|    Jul 25 Tue, 2017 4:25 am
FLASH NEWS

കണ്ണമ്പത്തുകരയില്‍ സിപിഎം- ലീഗ് സംഘര്‍ഷം : 19 വാഹനങ്ങളും ഒരു കടയും തകര്‍ത്തു; മൂന്നുപേര്‍ക്ക് പരിക്ക്

Published : 14th July 2017 | Posted By: fsq

 

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളി കണ്ണമ്പത്തുകരയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ വ്യാപക അക്രമം. ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. കണ്ണമ്പത്തുകര മദ്‌റസക്കു സമീപം ബസ്സ്‌സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷമായിരുന്നു അക്രമം. ഇതിന് രണ്ട് ദിവസം മുമ്പ് സിപിഎം പ്രവര്‍ക്കനായ മനോജിന് നേരെ അക്രമം നടന്നിരുന്നു. ബോംബേറിന് ശേഷം ബസ്സ്‌സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. ലീഗ് പ്രവര്‍ത്തകരായ റമീസ് പുതിയോട്ടിലിന്റെ ഇന്നോവ കാര്‍, കല്ലങ്കണ്ടി ജാബിര്‍, ആശാരി പറമ്പത്ത് ജാഫര്‍, പടിക്കല്‍ ഖാലിദ്, കോട്ടാമ്പള്ളി ജാബിര്‍, കോറോത്ത് കണ്ടത്തില്‍ ആസിഫ് എന്നിവരുടെ ബൈക്കുകളുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ക്കരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. കണ്ണമ്പത്തുകരയിലെ ബസ് സ്‌റ്റോപ് തകര്‍ത്തിട്ടുണ്ട്.ഇതിന് പ്രതികാരമെന്നോണം സിപിഎം പ്രവര്‍ത്തകരുടെ പന്ത്രണ്ടോളം വാഹനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബൈക്കും അഗ്‌നിക്കിരയാക്കി. തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ പള്ളിക്കോപ്പത്ത് അശോകന്‍, പള്ളിക്കോപ്പത്ത് രജീഷ്, കൊയ്യോള്ളതില്‍ കുഞ്ഞിരാമന്‍, റീജ കെട്ടില്‍, മുണ്ടേരി കുമാരന്‍, എന്നിവരുടെ ബൈക്കുകള്‍ അടിച്ചു തകര്‍ത്ത് വടകര-മാഹി കനാലില്‍ വലിച്ചെറിഞ്ഞു. രാജീവന്‍ കുനിയല്‍, ദിനേശന്‍ ചാത്തോത്ത്, മഠത്തില്‍ വിജീഷ്, മഠത്തില്‍ ഷാജി എന്നിവരുടെ ബൈക്കുകള്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയാക്കി. കുറ്റിക്കണ്ടി റിജിനിന്റെ ഇന്നോവ കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. മഠത്തില്‍ താഴെകുനി സുരേന്ദ്രന്‍, രാഗേഷ്, എന്നിവരുടെ ഓട്ടോറിക്ഷകളും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഠത്തില്‍ കുഞ്ഞിരാമന്റെ ആക്ടീവ സ്‌കൂട്ടറും അക്രമികള്‍ കത്തിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ തെക്കയില്‍ മൂസയെ മാരാകായുധങ്ങള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഈ സമയം അടച്ചിരുന്ന കട തുറക്കാനെത്തിയ ലീഗ് പ്രവര്‍ക്കനായ മുപ്പറക്കുനി റിയാസിനെ അടിച്ചു പരുക്കേല്‍പ്പിക്കുകയും സ്ഥാപനമായ ഡ്രീംസ് അലൂമിനിയം ഫാബ്രിക്കേഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക