|    Jun 23 Sat, 2018 9:58 am
FLASH NEWS

കണ്ണടച്ചുതുറക്കും മുമ്പേ എല്ലാം സംഭവിച്ചു; ഞെട്ടല്‍ വിട്ടുമാറാതെ പരിക്കേറ്റവര്‍; സഹോദരി പോയതറിയാതെ ജോഹന്‍

Published : 9th October 2016 | Posted By: SMR

തൃശൂര്‍: എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ഓര്‍മയില്ല, ചീറിപ്പാഞ്ഞ് തങ്ങളുടെ മുന്നിലേക്ക് വന്ന ഇന്നോവാകാര്‍ മാത്രമേ ഓര്‍മയുള്ളൂ. ബോധം വീണ്ടുകിട്ടുമ്പോള്‍ ആശുപത്രി കിടക്കയിലാണ്. തൃശൂര്‍ അമല ആശുപത്രിക്ക് സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ അനീഷ് പറയുന്നു.
സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം പല ദിക്കില്‍നിന്നുള്ളവരായിരുന്നു.
അപകടസമയത്ത് പത്തോളം പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വേഗത്തില്‍വന്ന കാര്‍ ഞൊടിയിടയിലാണ് ബസ് സ്റ്റാന്റിലേക്ക് ഇടിച്ചുകയറിത്. അതിനാല്‍ ബസ് സ്റ്റാന്റിലുണ്ടായിരുന്ന ആര്‍ക്കും ഓടിമാറാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ ബസ് ഷെല്‍ട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സ്റ്റീല്‍ തൂണുകളുടെ അകത്തെ ഇരുമ്പുകമ്പികള്‍ പുറത്തേക്ക് വന്നു. സ്റ്റോപ്പിലെ സ്റ്റീല്‍ ഇരിപ്പിടങ്ങളും പൊളിഞ്ഞു.  അത്രമാത്രം ശക്തമായിരുന്നു ഇടി. ഇരുമ്പു ബാരിക്കേഡുകള്‍ക്കും തൂണിലെ ഇരുമ്പു കമ്പികള്‍ക്കും കാറിനുമിടയില്‍ കുടുങ്ങിയ മിഷേല്‍ ചാക്കോയെ നാട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കമ്പികള്‍ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മിഷേല്‍ മരിച്ചിരുന്നു. മിഷേലിന്റെ അമ്മ മെര്‍ലിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറുവയസുകാരനായ സഹോദരന്‍ ജോഹന്റെ തലയ്ക്കും കാലിനുമാണ് പരിക്ക്. ചേച്ചി മരിച്ചതറിയാതെ ഇടയ്ക്കിടക്ക് ജോഹന്‍ മിഷേലിനെ അന്വേഷിക്കുന്നത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മിഷേലും കുടുംബവും പൂജ അവധിക്ക് പറപ്പൂരിലുള്ള ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. അമ്മയുടെ വീടായ കോതമംഗലത്തേക്ക് പോവാന്‍  ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. മിഷേലിന്റെ പിതാവ് ചാക്കോക്ക് ബംഗ്ലൂരില്‍ ബിസിനസ് ആണ്. തിരക്കുകാരണം ചാക്കോ വന്നിരുന്നില്ല. മിഷേല്‍ ബാംഗ്ലൂരിലെ സെന്റ് തോമസ് കോളജിലെ ബികോം ആദ്യവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.
മരിച്ച ചീരങ്കേരി സ്വദേശി ഗംഗാധരന്‍ രാവിലെ ചായകുടിക്കാനായി ആശുപത്രിക്ക് സമീപത്തെ ചായക്കടയില്‍ എത്തിയതായിരുന്നു. ഡ്രൈവറായിരുന്ന ഗംഗാധരന് നേരെത്തേയുണ്ടായ ഒരപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു.  ഭാര്യ സരോജിനി, മകള്‍ മിനി, മരുമകന്‍:ഗോപി. ആശുപത്രിയില്‍ ചികില്‍സയിലുള്ള ഉമ്മയ്ക്കരികില്‍നിന്നും ഹംസ ഇറങ്ങിവന്നത് മരണത്തിലേക്കായിരുന്നു. കുന്നംകുളം ഞെമനേങ്ങാട് കരുവമ്പായി നമസ്‌കാര പള്ളിക്കുസമീപം മഞ്ഞിങ്ങിയില്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ ഹംസ അമല ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉമ്മയുടെ ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. മാതാവിന് ചായവാങ്ങുന്നതിനായി ബസ് സ്റ്റാന്റിനു സമീപത്തെ ചായക്കടയില്‍ എത്തിയതായിരുന്നു.
ഇടിയുടെ ആഘാതത്തിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഹംസ മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പോലിസിന്റെ നിഗമനം.
എന്നാല്‍ റോഡിനുകുറുകെ കയറിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിത്തിരിച്ചപ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ പോലിസ് ഇക്കാര്യം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തളിപ്പറമ്പില്‍നിന്നും വാങ്ങിയ സെക്കന്റ് ഹാന്റ് ഇന്നോവാ കാറുമായി എറണാകുളത്തേക്ക് വരികയായിരുന്നു കാറിലുണ്ടായിരുന്നവര്‍. വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.
അപകടവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ അമലനഗറിലെത്തിച്ചേര്‍ന്നു. രാവിലെയായതിനാ ല്‍ സ്റ്റോപ്പില്‍ തിരക്കുണ്ടായിരുന്നത്. തൃശൂരിലേക്കുള്ള ബസ് കാത്ത് സാധാരണയായി നിരവധിപേരാണ് ഇവിടെ നില്‍ക്കാറുള്ളത്. ഓഫിസുകളിലേക്കും സ്‌കൂള്‍ കോളജുകളിലേക്കും പോകാനുള്ളവര്‍ ഇവിടെയുണ്ടാവാറുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പേരാമംഗലം പോലിസും തൃശൂര്‍ ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍മാരായ നൗഷാദ്, ശരത്, സന്തോഷ്, അജു, അനില്‍കുമാര്‍, വിപിന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss