|    May 24 Wed, 2017 12:27 am
FLASH NEWS

കണ്ടനകം ബിവറേജസില്‍ മദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ നീക്കം

Published : 29th July 2016 | Posted By: SMR

എടപ്പാള്‍: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സമരങ്ങളെ അവഗണിച്ച് കണ്ടനകത്തെ ബീവറേജസ് മദ്യശാല മദ്യത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്താന്‍ വീണ്ടും നീക്കം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനായി നിലവിലെ മദ്യശാലക്കു മുകളില്‍ സൗകര്യപ്രദമായ രീതിയില്‍ മുകള്‍ നിലപണിത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രദേശവാസികളും മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തല്‍ക്കാലം ഉള്‍വലിഞ്ഞ് പ്രക്ഷോഭം അവസാനിച്ചപ്പോള്‍ ആ സന്ദര്‍ഭം മുതലെടുത്താണ് വീണ്ടും സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ നടന്നു വരുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതുതായി പണിത കെട്ടിടത്തിനകത്ത് മദ്യകുപ്പികള്‍ സ്റ്റോക്ക് ചെയ്യുന്നതിനും വില്‍പനക്കുമായി അലമാരകള്‍ സ്ഥാപിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ രാത്രി സമയങ്ങളില്‍ അതീവ രഹസ്യമായാണ് നടക്കുന്നത്.
പൊതുജനങ്ങള്‍ക്കും പരിസവാസികള്‍ക്കും ഏറെ ശല്യമായി മാറിയതും സംസ്ഥാന പാതയോരത്ത് അപകടകരമായ വളവില്‍ സ്ഥിതി ചെയ്യുന്നതുമായി മദ്യശാല തന്നെ ഇവിടെ നിന്നും സ്ഥലം മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യവുമായി ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് പരിസവാസികള്‍. സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന മദ്യശാലകള്‍ മാറ്റണമെന്നു പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ഹൈക്കോടതി പോലും ഇത്തരം മദ്യശാലകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട സഹചര്യത്തിലാണ് നിലവിലുള്ള മദ്യശാലക്കു മുകളില്‍ മദ്യത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനുള്ള നീക്കം നടന്നു വരുന്നത്. ഇടതു സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ മദ്യശാലയുടെ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് അധികൃതര്‍ക്കുള്ളതെന്നാണറിയുന്നത്.
പ്രദേശത്തെ ജനങ്ങളുടെ സൈ്വര ജീവിതത്തിനു തന്നെ ഭീഷണിയായി നിലകൊള്ളുന്ന മദ്യശാല വിപുലീകരിക്കുന്നതിനു പകരം നിലവിലെ മദ്യശാല തന്നെ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജനപക്ഷം കണ്ടനകം സംസ്ഥാന എക്‌സൈസ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day