|    Mar 23 Thu, 2017 10:04 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കണ്ടല്‍ക്കാടുകള്‍ ഇഷ്ട സന്ദര്‍ശന കേന്ദ്രമാവുന്നു

Published : 25th July 2016 | Posted By: sdq

kandal qatarദോഹ: ഹരിതഭംഗി നിറഞ്ഞ രാജ്യത്തെ എട്ടോളം കണ്ടല്‍ക്കാടുകള്‍ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ പരിസ്ഥിതി സ്നേഹികളുടെ ഇഷ്ട സന്ദര്‍ശന കേന്ദ്രമാവുന്നു. പരിസ്ഥിതിയുടെ പ്രാധാന്യവും സംരക്ഷണവും ബോധ്യപ്പെടുത്തുകയാണ് ഖത്തറിലെ കണ്ടല്‍ക്കാടുകള്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് അല്‍ഖോര്‍ അല്‍ തഖീറയിലെ കണ്ടല്‍ക്കാടുകളിലേക്കാണ്. അഞ്ഞൂറു ഹെക്ടറിലധികം വിസ്തൃതിയുള്ള ചെറുതും വലുതുമായ എട്ട് കണ്ടല്‍ക്കാടുകളില്‍ ഏറ്റവും വലുതാണ് തക്കീറയിലേത്. അല്‍വഖ്റ, അല്‍ ശമാല്‍ തുടങ്ങിയ പ്രദേശങ്ങളും കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമാണ്. അല്‍ ഖോറിനു സമീപമുള്ള പര്‍പ്പിള്‍ ദ്വീപും അല്‍തക്കീറയും പിങ്ക് ഫ്ളമിംഗോസ് ഉള്‍പ്പെടെ വിവിധ ഇനം പക്ഷികളുടേയും അപൂര്‍വയിനം മല്‍സ്യങ്ങളുടേയും ആവാസകേന്ദ്രമാണ്.
അമീറിന്റെ പ്രത്യേക ഉത്തരവിലൂടെ ഖത്തറിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന കാര്യങ്ങളൊന്നും ചെയ്യരുതെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതിമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടെ നിരവധിപേരാണ് അല്‍ തഖീറ കണ്ടല്‍ക്കാടുകളിലെത്തുന്നത്. ദോഹയില്‍ നിന്നു 64 കിലോമീറ്റര്‍ അകലെ അല്‍ഖോറിനു വടക്കുമാറിയാണ് അല്‍തക്കീറയിലെ കണ്ടല്‍വനം സ്ഥിതിചെയ്യുന്നത്. പാരിസ്ഥിതികഭംഗി നിറഞ്ഞ ഈ പ്രദേശത്ത് ട്രക്കിങിനും ജലയാത്രയ്ക്കുമായി നിരവധിപേര്‍ എത്തുന്നുണ്ട്. പ്രകൃതി മനോഹാരിത നിറഞ്ഞ ഈ പ്രദേശം കാഴ്ചകളുടെ അപൂര്‍വാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അപൂര്‍വ ജലപക്ഷികളുടെ കേന്ദ്രം കൂടിയാണിത്. കയാക്കിങ്(വഞ്ചി തുഴയല്‍), സ്നോര്‍ക്കെലിങ് എന്നിവയ്ക്കുള്ള സൗകര്യം ഇവിടെയുണ്ട്. അപകടരഹിതമായി വഞ്ചിതുഴയാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് തക്കീറ. വൈകുന്നേരങ്ങളില്‍ പക്ഷികളെ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ ഹരിത വനത്തേക്കാള്‍ പതിന്മടങ്ങ് ശേഷി കണ്ടല്‍ക്കാടുകള്‍ക്കുണ്ട്.
ഗള്‍ഫിലെ കനത്ത ചൂടിനുപോലും വലിയൊരളവോളം ശമനമുണ്ടാക്കുന്നത് മരുഭൂമികളിലെ പച്ചത്തുരുത്തുകളായ കണ്ടല്‍ക്കാടുകളാണ്. വലിയൊരു കാടിനേക്കാള്‍ അമൂല്യമാണ് ഇവയുടെ ജൈവ സമ്പത്ത്. വിവിധയിനം അപൂര്‍വ മല്‍സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക