|    Oct 24 Wed, 2018 4:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണന്താനത്തിന്റെ മന്ത്രിപദം : കേന്ദ്രം കണ്ണുരുട്ടി ; സ്വീകരണമൊരുക്കി സംസ്ഥാന ബിജെപി

Published : 9th September 2017 | Posted By: fsq

 

എ എം ഷമീര്‍ അഹ്മദ്

തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തെ മോദി മന്ത്രിസഭയിലെടുത്തതില്‍ പ്രതിഷേധം തുടരുന്ന ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വത്തിന്റെ ശാസന. ചക്കളത്തിപ്പോര് അവസാനിപ്പിച്ച് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കേരള നേതാക്കളോട് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആവശ്യപ്പെട്ടു. മന്ത്രിയായ ശേഷവും കണ്ണന്താനത്തെ പരിഗണിക്കാത്ത സംസ്ഥാന ബിജെപി നേതാക്കളെ കടുത്ത ഭാഷയില്‍ അമിത്ഷാ വിമര്‍ശിച്ചതായാണ് വിവരം. ബിജെപിയിലാണെങ്കിലും ഇടതുമനസ്സ് സൂക്ഷിക്കുന്നയാളാണ് കണ്ണന്താനമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുത്തതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് അമിത്ഷായുടെ വിമര്‍ശനം. കണ്ണന്താനം മോദി മന്ത്രിസഭയിലെ അംഗമാണെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന സംസ്ഥാനത്തു ലഭിക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകിയാണെങ്കിലും അദ്ദേഹത്തിനു ബിജെപിയുടെ ബാനറില്‍ സ്വീകരണം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിനു നാളെ രാവിലെ 9.30നു നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംസ്ഥാന ഘടകം ആദ്യ സ്വീകരണം നല്‍കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് എറണാകുളം ജില്ലാ നേതൃത്വം മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് ആനയിക്കും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലും റോഡ്‌ഷോ നടത്തും. ഉച്ചയ്ക്ക് 1.30ന് ദേശീയ നിര്‍വാഹക സമിതിയംഗം പി എസ് ശ്രീധരന്‍പിള്ള റോഡ്‌ഷോ ഉദ്ഘാടനം ചെയ്യും. കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപനം. തുടര്‍ന്നുള്ള യോഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിക്ക് ബിജെപി ജില്ലാ ഘടകം റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 12നു കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകീട്ട് തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും. 15നു ജന്മനാട്ടില്‍ മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലിയുടെ സ്വീകരണമുണ്ട്. അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം എം മണി, ആന്റോ ആന്റണി എംപി, പി ജെ ജോസഫ്, എന്‍ ജയരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും. നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16നു തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നല്‍കും. മുഖ്യ രാഷ്ട്രീയവൈരികളായ സിപിഎമ്മാണ് കേന്ദ്രമന്ത്രിസഭയിലെത്തിയ കണ്ണന്താനത്തിന് അഭിനന്ദനവുമായി ആദ്യം എത്തിയത്. മുഖ്യമന്ത്രി കേരളാഹൗസില്‍ കണ്ണന്താനത്തിന് വിരുന്നു നല്‍കിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കേരളത്തിലെ ബിജെപി പ്രതിരോധത്തിലായി. മോദി മന്ത്രിസഭയില്‍ കേരളത്തിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് വാര്‍ത്താക്കുറിപ്പു പോലും ഇറക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്ത ഘട്ടത്തിലായിരുന്നു സിപിഎമ്മിന്റെ നടപടി. മന്ത്രിസഭാ പുനസ്സംഘടനയില്‍ കേരളത്തില്‍ നിന്നു പ്രതിനിധിയുണ്ടാവുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേട്ടത്. സംസ്ഥാന നേതൃത്വ—വും അത്തരത്തിലുള്ള സൂചനകളാണ് നല്‍കിയിരുന്നത്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകിടംമറിച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് നറുക്കു വീണത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss