|    Dec 17 Mon, 2018 1:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണിച്ചുകുളങ്ങര കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: വിവാദമായ കണിച്ചുകുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതിയും കൊലയ്ക്ക് ഉപയോഗിച്ച ലോറിയുടെ ഡ്രൈവറുമായ ഉണ്ണിയുടെ വധശിക്ഷ കോടതി ജീവപര്യന്തം തടവായി കുറച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. കൊല നടന്നയുടന്‍ ജയിലിലായ ഇയാള്‍ക്ക് ഇതുവരെ പരോള്‍ പോലും ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇളവ്.
25 വര്‍ഷം കഴിയാതെ ഇയാള്‍ക്ക് യാതൊരു ശിക്ഷാ ഇളവും നല്‍കരുത്. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആറാം പ്രതിയും ഹിമാലയ ഉടമയുമായ സജിത്തിന് 25 വര്‍ഷം കഴിയാതെ ഇളവ് നല്‍കരുതെന്നും സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ അജിത്ത് കുമാര്‍, മൂന്നാം പ്രതിയായ മൃഗം സാജു എന്നിവര്‍ ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ഒന്നാം പ്രതി വാടകക്കൊലയാളിയാണെന്നും സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നും ലക്ഷ്യം വച്ച രമേശിനൊപ്പം മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
ആറാം പ്രതി സജിത്തിന് ഗൂഢാലോചനയില്‍ മുഖ്യ പങ്കുള്ളതായി കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് ശിക്ഷ. മൃഗം സാജുവിനും കൊലയില്‍ പ്രധാന പങ്കുണ്ടെന്നു വിധി പറയുന്നു. അഞ്ചു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച നാലാം പ്രതി ഷിബി, ഏഴാം പ്രതിയും ഹിമാലയ ഗ്രൂപ്പ് ഉടമയുമായ കെ എം ബിനീഷ്, വിചാരണക്കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ച അഞ്ചാം പ്രതി ഉണ്ണികൃഷ്ണന്‍, രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച എട്ടാം പ്രതി ഗോകുലന്‍, മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച 12ാം പ്രതി ഷിബിന്‍ രാജ് എന്നിവരെയാണ് ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.
കേസിലെ ഹിമാലയ ഗ്രൂപ്പ് കമ്പനികളുടെ എംഡി സ്ഥാനം രാജിവച്ച് എവറസ്റ്റ് ചിട്ടി ഫണ്ട് എന്ന സ്ഥാപനം തുടങ്ങിയതിനാണ് രമേശ്, സഹോദരി ലത, അവരുടെ ഡ്രൈവറായ ഷംസുദ്ദീന്‍ എന്നിവരെ അവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ച് കൊലപ്പെടുത്തുന്നത്. കണിച്ചുകുളങ്ങരയില്‍ വച്ച് 2005 ജൂലൈ 20നാണ് സംഭവം നടന്നത്. 2008 മെയ് 17നാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പ്രതികളും ജീവപര്യന്തം തടവ് ലഭിച്ച അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss