|    Jan 20 Fri, 2017 3:27 pm
FLASH NEWS

കണ്ടകശ്ശനിയുടെ പഞ്ചവല്‍സര ചരിത്രം

Published : 20th December 2015 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

കണ്ടകശ്ശനി കൊണ്ടേപോവൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഉമ്മന്‍ചാണ്ടി അധികാരമേറ്റനാള്‍ മുതല്‍ ഈ കണ്ടകശ്ശനി അദ്ദേഹത്തോടൊപ്പമുണ്ട്. നേരിയ ഭൂരിപക്ഷമായിരുന്നു ആദ്യത്തെ കണ്ടകശ്ശനി. സര്‍ക്കാര്‍ വൈകാതെ തെറിച്ചുപോവും എന്നായിരുന്നു, മണ്ടയ്ക്ക് വെളിവുള്ളവരെല്ലാം കരുതിയത്. സിപിഎമ്മിലെ പടലപ്പിണക്കങ്ങളും വി എസ് അച്യുതാനന്ദനും മറ്റും കാര്യമായി സഹായിച്ചതിനാല്‍ ഭൂരിപക്ഷം അടിക്കടി കൂടിവന്നു. സര്‍ക്കാരിന് നിവര്‍ന്നുനില്‍ക്കാനായി.
അപ്പോഴല്ലേ, സോളാര്‍, സരിത, ജോപ്പന്‍, ബിജുരാധാകൃഷ്ണന്‍ തുടങ്ങിയ കത്തിവേഷങ്ങള്‍ നിറഞ്ഞാടാന്‍ തുടങ്ങിയത്. പി സി ജോര്‍ജ് എന്ന കറകളഞ്ഞ കേരളാ കോണ്‍ഗ്രസ് മതനിരപേക്ഷവാദിയുടെ തുള്ളലിനും കുറവില്ലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി. ബാര്‍ കോഴ എന്ന പുത്തന്‍ പദപ്രയോഗം മലയാള നിഘണ്ടുവില്‍ സ്ഥാനംപിടിച്ചത് ഇക്കാലത്തെ മഹത്തായ സംഭവമാണല്ലോ.
എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി-കാവിക്കമ്പനി കുറേ വോട്ട് പിടിച്ചതോടെ സംഗതി ഗുലുമാലായി. വെള്ളാപ്പള്ളി കമ്പനി ചോപ്പന്മാരുടെ വോട്ട് ചോര്‍ത്തുമെന്നായിരുന്നു കുഞ്ഞൂഞ്ഞ്-ചെന്നിത്തല-മഹാസുധീരന്‍ ത്രിമൂര്‍ത്തികള്‍ സ്വപ്‌നംകണ്ടു ചിരിച്ചിരുന്നത്. ചോവോന്‍ ജനിച്ചാല്‍ കമ്മ്യൂണിസ്റ്റ് എന്നാണല്ലോ ആപ്തവാക്യം. ചോപ്പന്മാര്‍ പൊട്ടട്ടെ. നമുക്കു തുടര്‍ഭരണം കിട്ടിയാല്‍ പുളിക്കുമോ?
വോട്ടുപെട്ടി വെട്ടിപ്പൊളിച്ചപ്പോഴല്ലേ കണ്ടകശ്ശനിയുടെ ആഴം 50 കുഴല്‍ക്കിണറിനോളം വരുമെന്നു മനസ്സിലായത്. ചോപ്പന്മാര്‍ അടിച്ചുകസറി ഗോളടിച്ചു. മ്മളെ വോട്ട് കാവിക്കമ്പനി അടിച്ചുമാറ്റി.
കണ്ടാല്‍ പഠിച്ചില്ലെങ്കില്‍ കൊണ്ടാല്‍ പഠിക്കും എന്നൊരു ചങ്ങായ് പറഞ്ഞിട്ടുണ്ടല്ലോ. കൊണ്ടുപഠിച്ചപ്പോള്‍ കാവിക്കമ്പനിക്കും വെള്ളാപ്പള്ളി മൊയ്‌ലാളിക്കുമെതിരേ കുരിശുയുദ്ധമായി. വര്‍ഗീയ കോമരങ്ങളെ പാഠംപഠിപ്പിക്കും, അസഹിഷ്ണുത പൊറുപ്പിക്കില്ല, മാട്ടിറച്ചി ഞങ്ങള് പട്ടാപ്പകല് തിന്നും… ഇങ്ങനെ പോയി മുദ്രാവാക്യങ്ങള്‍. കാംഗ്രസ്സിന്റെ ഈ വിപ്ലവസ്വഭാവം കണ്ട്, സിപിഎമ്മുകാര്‍ പേടിച്ചുപോയെന്നാണ് പറയപ്പെടുന്നത്.
മോദി മഹാശയന്റെ ആര്‍ ശങ്കര്‍ വേദിയില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ തഴഞ്ഞതോടെ കണ്ടകശ്ശനിക്ക് പുതിയ അര്‍ഥതലം കൈവന്നു. മോദിക്ക് കത്തയച്ച് ആ വിഷയം മാലോകരെ ബോധ്യപ്പെടുത്തി. പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഒരു സഹതാപതരംഗത്തിന്റെ സാധ്യത ഒത്തുവന്നതാണ്.
അപ്പോഴല്ലേ കുഞ്ഞൂഞ്ഞിനെ തുരത്താന്‍ ചെന്നിത്തലയാശാന്‍ കത്തിന്റെ രൂപത്തില്‍ ചുട്ടകോഴിയെ പറപ്പിച്ചത്. സര്‍ക്കാരില്‍ ന്യൂനപക്ഷ മേധാവിത്വമുണ്ടെന്ന് ആശാന്‍ കണ്ടെത്തിയിരിക്കുന്നു. കത്ത് ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യാന്‍ നാളുകളെടുക്കും. ശീതസംഭരണി യന്ത്രം ഇന്ദിരാഗാന്ധിയുടെ കാലം മുതലേ സജീവമാണ്.
തൊലിപ്പുറം ചൊറിഞ്ഞുള്ള മാറ്റങ്ങള്‍കൊണ്ട് കാര്യമില്ലെന്ന് ആശാന്‍ തുറന്നെഴുതിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. വലിയ ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഈ ശസ്ത്രക്രിയ നടത്താന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍, കത്ത് താനെഴുതിയതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്റെ ഉറവിടം കേരള പോലിസ് അന്വേഷിക്കും. എന്നുവച്ചാല്‍ ആഭ്യന്തരമന്ത്രിയായ ഞാന്‍ തന്നെ അന്വേഷിക്കും.
കത്തിന്റെ ഗുട്ടന്‍സ് ആദ്യം ചിലര്‍ക്ക് പിടികിട്ടിയിരുന്നില്ല. എന്നാല്‍, ലാലി വിന്‍സന്റ് എന്ന ഐ ഗ്രൂപ്പ് മാന്യമഹാവനിത തൊട്ടുപിന്നാലെ ഒരു ഊക്കന്‍ ബോംബ് പൊട്ടിച്ചിരിക്കുന്നു: നേതൃമാറ്റം വേണം. വലിയ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നാണ് ലാലിമോള്‍ പറയുന്നത്. എയിംസിലെ വിദഗ്ധര്‍ മതിയാവുമോ ആവോ! $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക