|    Oct 21 Sun, 2018 1:37 am
FLASH NEWS
Home   >  Editpage  >  Editorial  >  

കണ്ണന്താനത്തിന്റെ ആശ്വാസവചനം

Published : 24th September 2017 | Posted By: fsq

അഡ്വ. എസ് എ കരീം, തിരുവനന്തപുരം

പൊന്നോണത്തിന് കേരളത്തിനു ലഭിച്ച കേന്ദ്രമന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. അദ്ദേഹം ഉടുപ്പും തയ്ച്ച് മന്ത്രിയാവാന്‍ കാത്തിരുന്ന ആളല്ല. മന്ത്രിസ്ഥാനം തേടിവന്നതാണ്. വന്ന ഭാഗ്യം പുറംകാലുകൊണ്ട് തട്ടിയില്ല. കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയുണ്ടെന്നും അതില്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും കണക്കുകൂട്ടിയ നിരവധിപേര്‍ കേരളത്തിലെ ബിജെപിയിലുണ്ട്. ബിജെപിയെ കൂടാതെ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളിയും കേരളാ കോണ്‍ഗ്രസ്സിലെ പി സി തോമസും ഗോത്രമഹാസഭയിലെ സി കെ ജാനുവും അങ്ങനെ പ്രതീക്ഷിച്ചവരാണ്. എന്നാല്‍, ജേതാവായത് കണ്ണന്താനമാണ്. ഐഎഎസ് പദവിയില്‍ നിന്ന് രാജിവച്ച് സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്നു ജയിച്ച് എംഎല്‍എ ആയ ആളാണ് കണ്ണന്താനം. കാലാവധി കഴിഞ്ഞപ്പോള്‍ ചൊങ്കൊടി താഴെ വച്ച് താമരയുടെ സുഗന്ധമേറ്റ് ബിജെപി നേതാവായ ആളാണ്. ഭരണമികവാണ് മന്ത്രിയാക്കാന്‍ പ്രചോദനം നല്‍കിയതെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍, കേരളത്തിലെ ക്രിസ്ത്യന്‍ വോട്ട്ബാങ്ക് ബിജെപിക്ക് അനുകൂലമാക്കാന്‍ പറ്റിയ ആളായിട്ടാണു നേതൃത്വം കണ്ണന്താനത്തെ കണ്ടത്. അങ്ങനെയാണ് കണ്ണന്താനം മന്ത്രിയായത്. കണ്ണന്താനം മന്ത്രിയായപ്പോള്‍ കേരളത്തിലെ ബിജെപി നേതൃത്വം നിശ്ശബ്ദരായി. കേന്ദ്രനേതൃത്വം കണ്ണുരുട്ടിയപ്പോഴാണ് കേരള നേതൃത്വത്തിന് സ്ഥലകാലബോധമുണ്ടായത്. പിന്നെ സ്വീകരണങ്ങളുടെ ഘോഷയാത്രയായി. പദവിയിലിരുന്നുകൊണ്ട് കണ്ണന്താനം പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് ഇതാണ്: എല്ലാ മതത്തിലും അമിത വിശ്വാസമുള്ളവരുണ്ട്. അവര്‍ ചെയ്യുന്ന കൂട്ടക്കൊലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്രസര്‍ക്കാരിനെയോ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. നമ്മുടേത് മതേതര ജനാധിപത്യ രാജ്യമാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ബിജെപിയുടെ പ്രധാനമന്ത്രിയും അവരുടെ സര്‍ക്കാരുമാണ്. കഴിഞ്ഞകാലങ്ങളില്‍ രാജ്യം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്തമായ ഒരാശയത്തിന്റെയും ആദര്‍ശത്തിന്റെയും പരിവേഷമായിരുന്നു. രാജ്യത്ത് ജനിച്ചു വളര്‍ന്നു ജീവിക്കുന്നവരെല്ലാം തുല്യരാണ്. എന്നാല്‍, അങ്ങനെ ഒരു തുല്യത രാജ്യത്ത് നിലനില്‍ക്കുന്നില്ല. അവര്‍ മുന്നില്‍ കാണുന്നത് ഹിന്ദുരാഷ്ട്രവും ഹിന്ദുജനതയുമാണ്. മറ്റൊരു ജനതയും അവര്‍ക്കു മനുഷ്യരുമല്ല, ജനതയുമല്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും സിഖുകാരും രാജ്യത്ത് ജനിച്ചുവളര്‍ന്നവരാണ്. ഇവരെ കടന്നാക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നത് പശുവിന്റെ പേരിലോ ഭീകരതയുടെ പേരിലോ മാവോവാദത്തിന്റെ പേരിലോ ആണ്. എന്നാല്‍, സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ പ്രതികരിക്കാതെ പാറപോലെ നില്‍ക്കുന്നു. പ്രതിഷേധിക്കുകപോലും ചെയ്യുന്നില്ല. അതാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയം. കണ്ണന്താനം പറയുന്നതുപോലെ എല്ലാ ജാതിയിലും മതത്തിലും അമിത വിശ്വാസവും സ്‌നേഹവും ഉള്ളവരുണ്ട്. അവരാരും തന്റേതല്ലാത്ത വിശ്വാസികളെ കടന്നാക്രമിക്കുകയോ പീഡിപ്പിക്കുകയോ കൊന്ന് കുഴിച്ചുമൂടുകയോ ചെയ്യുന്നില്ല. അതൊക്കെ മൊത്തമായും ചില്ലറയായും നടത്തിക്കൊണ്ടിരിക്കുന്നത് ഭൂരിപക്ഷ സമുദായത്തിലെ തീവ്രവിഭാഗമാണ്. അതിന് അവരെ പ്രേരിപ്പിക്കുന്നത് അന്ധമായ വര്‍ഗീയതയും അന്യരോടുള്ള വെറുപ്പുമാണ്. ഇതിനൊക്കെ സര്‍ക്കാര്‍ ചൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാനും കുറ്റവാളികളെ ജയിലിലടയ്ക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് വെള്ളപൂശി, താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു പറയുന്ന മന്ത്രി കണ്ണന്താനത്തിനോടാണ് നിഷ്പക്ഷ ജനതയുടെ പ്രതിഷേധം. ഇത്തരം കാര്യങ്ങളില്‍ അവശ്യം വേണ്ടതു ചെയ്യാന്‍ സര്‍ക്കാരിനേ കഴിയൂ എന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ അവരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കാതെ കുറ്റവാളികളുടെ ഭാഗമായി മാറുന്നതിനെയാണു സമൂഹം എതിര്‍ക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss