|    Jul 23 Mon, 2018 7:56 am
Home   >  Todays Paper  >  Page 5  >  

കണ്ണന്താനത്തിന്റെ പ്രസ്താവന ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആദ്യം ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീട്  മറിച്ചും പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇരട്ടത്താപ്പ് മൂന്നാം ദിനം പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് “ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്തുനിന്നു  ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണിത്. എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നു പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് അല്‍ഫോന്‍സ് ചെയ്തത്. ഇഷ്ടഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ മുന്നില്‍ എത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാരത്തിന് അംഗീകരിക്കാനാവില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസ്സിലാക്കിയാണ് അല്‍ഫോന്‍സ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അല്‍ഫോന്‍സ് കേന്ദ്ര ടൂറിസം മന്ത്രിയായത് കേരളത്തിനു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനു വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കേരളത്തിനും വിനോദസഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യ പ്രസ്താവന. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നറിയാനാണ് കേരളം കാതോര്‍ക്കുന്നത്.സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കുന്ന മോദി സര്‍ക്കാരിന്റെ ഭാഗമാണ് അല്‍ഫോന്‍സ്. ഇദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാരത്തോട് കൂറു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. മലയാളിയായ ഒരു കേന്ദ്രമന്ത്രിക്കും നല്‍കാത്ത വിരുന്നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പിണറായി വിജയന്‍ നല്‍കിയത്. മന്ത്രിയായ ശേഷം അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ആദ്യ പ്രസ്താവന ബീഫിന് എതിരേയാണ്. അതിനാല്‍, പ്രതികരിക്കാനുള്ള ബാധ്യതയില്‍ നിന്നു പിണറായി വിജയന് ഒഴിയാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss