|    Jul 19 Thu, 2018 9:07 pm
FLASH NEWS

കണ്ടശാംകടവ് ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫി ജലോല്‍സവം: പുളിങ്കുന്ന് ചുണ്ടന്‍ജേതാവ്

Published : 7th September 2017 | Posted By: fsq

 

അന്തിക്കാട്: കണ്ടശാംകടവ് ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫി ജലോല്‍സവത്തില്‍ ജലരാജാവ് പുളിങ്കുന്ന് ചുണ്ടന്‍’ ജേതാവ്. ചുരുളന്‍ എ ഗ്രേഡില്‍ ഹനുമാന്‍ വള്ളവും ബി ഗ്രേഡില്‍ ചെറിയ പണ്ഡിതനും ജേതാക്കളായി. കനോലി പുഴയുടെ ഇരുകരകളിലേയും തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി നടന്ന മല്‍സരത്തില്‍ മഹാദേവന്‍ ചുണ്ടനെ ഒരു വള്ളപ്പാട് വ്യത്യാസത്തില്‍ പിന്തള്ളിയാണ് കുഞ്ഞിമോന്‍ ക്യാപ്റ്റനായ എടത്വ ടൗണ്‍ ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് ചുണ്ടന്‍ ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടത്. ‘ബി.ബി.സി. മുട്ടാര്‍ ക്ലബാണ് രണ്ടാംസ്ഥാനം നേടിയ മഹാദേവന്‍ ചുണ്ടന്‍ തുഴഞ്ഞത്. തായങ്കരി ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് ചുണ്ടനാണ് മൂന്നാം സ്ഥാനം. ചുരുളന്‍ വള്ളങ്ങളുടെ എ ഗ്രേഡ് ഫൈനലില്‍ നടുവില്‍ക്കര സംഘം ബോട്ട് ക്ലബ് തുഴഞ്ഞ സുകുമാരന്‍ ക്യാപ്റ്റനായ ഹനുമാന്‍ നമ്പര്‍ വണ്‍ വള്ളം ജേതാവായി. വാശിയേറിയ എ ഗ്രേഡ് ഫൈനലില്‍ കണ്ടശാംകടവ് ടൗണ്‍ ബോട്ട് ക്ലബിന്റെ വടക്കുംനാഥന്‍ വള്ളത്തെ മൂന്ന് വള്ളപ്പാട് വ്യത്യാസത്തില്‍ പിന്തള്ളിയാണ് ഹനുമാന്‍ വള്ളം ജേതാവായത്. ഒരുമനയൂര്‍ ശ്രീ മുരുക ബോട്ട് ക്ലബിന്റെ വലിയ പണ്ഡിതനാണ് മൂന്നാം സ്ഥാനം. ചുരുളന്‍ ബി ഗ്രേഡ് ഫൈനലില്‍ കല്ലുകടവ് വന്നേരി ബോട്ട് ക്ലബിന്റെ ചെറിയ പണ്ഡിതന്‍ വള്ളം ഒന്നാമതായി. പാടൂര്‍ യുവജന കലാസമിതിയുടെ മയില്‍ വാഹനം വള്ളം രണ്ടാം സ്ഥാനവും താന്ന്യം മുപ്പട്ടിത്തറ ന്യൂ ബ്രദേഴ്‌സിന്റെ ജിബി തട്ടകന്‍ മൂന്നാം സ്ഥാനവും നേടി. നീന്തല്‍ മല്‍സരത്തില്‍ കനോലിപുഴ കുറുകെ നീന്തിയ കൃഷ്ണന്‍ ഒന്നാം സ്ഥാനവും സതീഷ് യു പി തുരുത്ത് രണ്ടാം സ്ഥാനവും നേടി. പത്ത് വയസുകാരന്‍ ജീവ ജെയ്‌മോന്‍ ജലശയന പ്രദക്ഷിണം നടത്തിയത് കൗതുക കാഴ്ചയായി. നേരത്തെ ജലോല്‍സവം കൃഷിമന്ത്രി വി എസ്.സുനില്‍കുമാര്‍ ഉദ്ഘടനം ചെയ്തു. കണ്ടശാംകടവ് ജലോല്‍സവത്തിന് അടുത്ത വര്‍ഷം സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മന്ത്രിയടക്കം ചര്‍ച്ച ചെയ്ത് പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. സി എന്‍ ജയദേവന്‍ എം.പി മല്‍സരങ്ങള്‍ ഫഌഗ് ഓഫ് ചെയ്തു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കഞ്ചേരി, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ് ,പി സി ശ്രീദേവി, വി എന്‍ സുര്‍ജിത്ത്, കെ വി വിനോദന്‍ സംസാരിച്ചു. മുരളി പെരുനെല്ലി എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും ചേര്‍ന്ന് വിജയികള്‍ക്ക് ടോഫി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss