|    Dec 19 Wed, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണന്താനത്തെ ശാസിച്ചും മുഖ്യമന്ത്രിയെ തലോടിയും ബിജെപി മുഖപത്രം

Published : 28th August 2018 | Posted By: kasim kzm

കോഴിക്കോട്: കേന്ദ്രമന്ത്രി അ ല്‍ഫോണ്‍സ് കണ്ണന്താനത്തെ ശാസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ തലോടിയും ബിജെപി മുഖപത്രം. “ഇക്കുറി മാവേലി വന്നില്ല’ എന്ന തലക്കെട്ടില്‍ ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തിന് വകതിരിവില്ലെന്നും അതിമിടുക്ക് അലോസരമാവുമെന്നുമുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.
കേന്ദ്രമന്ത്രി അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ ഇ പി ജയരാജനും ജി സുധാകരനും കടകംപള്ളിയുമെല്ലാം സാഹചര്യം തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റും ജന്മഭൂമി നല്‍കുന്നുണ്ട്. അതേസമയം, സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രൂക്ഷമായ ഭാഷയിലാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ ധനസഹായം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ വകതിരിവില്ലാത്തതായിരുന്നെന്നും ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടി കൈയടി കിട്ടാനായിരുന്നെന്നും മുഖപ്രസംഗം പറയുന്നു.
രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ബിജെപിയെ കുഴിച്ചുമൂടാന്‍ ദുരന്തമുഖത്തുപോലും അറച്ചുനിന്നില്ല. അവരില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, കേന്ദ്രമന്ത്രി പ്രതികരിക്കുമ്പോള്‍ വകതിരിവ് വേണ്ടെ? കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിനു വേണം. അതു സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അതു നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി കാമറയ്ക്കു മുന്നില്‍ വിളിച്ചുപറഞ്ഞത് മിടുക്കുകാട്ടാനായിരിക്കാം. പക്ഷേ, അതിമിടുക്ക് അലോസരമാവും- പത്രം പറയുന്നു. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായം നല്‍കുന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തെയും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്.
ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്. മുഖ്യമന്ത്രിയും ഇ പി ജയരാജനും ജി സുധാകരനും കടകംപള്ളിയുമൊക്കെ അതു തിരിച്ചറിയുന്നു. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുംപോലെയായി 700 കോടിയുടെ കാര്യം. ഇത്തരം കോമാളിരാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ മാവേലി എങ്ങനെ വരും എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss