|    Nov 17 Sat, 2018 5:44 am
FLASH NEWS

കണ്ണപ്പന്‍കുണ്ട്് ഉരുള്‍പൊട്ടല്‍: നിമിഷ നേരംകൊണ്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട് ജീവിതങ്ങള്‍

Published : 12th August 2018 | Posted By: kasim kzm

പി കെ സി മുഹമ്മദ്

താമരശ്ശേരി: നിമിഷ നേരംകൊണ്ട് ജീവന്‍ ഒഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട് കുറെ മനുഷ്യര്‍. സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുന്നവരും അരപ്പട്ടിണിക്കാരുമടങ്ങുന്ന നാട്ടിന്‍ പുറത്തെ എല്ലാവരും ഇന്ന് ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ ദുരിതാശ്വാസ ക്യാംപുകളില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ കഴിയുന്നു.
പല കുടുംബങ്ങള്‍ക്കും ഇപ്പോഴും ഇത് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. എല്ലാം പോയി, ഇനിയെനിക്ക് ബാക്കിയുള്ളത് ഈ ഷര്‍ട്ടും മുണ്ടും മാത്രം എന്ന് കണ്ണീരോടെയും നെടുവീര്‍പ്പോടെയും പറയുമ്പോള്‍ കച്ചവടക്കാരനായ കാസിമിയുടെ തൊണ്ട ഇടറി. കണ്ണപ്പന്‍കുണ്ട് അങ്ങാടിയില്‍ ചെറിയ ചായക്കട നടത്തിയായിരുന്നു കാസിമിയും കുടുംബവും ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ആറ്റുനോറ്റുണ്ടാക്കിയ വീടും കന്നുകാലികളും കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ ഒലിച്ച് പോയതോടെ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാക്കി ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണിവര്‍. തിരിച്ച് കിട്ടിയത് ദേഹത്തിട്ട മുണ്ടും ഷര്‍ട്ടും മാത്രം.
കുടുംബാംഗങ്ങള്‍ മുകളിലത്തെ നിലയിലായതിനാല്‍ തലനാരിഴയ്ക്ക് അവരുടെ ജീവന്‍ തിരിച്ചു കിട്ടി. കാസിമിയെ പോലെ ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപിലുള്ളത്. പലരും ഉരുള്‍ പൊട്ടല്‍ അറിഞ്ഞത് പോലും കനത്ത മഴയില്‍ കട്ടിലടക്കം നനഞ്ഞ് തുടങ്ങിയതോടെയാണ്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് കണ്ടപ്പന്‍കുന്ന് പ്രദേശം മഴവെള്ളപ്പാച്ചിലില്‍പെട്ട് വെള്ളത്തിനടിയിലായത്. പ്രദേശത്തെ അഞ്ച് വീടുകള്‍ പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിട്ടുണ്ട്.
നിരവധി വിടുകള്‍ക്ക് അകത്ത് കൂടെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി സംവിധാനം പൂര്‍ണമായും തകര്‍ന്നു. മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട മൈലുള്ളാംപാറ യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ഡെസ്‌ക്കില്‍ തലകുത്തിയിരുന്ന് കരയുകയാണ് കോരങ്ങാട് ഇബ്രാഹിമിന്റെ മകള്‍ സുലൈഖയും കുടുംബവും. സുലൈഖയും മകന്‍ ഷബീറും മരുമകള്‍ റംഷീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടിയെന്ന് ആരോ വിളിച്ച് പറയുന്നത് കേട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുന്നെ എല്ലാം തീര്‍ന്നിരുന്നു.
പണവും സ്വര്‍ണവും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം എല്ലാം ഒലിച്ച് പോയി. ഇങ്ങനെ നിരവധി കുടുംബങ്ങള്‍.പുതുതായി നിര്‍മിച്ച വീടിന്റെ ഗ്രഹപ്രവേശനത്തിനു ബന്ധു മിത്രാദികളെ ക്ഷണിക്കുന്നതിനിടയിലാണ് കല്ലടിക്കുന്നുമ്മല്‍ മുജീബിനും ഭാര്യ ഷാഹിനക്കും ഇടിത്തീ ആയി ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.
എല്ലുമുറിയെ അധ്വനിച്ചും കടം വാങ്ങിയും വീടെന്ന സ്വപ്‌നം പൂവണിയിക്കുന്നതിനിടയിലാണ് പുഴ മാറി ഒഴുകിയതിനാല്‍ തങ്ങളുടെ വീടിന്റെ അസ്ഥിവാരവും തോണ്ടി പ്രളയ ജലം പാഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss