|    Oct 20 Sat, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണന്താനം മന്ത്രിയായതുകൊണ്ട് കേരളം ബിജെപിമയമാവില്ല : മാണി

Published : 12th September 2017 | Posted By: fsq

 

കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതുകൊണ്ട് കേരളം മുഴുവന്‍ ബിജെപിമയമാവില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ഒരാള്‍ക്കു കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിച്ചതുകൊണ്ട് സംസ്ഥാനം മുഴുവന്‍ ബിജെപി പിടിച്ചെടുക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രബുദ്ധരാണ് മലയാളികള്‍. മതസൗഹാര്‍ദത്തിനും മതനിരപേക്ഷതയ്ക്കും പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷങ്ങള്‍ക്കു ബിജെപിയിലുള്ള ധാരണയില്‍ മാറ്റമുണ്ടാക്കാന്‍ ഈ നീക്കം ഉപകരിക്കില്ല. ബിജെപിയുടെ നയമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതുമായി ഒത്തുപോവാന്‍ നമുക്കാവുമോയെന്ന് കെ എം മാണി ചോദിച്ചു. കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാവുന്നതും നല്ലതാണ്. കണ്ണന്താനത്തിനു രാഷ്ട്രീയവിജയം നേരുന്നു. അദ്ദേഹം ബിഷപ്പുമാരെ സന്ദര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും മാണി പറഞ്ഞു.ചെന്നിത്തലയുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതു ജനങ്ങളാണ്. കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച് ഉചിതമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും. അടുത്ത തിരഞ്ഞെടുപ്പ് വരട്ടേയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയുണ്ടാവുമ്പോഴെല്ലാം കേരളാ കോണ്‍ഗ്രസ്സിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവുമെന്നായിരുന്നു കെ എം മാണിയുടെ മറുപടി. ഇന്ധനവില വര്‍ധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധികനികുതി വരുമാനം വേണ്ടെന്നുവയ്ക്കാല്‍ സര്‍ക്കാര്‍ തയ്യാറാവണം. മദ്യവ്യവസായികളെ സഹായിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. മുന്‍കരുതലില്ലാതെ നോട്ടുനിരോധനം നടപ്പാക്കിയപ്പോള്‍ 15 ലക്ഷം കോടിയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്‍, കള്ളപ്പണത്തിന്റെ യാതൊരു കണക്കും കേന്ദ്രം ഇതുവരെയായും പുറത്തുവിട്ടിട്ടില്ല. നോട്ടുനിരോധനം കള്ളപ്പണം പിടിച്ചെടുക്കാന്‍ സഹായിച്ചില്ല എന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. ജിഎസ്ടി വരുമ്പോള്‍ നികുതി കുറയുമെന്നു പറഞ്ഞെങ്കിലും വില വര്‍ധിക്കുകയാണ് ചെയ്തത്. മോദി പറഞ്ഞ അച്ഛാദിന്‍ സങ്കല്‍പത്തില്‍ നല്ല ഒരുദിവസവും ഇതുവരെയായുമുണ്ടായിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss