|    Jun 21 Thu, 2018 7:32 pm
FLASH NEWS

കണ്ടല്‍വെട്ട്

Published : 7th October 2015 | Posted By: swapna en

 

 വായന/ കല്ലേന്‍ പൊക്കുടന്‍

കണ്ടല്‍ വളര്‍ത്തുന്നതിനുള്ള കല്ലേന്‍ പൊക്കുടന്റെ ശ്രമങ്ങള്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. രാഷ്ട്രീയക്കാര്‍ മുതല്‍ ‘വികസന’ക്കാരായ മുതലാളിമാര്‍ വരെ എതിര്‍പ്പുമായി രംഗത്തുവന്നു. പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികളും മറുപക്ഷത്തായിരുന്നു. ആ സംഘര്‍ഷങ്ങളുടെ ലഘുചിത്രമാണ് പൊക്കുടന്റെ ആത്മകഥയില്‍ നിന്നുള്ള ഈ ഭാഗം

1994 ആയപ്പോഴേക്കും എട്ടു മീറ്റര്‍ വീതിയില്‍ പഴയങ്ങാടിയില്‍നിന്ന് ഏഴോം മൂലയിലെ മുസ്്‌ലിം പള്ളിവരെയുള്ള കോമത്ത് ബണ്ട്, റോഡ് ആക്ക് മാറ്റാന്‍ ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. ആയിരത്തി മുന്നൂറ് മീറ്റര്‍ നരിക്കോട്ടെ കോണ്‍ട്രാക്ടര്‍ പപ്പന് ടെണ്ടര്‍ കൊടുത്തു. പഴയങ്ങാടിയില്‍ നിന്ന് മുട്ടുകണ്ടി നാഷനല്‍ ക്ലബ്ബ് വരെ ഒരു കാസര്‍കോഡുകാരന്‍ കോണ്‍ട്രാക്ട് എടുത്തു. ബണ്ടിന് അരികിലെ ഞാന്‍ നട്ടുവളര്‍ത്തിയ കണ്ടല്‍ ചെടികള്‍ പ്രശ്‌നമാവാന്‍ തുടങ്ങി. ഒ.വി. നാരായണന്‍ റോഡ് പണി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ”ബണ്ടിന്റെ അകത്തുനിന്ന് സ്ഥലം എടുക്കാന്‍ പറ്റില്ല. പുറത്തുനിന്നുതന്നെ എടുക്കണം, എങ്കിലേ കണ്ടല്‍ കൊത്താന്‍ കഴിയൂ” എന്ന് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞുനടന്നു. മുന്‍ കേസിന്റെ കാര്യത്തിലുള്ള വൈരാഗ്യമാണ് ഇവരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. കോണ്‍ട്രാക്ടുകാരും പഞ്ചായത്തും റോഡ് നിര്‍മാണ കമ്മിറ്റിയും ”കണ്ടല്‍ കൊത്തിയാല്‍ മാത്രമേ റോഡ് നിര്‍മിക്കാന്‍ കഴിയൂ” എന്ന് തീരുമാനിച്ചു.
ഞാന്‍ പലവട്ടം സീക്ക്( സൊസൈറ്റി ഫോര്‍ എന്‍വിറോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഓഫ് കേരള)കാരെ കണ്ട് ഇതു തടയാന്‍ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയത്. ഞാനത് പത്മനാഭന്‍ മാഷുമായി പങ്കുവച്ചു. അയാള്‍ അതൊന്നും ഗൗനിച്ചില്ല. ഒരു ദിവസം മാഷെ കാണാന്‍ പയ്യന്നൂരിലേക്ക് ഇറങ്ങിയപ്പോള്‍ ക്ലബ്ബ് പ്രവര്‍ത്തകരെല്ലാം തലയില്‍ വട്ടക്കെട്ടും തോര്‍ത്തുമുണ്ടും ഉടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പഴയങ്ങാടിയില്‍ എത്തുന്നതിനു മുമ്പേ ‘ഗോവിന്ദം’ വിളിയോടെ യുവനേതാവിന്റെ നേതൃത്വത്തില്‍ നാലുവര്‍ഷമായി ആളുയരത്തില്‍ വളര്‍ന്ന്, കാറ്റിനെയും ഒഴുക്കിനെയും തടഞ്ഞ്, ചിട്ടയായി നിന്ന കണ്ടല്‍ച്ചെടികളെ ഓരോന്നായി വെട്ടി വീഴ്ത്തി.
നാട്ടിലെ സമുദായാംഗങ്ങളായ പതിമൂന്നോളം പേരായിരുന്നു കണ്ടല്‍ച്ചെടികള്‍ വെട്ടി നശിപ്പിച്ചത്. ചെങ്ങല്‍ഭാഗത്തെ ഒരു തീയ്യ സമുദായാംഗം കുടിവെള്ളം വിതരണം ചെയ്യാന്‍ സഹായിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായപ്പോള്‍ ഞാന്‍ പയ്യന്നൂരില്‍നിന്ന് മടങ്ങിയെത്തി. പഴയങ്ങാടിയിലെ ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ച വിവരം അറിഞ്ഞു. വരുന്ന വഴിയില്‍ ഞാനത് കണ്ടു. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയപ്പോള്‍ മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്‍ മധുരാജിനെ വിളിച്ചു. മധുരാജ് ഉടനെ ജീപ്പുമായി വന്നു. കണ്ടല്‍ നശിപ്പിച്ചവര്‍ ഫോട്ടോ എടുക്കുന്നത് തടയാന്‍ ശ്രമിച്ചു.
”അങ്ങോട്ട്  പോവുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുത്. ഇത് റോഡിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് റിപോര്‍ട്ട് കൊടുക്കരുത്.”  എന്നു പറഞ്ഞാണ് ഇവര്‍ മധുരാജിനെ തടഞ്ഞത്. ”റോഡായാലും തോടായാലും വിമാനത്താവളമായാലും ഫോട്ടോ എടുക്കും. എന്നെ തടയണ്ട.” മധുരാജ് പറഞ്ഞു. ഫോട്ടോ എടുത്ത് വീട്ടില്‍ വന്നപ്പോള്‍ മധുരാജ് ഇക്കാര്യങ്ങള്‍ എന്നോടു പറഞ്ഞു. നശിപ്പിക്കട്ടെ ചെടികളുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഞാനതിനു തയ്യാറായില്ല. വീട്ടില്‍വച്ചുതന്നെ ചില ഫോട്ടോയെടുത്ത് അവന്‍ പോയി.

പിറ്റേന്ന് വാര്‍ത്ത വന്നു. ഞാന്‍ രാവിലെ പഴയങ്ങാടിയില്‍ ചെന്ന് പത്രം വാങ്ങിവരുമ്പോള്‍ സീക്കിന്റെ പപ്പന്‍ മാഷും ബാബു കാമ്പ്രത്തും മുട്ടുകണ്ടിയിലെ ക്ലബ്ബിന്റെ അടുത്ത് കണ്ടല്‍ കൊത്തിയവരോട് സംസാരിച്ചു നില്‍ക്കുന്നതു കണ്ടു. അവരോടും നേതാവിനോടും ലോഹ്യം പറഞ്ഞ് ഞാന്‍ വീട്ടിലേക്കു നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ ക്ലബ്ബിനടുത്തു നിന്നവര്‍ തമ്മില്‍ ശബ്ദമുയര്‍ത്തി പരസ്പരം സംസാരിക്കുന്നത് കേട്ടു. മീനാക്ഷിയും രഘുമേനോനും രേഖമോളും വഴക്കില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതി വഴിവക്കിലെത്തിയിരുന്നു. ഞാന്‍ ഇതൊന്നും ഗൗനിക്കാതെ നടന്നു. മീനാക്ഷിയെയും മക്കളെയും കൂട്ടി മടങ്ങുമ്പോള്‍ രഘുമോന്‍ തിരിഞ്ഞു നോക്കിയതിന്റെ പേരില്‍ അതില്‍ ഒരാള്‍ എന്നെയും മകനെയും മര്‍ദ്ദിച്ചു. ”ഈ നാട്ടില്‍ നിന്നെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല” എന്ന് മീനാക്ഷിയുടെ മച്ചുനന്‍ ഭീഷണിയുടെ സ്വരത്തില്‍ ഓര്‍മിപ്പിച്ചു. ബാബു കാമ്പ്രത്ത് നിലത്തുവീണ് കിടന്ന എന്റെ കണ്ണട എടുത്തുതന്ന് എന്നോടൊപ്പം വീട്ടിലേക്കു വന്നു. ഈ കൈയേറ്റം വാര്‍ത്തയായി. ഞാന്‍ കേസൊന്നും കൊടുത്തില്ല. എല്ലാ സ്ഥലങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്പാര്‍ട്ടിക്കാരും വന്ന് കണ്ടല്‍ കൊത്തിയവര്‍ക്കെതിരേ കേസ് കൊടുക്കണം എന്ന് എന്നോടാവശ്യപ്പെട്ടു.

”കണ്ടല്‍ കൊത്തിയില്ലേ, കൊത്താതിരിക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ പലവട്ടം നിങ്ങളോട് അത് ആവശ്യപ്പെട്ടിരുന്നു. ഇനി കേസ് കൊടുത്തിട്ട് ഒരു വിപ്ലവം ഉണ്ടാക്കേണ്ട.” ഞാന്‍ നിലപാട് അറിയിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കൃഷ്ണന്‍ മാഷും വൈസ് പ്രസിഡന്റ് ബാലന്‍ മാഷും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ വന്നുകണ്ടു. ഞങ്ങള്‍ ഓഫിസ്മുറിയില്‍ ഇരുന്ന് സംസാരിക്കാന്‍ ആരംഭിച്ചു.
”കണ്ടല്‍ നശിപ്പിച്ചത് ഞങ്ങള്‍ അറിഞ്ഞില്ല. കണ്ടല്‍ നശിപ്പിച്ചവര്‍ക്കെതിരേ കേസ് കൊടുക്കണം എന്നു പറയാനാണ് ഞങ്ങള്‍ വന്നത്. റോഡ് വികസന കമ്മിറ്റി അംഗം ഹമീദ് വിളിച്ചു പറഞ്ഞപ്പോഴാണ് ഞങ്ങള്‍ വിവരം അറിഞ്ഞത്.” അവര്‍ പറഞ്ഞു. ”ആരു കൊത്തിയെന്നും ആരു കൊത്തിച്ചെന്നും എനിക്കറിയാം. കമ്മ്യൂണിസത്തെപ്പറ്റി കൂടുതല്‍ വിദ്യാഭ്യാസമില്ലെങ്കിലും അനുഭവത്തില്‍നിന്നുള്ള അറിവ് എനിക്കുണ്ട്. അതുകൊണ്ട് ഫീസ് കൊടുത്ത് വിപ്ലവമുണ്ടാക്കാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം മീനാക്ഷിയുടെ കൈയില്‍നിന്ന് വെള്ളം വാങ്ങി കുടിച്ച് നിങ്ങള്‍ക്കു പോവാം. ഞാന്‍ എല്ലാം അറിഞ്ഞിരുന്നു.”

ഇത്രയും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. 25 ചെടികള്‍ പൊട്ടിച്ചുകളഞ്ഞപ്പോള്‍ പഴയങ്ങാടി പോലിസ് സ്‌റ്റേഷനില്‍ പരാതികൊടുത്തത് പാര്‍ട്ടിയും പഞ്ചായത്തും ആയിരുന്നു. പതിനായിരത്തിലധികം ചെടികള്‍ ഒന്നരകിലോമീറ്ററോളം കൊത്തിനശിപ്പിച്ചപ്പോള്‍ പാര്‍ട്ടിയോ ദേശാഭിമാനിയോ പ്രതികരിച്ചില്ല എന്നുതന്നെ ഇതില്‍ ഇവരുടെ മൗനാനുവാദവും പങ്കും വ്യക്തമാക്കിയിരുന്നു. പിന്നെ പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും തുടരെ വന്നപ്പോള്‍ ‘സവര്‍ണര്‍ മുട്ടുകണ്ടിയില്‍ വന്നു ജാതീയമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു’ എന്നു കാണിച്ച് ഒരു പത്രറിപോര്‍ട്ട് മനോരമയില്‍ അടിച്ചുവന്നു. ”ആര് എന്തൊക്കെ പറഞ്ഞാലും പൊക്കുടനെ ഞങ്ങള്‍ക്കു വേണം” എന്നാണ് വീട്ടില്‍ വന്നുപോയ സവര്‍ണര്‍ ഇതിനു മറുപടി പറഞ്ഞത്. അതിനിടയില്‍ പഞ്ചായത്തും പാര്‍ട്ടിക്കാരും ”കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചത് നശിച്ചു. ഇനി ഏതായാലും പൊക്കുടന് കണ്ടല്‍വച്ചു പിടിപ്പിക്കാന്‍ പതിനയ്യായിരം രൂപ നല്‍കണം”എന്ന് തീരുമാനമെടുത്തു. ഞാനതിനു നേരിട്ട് മറുപടിയൊന്നും കൊടുത്തില്ല.

”ഏഴോം പഞ്ചായത്തില്‍ ഇനി കണ്ടല്‍ച്ചെടികള്‍ വച്ചു പിടിപ്പിക്കില്ല” ഞാന്‍ പത്രക്കാരോട് പറഞ്ഞു. കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും നിരീക്ഷണങ്ങളും നന്ദുവിന്റെയും സീക്കിന്റെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ മടക്കര മാട്ടൂല്‍ അഴിമുഖത്തിന്റെ കിഴക്ക് തുരുത്തിലുള്ള സര്‍പ്പക്കാവും സ്ഥലവും കാണാന്‍ ചെന്നു. മാട്ടൂലില്‍ തുരുത്തില്‍ 18 ഏക്കര്‍ കണ്ടല്‍ക്കാടുണ്ട്. അതിന്റെ നടുവില്‍ ചെറിയ ഒരു കുടില്‍പോലുള്ള നാഗത്തിന്റെ കാവ്. അവിടെ നല്ല ശുദ്ധജലം കിട്ടുന്ന കിണറുണ്ട്. എല്ലാം നടന്നുകണ്ട് വീഡിയോയില്‍ പകര്‍ത്തി മടക്കരമാട് വരെ പോയി. 15 ഏക്കറോളം മാട്. കണ്ടല്‍ക്കാടൊന്നും ഇല്ലാത്ത മണല്‍പ്പരപ്പുപോലെ വിശാലമായി കിടക്കുന്ന സ്ഥലമാണിത്. മാട്ടൂര്‍ തുരുത്തിലെ സര്‍പ്പക്കാവിനെക്കുറിച്ചു നാട്ടുകാരായ ഹിന്ദുമതവിശ്വാസികള്‍ പറയുന്നത്, മുമ്പ് ദേവസ്ത്രീകള്‍ ധ്യാനിച്ചിരുന്ന സ്ഥലമാണിതെന്നാണ്. അതുകൊണ്ടാണ് കിണറ്റില്‍ ശുദ്ധജലം ലഭിക്കുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ അതിനുചുറ്റും ഏക്കര്‍ കണക്കിന് പടര്‍ന്നു വളര്‍ന്നിരിക്കുന്ന കണ്ടല്‍ച്ചെടികളാണ് ഇതിനു കാരണമെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.

ഞാന്‍ വീട്ടിലേക്കു തിരിച്ചുവന്നു. കണ്ടല്‍ നശിപ്പിച്ച പ്രശ്‌നങ്ങള്‍ക്കും ഈ സന്ദര്‍ശനത്തിനും ശേഷം രണ്ടാമത് ഞാന്‍ തനിച്ച് മടക്കരയിലെ മാട് കാണാന്‍ ചെന്നു. അഴിയോടു ചേര്‍ന്നു നേരെ കിഴക്കുള്ള പ്രദേശമാണിത്. ഞാന്‍ എല്ലാം നോക്കി മനസ്സിലാക്കി മടങ്ങി. സ്വന്തമായി അവിടെ വിത്ത് എത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അത് സഹിച്ച് എത്തിച്ചാലും രാത്രി ആരെങ്കിലും എടുത്തുകളഞ്ഞാല്‍ വിത്തു നഷ്ടപ്പെടും എന്നു മനസ്സിലായി. ഞാന്‍ ഫോറസ്റ്റ് ഓഫിസര്‍ ഉത്തമനെ കാര്യങ്ങള്‍ അറിയിച്ചു.

ഞങ്ങള്‍ കണ്ണൂര്‍ തഹസില്‍ദാറെ ചെന്നു കണ്ടു. ”നിങ്ങള്‍ കണ്ടല്‍ വച്ചുപിടിപ്പിച്ചാല്‍ നമുക്ക് അവിടെ വികസനമൊന്നും നടത്താന്‍ കഴിയില്ല.” അദ്ദേഹം പറഞ്ഞു. ഉത്തമന്‍ നിരാശനായി.  ”അതു പുറമ്പോക്ക് ഭൂമിയാണ്. സമ്മതം വാങ്ങാന്‍ നില്‍ക്കേണ്ട. കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നതില്‍ അവര്‍ക്ക് നിയമപരമായി തടസ്സങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് താമസിക്കേണ്ട”  മടങ്ങിവരുമ്പോള്‍ ഞാന്‍ ഉത്തമനോട് പറഞ്ഞു. ഉടനടി ഞാന്‍ വിത്തുകള്‍ ശേഖരിച്ചുകൊടുത്തു. ഇരിണാവ് റോഡില്‍നിന്ന് കൊച്ചിക്കാരായ മല്‍സ്യത്തൊഴിലാളികളും ദലിതരും താമസിക്കുന്ന സ്ഥലത്തുകൂടി മേല്‍പ്പറഞ്ഞ പുറമ്പോക്കിലേക്ക് ഒരു റോഡ് വെട്ടി. അവിടെ താമസക്കാര്‍ റോഡിനുവേണ്ടി മുറവിളികൂട്ടിക്കൊണ്ടിരുന്ന സമയമായതുകൊണ്ട് നാട്ടുകാര്‍ നല്ല മനസ്സോടെ സഹായിച്ചു. അവര്‍ യോഗം ചേര്‍ന്നു. ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. സുധാകരന്‍ എന്ന നാട്ടുകാരനെ താല്‍ക്കാലിക ശമ്പളത്തില്‍ ചുമതല ഏല്‍പ്പിച്ചു. അന്ന് ഇടതുപക്ഷത്തിന്റെ ഭരണമായിരുന്നു.

 

കണ്ടല്‍ വളര്‍ത്തുന്നതിനുള്ള കല്ലേന്‍ പൊക്കുടന്റെ ശ്രമങ്ങള്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. രാഷ്ട്രീയക്കാര്‍ മുതല്‍ ‘വികസന’ക്കാരായ മുതലാളിമാര്‍ വരെ എതിര്‍പ്പുമായി രംഗത്തുവന്നു. പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികളും മറുപക്ഷത്തായിരുന്നു. ആ സംഘര്‍ഷങ്ങളുടെ ലഘുചിത്രമാണ് പൊക്കുടന്റെ ആത്മകഥയില്‍ നിന്നുള്ള ഈ ഭാഗം.

കടപ്പാട്:എന്റെ ജീവിതം, കല്ലേന്‍ പൊക്കുടന്‍ഡിസി ബുക്‌സ്, കോട്ടയം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss