക സംഘടനകള്‍ തുടങ്ങി പല കൂട്ടായ്മകളും കണ്ണാടിയിലേക്കു സ്ഥിരമായി പണം അയക്കാറുണ്ട്.ജീവകാരുണ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, കണ്ണാടി വിഷയമാക്കിയത്. എന്‍ഡോസള്‍ഫാന്‍, മണല്‍വാരല്‍, ആദിവാസി പ്രശ്‌നം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കണ്ണാടി നിമിത്തമായി. പരിസ്ഥിതിരംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തി. പല സ്ഥലങ്ങളിലും കോടതി ഇടപെട്ടു. കണ്ണാടിയിലൂടെ കാണിച്ച പ്രകൃതിചൂഷണങ്ങള്‍ക്കെതിരേ വനസംരക്ഷണ സമിതികളും നാട്ടുകാരുടെ കൂട്ടായ്മകളും ശക്തമായി രംഗത്തുവന്നു. സ്ത്രീകളോടുള്ള അതിക്രമവും കണ്ണാടി വിഷയമാക്കി. പ്രശ്‌നങ്ങളെ അതിജീവിച്ചവരെയും കണ്ണാടി പരിചയപ്പെടുത്തി. പാര്‍ട്ടിഗ്രാമങ്ങളിലെ ഇരകളുടെ ദുരിതവും അവതരിപ്പിച്ചു. ആരോഗ്യരംഗത്തെ അനാസ്ഥകള്‍ പലതും തുറന്നുകാണിച്ചു. പലതിലും സര്‍ക്കാരിന്റെ തുടര്‍നടപടികളുണ്ടായി. 950 എപ്പിസോഡ് കഴിഞ്ഞ കണ്ണാടി ഒട്ടേറെ പേരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. കണ്ണാടി വഴി ലഭിച്ച സഹായത്തിലൂടെ ജീവിതത്തില്‍ മാറ്റമുണ്ടായവരില്‍ പലരും കാണാനെത്താറുണ്ട്. മനുഷ്യജീവികളുടെ ദുരിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതും മാധ്യമപ്രവര്‍ത്തനമാണെന്ന ബോധം ഉളവാക്കാന്‍ കണ്ണാടിക്കു കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്. പല ചാനലുകളും പത്രങ്ങളും ഒറ്റപ്പെട്ടവരുടെ വിഷയങ്ങള്‍ എടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ പല ചാനലിലും ഇത്തരം പരിപാടികളുണ്ട്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കാത്തിരിക്കുന്ന അസംഖ്യം മലയാളികളുണ്ടെന്ന സത്യമാണ് കണ്ണാടി മനസ്സിലാക്കിത്തന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക