|    Aug 22 Wed, 2018 12:56 pm
FLASH NEWS

കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടല്‍: സര്‍വവും നഷ്ടപ്പെട്ട് കുടുംബങ്ങള്‍

Published : 11th August 2018 | Posted By: kasim kzm

താമരശ്ശേരി: ഉടുതുണിക്ക്് മറുതുണിയില്ലാതെ ഒരു നിമിഷംകൊണ്ട് സര്‍വവും നഷ്ടപ്പെട്ട് കണ്ണപ്പന്‍ കുണ്ട് പ്രദേശവാസികള്‍. ശക്തമായ ഉരുള്‍പൊട്ടല്‍ ഇതിനു മുന്‍പും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ടങ്കിലും അതൊന്നും കാര്യമായ നാശനഷ്ടം വരുത്തിയിട്ടില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. മട്ടിക്കുന്ന് എടുത്ത വെച്ച കല്ല് വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തി ഒലിച്ചിറങ്ങിയ മരങ്ങളും, മണ്ണും, പാറകളും കണ്ണപ്പന്‍ കുണ്ട് പാലത്തില്‍ തങ്ങിയതാണ് പല കുടുംബങ്ങളുടെയും ജീവിത സമ്പാദ്യമത്രയും കവര്‍ന്നത്.
കളത്തില്‍ കാസിം, കണ്ണപ്പന്‍ കുണ്ടിലെ വ്യാപാരി മുഹമ്മദ് എന്ന കുട്ടിമോന്‍, പുത്തന്‍ വീട്ടില്‍ അബ്ദുര്‍റഹ്മാന്‍, കോരങ്ങാട് മുഹമ്മദ്, സഹോദരി സുലൈഖ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും നശിച്ചത്. കോരങ്ങാട് സുലൈഖയുടെ വീട്ടില്‍ സൂക്ഷിച്ച മകന്‍ ഷബീറിന്റെ വിസക്കുള്ള ഒന്നേകാല്‍ ലക്ഷത്തോളം രൂപ, പാസ്‌പോര്‍ട്ട്, ജിസിസി ലൈസന്‍സ്, ഭാര്യ റംഷീനയുടെ ആഭരണങ്ങള്‍ തുടങ്ങി വീട്ടിലുള്ള സകലതും ഒലിച്ചുപോയി.
കുട്ടിമോന്റെ എട്ടേകാല്‍ സെന്റ് ഭൂമിയും വീടും, കളത്തില്‍ കാസിമിന്റെ വീടും പൂര്‍ണമായും ഒഴുകിപ്പോയി. സമീപത്തെ വീട്ടില്‍ കുടുങ്ങിപ്പോയ മുഹമ്മദിന്റെ അഞ്ചംഗ കുടുബത്തെ ഏറെ സമയത്തിനു ശേഷം അഗ്നിശമന സേനയും നാട്ടുകാരും കയര്‍ കെട്ടി കുട്ടയിലാക്കിയാണ് രക്ഷപ്പെടുത്തിയത്. പത്തേക്ര മുക്ക് ജങ്ഷന്‍ സിമി സന്തോഷിന്റെ വീടും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.
മലവെള്ളപ്പാച്ചില്‍ നടന്ന പ്രദേശത്ത് ജീവിതം കരുപിടിക്കാന്‍ ഏറെ കാലം വേണ്ടിവരുമെന്ന ആശങ്കയിലാണ് പ്രദേശ വാസികള്‍. വന്‍ തോതിലുള്ള കൃഷി നാശവും മലയോര മേഖലയായ ഇവിടെ ഉണ്ടായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss