|    Apr 20 Fri, 2018 2:20 pm
FLASH NEWS

കണിയാമ്പറ്റയില്‍ കലയുടെ നാളുകള്‍

Published : 10th January 2017 | Posted By: fsq

 

കണിയാമ്പറ്റ: 37ാമത് സ്‌കൂള്‍ കലോല്‍സവത്തിന് കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരിതെളിഞ്ഞു. 11 വരെയാണ് ദൃശ്യ-നാദ-വര്‍ണവിസ്മയമൊരുക്കുന്ന കലാമേള. കൗമാരഭാവനകള്‍ നിറദീപമായി വേദിയില്‍ തിളങ്ങും. കലോല്‍സവത്തിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു. ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടേണ്ടത് ഇത്തരം മേളകളില്‍ നിന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാകാരനാവുകയെന്നാല്‍ ഒരു നല്ല മനുഷ്യനാവുക എന്നാണര്‍ഥം. ലോകത്തെ മാറ്റിമറിച്ച വിപ്ലവങ്ങള്‍ക്കു കാരണമായതും നേതൃത്വം നല്‍കിയതും കാലാകാരന്മാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമാണ്. സ്വന്തത്തിലേക്ക് ഒതുങ്ങുന്ന ഇക്കാലത്ത് സ്‌കൂള്‍ കലോല്‍സവങ്ങള്‍ ബഹുസ്വരതയെ പ്രോല്‍സാഹിപ്പിക്കുകയും വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുകയുമാണ് ചെയ്യുന്നത്. ഏകത്വത്തില്‍ കേന്ദ്രീകരിക്കപ്പെടുകയല്ല വേണ്ടത്, വൈവിധ്യങ്ങളാല്‍ സൗന്ദര്യവല്‍ക്കരിക്കുകയും ശാക്തീകരിക്കപ്പെടുകയുമാണ്. ഒരു കലാകാരനോടും സമൂഹം ജാതിയും മതവും ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. സ്വന്തം കഴിവുകേട് കൊണ്ട് പുറന്തള്ളപ്പെടുന്നവര്‍ ജാതിയെയും മതത്തെയും കൂട്ടുപിടിക്കുന്നത് അപഹാസ്യമാണ്. കഴിവും ശേഷിയും പ്രാപ്തിയുമുണ്ടെങ്കില്‍ ആര്‍ക്കും ഏത് ഉന്നതസ്ഥാനത്തും എത്തിച്ചേരാം. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി, ആദ്യത്തെ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായത് കഴിവും പ്രാപ്തിയുമുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, പൊതുമരാത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ജില്ലാ-ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍, അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന കായികമേള സ്വര്‍ണമെഡല്‍ ജേതാവ് ഐ വി ദൃശ്യയെ ചടങ്ങില്‍ ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss