|    Aug 23 Wed, 2017 8:06 am
FLASH NEWS

കണിയാമ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്‌ : ലീഗ് വിമതനെ പുറത്താക്കി

Published : 7th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കണിയാമ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ച ലീഗ് വിമതനെയും വിമതന് വോട്ട് ചെയ്ത നേതാവിനെയും മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തു. വിമതനെതിരേ ശക്തമായ നടപടി വേണമെന്ന പ്രാദേശിക കമ്മിറ്റിയുടെ ആവശ്യം ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് അവഗണിക്കപ്പെട്ടു. ഒടുവില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുകയായിരുന്നു. ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍ അഹമ്മദ്, ഇയാള്‍ക്ക് വോട്ട് ചെയ്ത ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റ് കെ കെ മുത്തലിബ് എന്നിവരെയാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിമതനായി മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം മുന്‍ പ്രസിഡന്റ് കെ എ രമേശനെ തിരഞ്ഞെടുപ്പ് നടന്ന ജൂലൈ 11നു തന്നെ കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് പി കെ ജോര്‍ജും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നില്ല. തന്‍മൂലം ഇദ്ദേഹത്തെയും പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് വിമതന്‍മാര്‍ക്കായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയം. ജെഡിയു അംഗങ്ങളും വിമതര്‍ക്കാണ് വോട്ട് ചെയ്തത്. ഇവര്‍ക്കെതിരേ ജെഡിയു നേതൃത്വം നടപടിയെടുത്തിട്ടില്ല. ഭരണം കൈയാളിയ കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളിലെ ഗ്രൂപ്പ് പോരാണ് ആദ്യം പരിഹരിക്കേണ്ടത് എന്നാണ് ജെഡിയുവിന്റെ നിലപാട്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് ബാങ്കിനുള്ളത്. കോണ്‍ഗ്രസ് 5, മുസ്ലീം ലീഗ് 4, ജെഡിയു 2 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്യാനായി നടത്തിയ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിലെ രൂക്ഷമായ വിഭാഗീയത വെളിച്ചത്തുവന്നത്. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമായിരുന്നു. രണ്ടാം പകുതിയില്‍ പ്രസിഡന്റ് പദവി ലീഗിനും വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസ്സിനുമാണ് ലഭിക്കേണ്ടത്. കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ ജോര്‍ജായിരുന്നു മുന്‍ പ്രസിഡന്റ്. ലീഗിലെ കെ കെ മുത്തലിബ് വൈസ് പ്രസിഡന്റും. ഇവര്‍ രാജിവച്ച ഒഴിവിലേക്കാണ് ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈജയന്തി പുഷ്പദത്തനായിരുന്നു കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഇവര്‍ക്കെതിരേയാണ് കെ എ രമേശന്‍ മല്‍സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗില്‍ നിന്ന് വി എസ് സിദീഖും എന്‍ അഹമ്മദും മല്‍സരിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ചത് വി എസ് സിദീഖിനെയായിരുന്നു. എന്‍ അഹമ്മദ് മല്‍സരരംഗത്ത് എത്തിയത് ഒരു ജില്ലാ ഭാരവാഹിയുടെ പ്രേരണയിലായിരുന്നു. അഞ്ചിനെതിരേ ആറു വോട്ടുകള്‍ക്കാണ് വിമതര്‍ ജയിച്ചത്. എന്‍ അഹമ്മദിനെതിരേ മുസ്‌ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും രണ്ടു തട്ടിലാണെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ഇവരില്‍ ഒരാളുടെ മൗനാനുവാദത്തോടെയാണ് എന്‍ അഹമ്മദ് വിമതനായി നിന്നത്. അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ കാര്യമായ അനക്കമുണ്ടായില്ല. കണിയാമ്പറ്റ വിഷയത്തില്‍ ജില്ലാ കമ്മിറ്റിയില്‍ ചേരിതിരിവ് ശക്തമായതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക