|    Oct 20 Fri, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതികളിലെ അപാകത പിഎസി അന്വേഷിക്കും

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊച്ചിന്‍ പോര്‍ട്ട്, ബോംബെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് എന്നിവ ദുബയ് പോര്‍ട്ടുമായി നടത്തിയ സ്വകാര്യ- പൊതു പങ്കാളിത്തത്തോടുകൂടിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതികളിലെ അപാകതകളെക്കുറിച്ച് സിഎജിയുടെ 2015ലെ 49ാം റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍, പ്രഫ. കെ വി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) അടുത്തമാസം 30നു ബോംബെയില്‍ വിശദമായി അന്വേഷിക്കാന്‍ തിരുമാനിച്ചു. 2004 ജനുവരിയിലാണ് കൊച്ചിന്‍ പോര്‍ട്ട്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്വകാര്യ- പൊതു പങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചത്.
അതിലെ ഒരു സുപ്രധാന തീരുമാനം നിലവിലുള്ള രാജീവ് ഗാന്ധി ടെര്‍മിനലിന്റെ പ്രവര്‍ത്തനം പ്രതിവര്‍ഷം നാലുലക്ഷം കണ്ടെയ്‌നറായി ഉയര്‍ന്നതിനു ശേഷമേ വല്ലാര്‍പാടത്ത് പുതിയ ടെര്‍മിനല്‍ തുടങ്ങാവൂ എന്നായിരുന്നു. എന്നാല്‍, രാജീവ്ഗാന്ധി ടെര്‍മിനല്‍ പദ്ധതി പൂര്‍ത്തിയാക്കാതെ വല്ലാര്‍പാടത്തേക്ക് ദുബയ് പോര്‍ട്ട് നീങ്ങുകയായിരുന്നു. അതോടെ കൊച്ചി രാജീവ് ഗാന്ധി ടെര്‍മിനല്‍ നിര്‍ജീവമായി. 40.23 കോടി രൂപയുടെ ആനുകൂല്യം അനധികൃതമായി ദുബയ് പോര്‍ട്ടിന് ലഭ്യമാക്കി റോയല്‍റ്റിയില്‍ ഇളവുവരുത്തി. എന്നാല്‍, കൂടുതല്‍ ബാധ്യത വന്നത് കൊച്ചി തുറമുഖ ട്രസ്റ്റിനാണ്.
സമാനമായിത്തന്നെ ബോംബെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിലും ദുബയ് പോര്‍ട്ടിന് അനുകൂലമായി ടെന്‍ഡര്‍ നടപടികള്‍ മനപ്പൂര്‍വം തെറ്റിച്ചു എന്ന് സിഎജി കണ്ടുപിടിച്ചു. കൊച്ചി, ബോംബെ തുറമുഖങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ തെറ്റിച്ച് ദുബയ് പോര്‍ട്ടിന് അനുകൂലമായ നടപടികള്‍ എടുത്തതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനാണ് പ്രഫ. കെ വി തോമസ് ചെയര്‍മാനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക