|    Dec 14 Fri, 2018 10:42 pm
FLASH NEWS

കണ്ടങ്കാളിയിലെ എണ്ണ സംഭരണശാല: രണ്ടാംഘട്ട സമരം തുടങ്ങുന്നു

Published : 8th June 2018 | Posted By: kasim kzm

പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കവ്വായി കായലിനോടു ചേര്‍ന്ന തലോത്ത് വയലില്‍ കേന്ദ്രീകൃത എണ്ണ സംഭരണശാലയ്ക്കു നൂറേക്കറോളം നെല്‍വയലും തണ്ണീര്‍ത്തടവും ഏറ്റെടുത്ത് എണ്ണകമ്പനിക്കു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രണ്ടാംഘട്ട സമരം തുടങ്ങുന്നു. പദ്ധതി ഉപേക്ഷിക്കുന്നതിനുപകരം ജനവിരുദ്ധവും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ പദ്ധതിക്കുവേണ്ടി എണ്ണക്കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ പരിസ്ഥിതി ദിനത്തില്‍തന്നെ സര്‍ക്കാര്‍ ഉത്തരവിടുന്നത് എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണസമിതി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനുവരി 22ന് കലക്ടറുടെ അധ്യക്ഷതയില്‍ പുഞ്ചക്കാട് നടന്ന പബ്ലിക് ഹിയറിങില്‍ പ്രദേശവാസികളായ 1500 ലേറെ പേരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും ഒന്നടങ്കം നിര്‍ദിഷ്ട എണ്ണ സംഭരണ പദ്ധതിക്കു വേണ്ടി തയ്യാറാക്കിയ അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ പരിസ്ഥിതി ആഘാത നിര്‍ണയ റിപ്പോര്‍ട്ട്(ഇഐഎ) തള്ളിക്കളയുകയും പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതുമാണ്. പദ്ധതിക്ക് പാരിസ്ഥിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പ്രസ്തുത പഠനറിപോര്‍ട്ട് വച്ച് നേര്‍വഴിക്ക് പദ്ധതിക്ക് അനുമതി നേടാന്‍ കഴിയില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.
രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ച് ഈമാസം 11ന് വൈകീട്ട് പയ്യന്നൂരില്‍ പ്രതിഷേധപ്രകടനവും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗവും നടത്തും. ജൂലൈ ഒന്നിനു നടക്കുന്ന ജനകീയ കണ്‍വന്‍ഷനോടുകൂടി രണ്ടാംഘട്ട സമരം ശക്തമാക്കും. പദ്ധതിബാധിത മേഖലയില്‍ പ്രചാരണജാഥ സംഘടിപ്പിക്കും. ജനങ്ങളുടെ ആശങ്ക അകറ്റി പരിസ്ഥിതി അനുമതി ലഭിച്ചശേഷം മാത്രമേ എണ്ണ സംഭരണ പദ്ധതിക്കായി  ഭൂമി ഏറ്റെടുക്കാവൂ എന്ന് പയ്യന്നൂര്‍ നഗരസഭയുടെ നിലപാടിനെ തള്ളിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിനെതിരേ നഗരസഭ പ്രമേയം പാസാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്‍മാന്‍ ടി പി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ രാമചന്ദ്രന്‍, എന്‍ കെ ഭാസ്‌കരന്‍, എന്‍ സുബ്രഹ്്മണ്യന്‍, അത്തായി ബാലന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എം സുധാകരന്‍, കെ രാജീവ് കുമാര്‍, നിഷാന്ത് പരിയാരം, കെ പി രാമചന്ദ്രന്‍, ലാലു തെക്കേതലക്കല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss