|    Jul 21 Fri, 2017 12:24 pm
FLASH NEWS

കണ്ണമ്മൂല ബണ്ട് കോളനിയിലെ ജീവിതം ദുരിതത്തില്‍

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണമ്മൂലയി ല്‍ ബിഎസ്‌യുപി പ്രകാരം പണികഴിപ്പിച്ച കണ്ണമ്മൂല ബണ്ട് കോളനിയില്‍ ഭവന അടിസ്ഥാനസൗകര്യ വികസനപദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. മിക്ക വീടുകളിലും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളില്ല.
കോളനിക്കു പിറകിലൂടെയും മുന്നിലൂടെയും ഒഴുകുന്ന കണ്ണമ്മൂല തോട്ടിലെ മാലിന്യങ്ങള്‍ കാരണം മൂക്കുപൊത്താതെ കഴിയാനാവില്ല. ഒരു ബ്ലോക്കില്‍ അഞ്ചു വീടുകളാണുള്ളത്. മൊത്തം 144 വീടുകളുള്ള ഇവിടെ ശോച്യാവസ്ഥ കാരണം കൂടുതല്‍ പേരും ഒഴിഞ്ഞുപോയി. ഇപ്പോള്‍ 38 വീടുകളില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത്. 2010ലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 80 വീടുകള്‍ പണിതു. രണ്ടാം ഘട്ടം 2014ലും പൂര്‍ത്തിയായി. 35 വീടുകളാണ് ബിഎസ്‌യുപി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കായി നല്‍കിയത്.
എന്നാല്‍, വൈദ്യുതിയോ പൈപ്പ് കണക്ഷനോ ഇല്ലായിരുന്നു. ഇപ്പോള്‍ കുടിവെള്ളത്തിനായി പൊതുടാപ്പിനെയാണ് കോളനിനിവാസികള്‍ ആശ്രയിക്കുന്നത്. രാത്രിയായാല്‍ മിക്ക വീടുകള്‍ക്കും ആശ്രയം മണ്ണെണ്ണവിളക്കാണ്. കാടുപിടിച്ചുകിടക്കുന്ന പരിസരത്ത് ഇഴജന്തുശല്യം രൂക്ഷമാണ്. പരാതിയെ തുടര്‍ന്ന് നഗരസഭ അടുത്തിടെ കാട് വെട്ടിത്തെളിക്കാന്‍ കുറച്ചു പേരെ അയച്ചുവെങ്കിനും പിന്നീട് തുടര്‍നടപടിയുണ്ടാവില്ല. പുത്തന്‍പാലം തോടിനു സമീപത്ത് മാലിന്യം നിറഞ്ഞ് അസഹ്യമായ ദുര്‍ഗന്ധമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
എന്നാല്‍, കണ്ണമ്മൂല ബണ്ട് കോളനിയില്‍ വൈദ്യുതിയും കുടിവെള്ളവും എത്തിക്കുന്നതിനായി കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നഗരസഭ പണം മുന്‍കൂറായി അടച്ചിട്ടുണ്ടെന്ന് നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കുമാര്‍ പറയുന്നു. കെഎസ്ഇബിക്ക് ജൂണില്‍ 1,39,124 രൂപ അടച്ചു.
തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിക്കും പണമടച്ചു. വൈദ്യുതി ലഭിക്കാത്ത വീടുകള്‍ക്കായി പോസ്റ്റ് ഇടുന്നതിലെയും ലൈ ന്‍ വലിക്കുന്നതിലെയും കാലതാമസം മാത്രമേയുള്ളൂ. വാട്ടര്‍ അതോറിറ്റിക്കായി എല്ലാ വീടുകളിലും എക്‌സ്റ്റന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഉടന്‍ കുടിവെള്ളം എത്തിക്കുമെന്നും കൗണ്‍സിലര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക