|    Jul 24 Mon, 2017 4:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കണികാ പരീക്ഷണ അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

Published : 21st March 2017 | Posted By: fsq

theni-neutrino-test

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന കണികാ പരീക്ഷണ അനുമതി റദ്ദാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഉത്തരവ്. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിക്കായി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് ഇതിനായി പഠനം നടത്തി റിപോര്‍ട്ട് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹരജിയിലാണ് എന്‍ജിടി ചെന്നൈ ബെഞ്ചിന്റെ വിധി. 2010ലായിരുന്നു തേനിയിലെ പൊട്ടിപ്പുറത്ത് കണികാ പരീക്ഷണ കേന്ദ്രത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശന്‍കോട് എന്ന മലയ്ക്കുള്ളില്‍ ഭൂഗര്‍ഭകേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ തുരങ്കം ഇതിനായി നിര്‍മിക്കുമെന്നും പദ്ധതിയിലുണ്ടായിരുന്നു. പദ്ധതിക്കായി 66 ഏക്കര്‍ ഭൂമി തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇതിനോടനുബന്ധിച്ചു മധുര കാമരാജ് സര്‍വകലാശാലയ്ക്കടുത്തായി 33 ഏക്കറില്‍ ഈ പരീക്ഷണശാല സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. പരീക്ഷണത്തിനെതിരേ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.  ഗവേഷണനിലയം ഇടുക്കി അണക്കെട്ടിനെ ബാധിക്കുമെന്നും ചിലര്‍ ആരോപിച്ചിരുന്നു. 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ പരീക്ഷണം. കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങള്‍ മധുരയിലെ പരീക്ഷണശാലയില്‍ കൂട്ടിയോജിപ്പിക്കും.  അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുമെന്ന് കരുതുന്ന കണികാ ഗവേഷണശാലയ്ക്ക് മൊത്തം 1,500 കോടി രൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിച്ചിരുന്നത്. ആണവോര്‍ജ വകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പും ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 100 ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രപഞ്ചോത്പത്തി ഉള്‍പ്പെടെയുള്ള നിരവധി ശാസ്ത്രരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പരീക്ഷണമെന്നു വിലയിരുത്തപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക