|    Oct 19 Fri, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്ണന്താനം: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി നീക്കം

Published : 13th September 2017 | Posted By: fsq

 

കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തെ മുന്‍നിര്‍ത്തി മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി നീക്കം തുടങ്ങി. മതന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ കേരളത്തില്‍ വളരാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് കണ്ണന്താനത്തെ മന്ത്രിയാക്കി ഇത്തരത്തിലൊരു നീക്കം നടത്താന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. അല്‍ഫോന്‍സിലൂടെ കേരളത്തിലെ പ്രമുഖ ന്യൂനപക്ഷമായ ക്രൈസ്തവരെ കൂടെ നിര്‍ത്തി അധികാരം നേടാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ കണ്ണന്താനം സ്വയമേറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായിരുന്നു ക്രിസ്തുവിനെയും മോദിയേയും താരതമ്യം ചെയ്തുള്ള പ്രസ്താവന. ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരെയാണ് ഔദ്യോഗിക പരിപാടികള്‍പോലും റദ്ദാക്കിയുള്ള സന്ദര്‍ശനം. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഉള്‍പ്പെടെയുള്ള സഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ്‌നല്‍കി. കണ്ണന്താനത്തില്‍ സഭയ്ക്കു വിശ്വാസമുണ്ടെന്ന് രൂപതാധ്യ—ക്ഷന്‍മാര്‍ പ്രതികരിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ മതമേലധ്യക്ഷന്‍മാരുമായി കണ്ണന്താനം കൂടിക്കാഴ്ച നടത്തും. ക്രൈസ്തവസഭകളെ കൂടെക്കൂട്ടാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കം ഫലം കണ്ടുതുടങ്ങിയ സൂചനയാണ് 15ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണം. ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള എക്യുമെനിക്കല്‍ കൗണ്‍സിലുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്‍  കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ സഭയുടെ നിലപാടുകള്‍ക്ക് ഒപ്പമായിരുന്നില്ല. ഈ പ്രശ്‌നത്തിനും കൂടിക്കാഴ്ചയിലൂടെ പരിഹാരം കാണാനാവുമെന്ന് സഭ പ്രതീക്ഷിക്കുന്നു. അതേസമയം, ബിജെപിയുടെ പ്രമുഖ നേതാക്കളെയൊന്നും പരിഗണിക്കാതെ കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയില്‍ കണ്ണന്താനത്തിന് നറുക്കുവീണതില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ ഉടലെടുത്ത അമര്‍ഷത്തിന് അയവുവന്നിട്ടില്ല. എങ്കിലും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്‍ക്കശ നിലപാടിനെത്തുടര്‍ന്ന് കണ്ണന്താനത്തിന്റെ സ്വീകരണചടങ്ങുകളില്‍ കേരളഘടകം സജീവമായി രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss