|    Apr 19 Thu, 2018 5:33 pm
FLASH NEWS
Home   >  Editpage  >  Article  >  

കണക്കെടുക്കുമ്പോള്‍ നേട്ടം മന്‍മോഹന്്

Published : 29th May 2016 | Posted By: mi.ptk

നിരീക്ഷകന്‍
അങ്ങനെ നരേന്ദ്രമോദിയുടെ മന്ത്രിസഭ മൂന്നാംവര്‍ഷത്തിലേക്ക് കാലെടുത്തുവച്ചുകഴിഞ്ഞു. ഇനിയുള്ള സമയത്തിനുള്ളില്‍ രാജ്യത്ത് തേനും പാലും ഒഴുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഗംഭീര റാലി സംഘടിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുമായാണ് താന്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. പക്ഷേ, കാര്യമായ വരവുചെലവു കണക്കൊന്നും അങ്ങേര് അവതരിപ്പിച്ചതായി കണ്ടില്ല. 2014ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഏതാണ്ട് 240 വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. അവയില്‍ നാല്‍പതെണ്ണത്തില്‍ താഴെ മാത്രമാണ് ഇതിനകം നടപ്പായതെന്ന് ഡല്‍ഹിയിലെ ഒരു എന്‍ജിഒ സംഘം നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ഏതാണ്ടൊരു 150 എണ്ണത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ചുവരുകയാണെന്നും അവര്‍ പറയുന്നു. എന്നുവച്ചാല്‍ പാസ്മാര്‍ക്ക് കിട്ടും എന്നുതന്നെയാണ് അര്‍ഥം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിദേശത്തെ കള്ളപ്പണം പിടികൂടി നാട്ടുകാര്‍ക്ക് വീതിക്കും എന്നൊക്കെ പറഞ്ഞിരുെന്നങ്കിലും അങ്ങനെ വലിയ അന്വേഷണമൊന്നും ആ വകയില്‍ നടക്കുകയുണ്ടായില്ല. കാരണം, കള്ളപ്പണം വിദേശത്ത് കൊണ്ടുപോയി സൂക്ഷിക്കുന്ന കൂട്ടര്‍ തന്നെയാണ് പശുവാദിപ്പാര്‍ട്ടിയുടെ വിദേശത്തെ പ്രമുഖ പിന്തുണക്കാരും കാവിഭക്തന്മാരും. അവരാണ് മോദി വിദേശപര്യടനം നടത്തുന്ന സമയത്ത് ആളെ കൂട്ടി മഹാസമ്മേളനങ്ങള്‍ നടത്തുന്നത്. അവരാണ് പാര്‍ട്ടിയുടെ ചെലവുകാര്യങ്ങള്‍ നോക്കാനായി കൈയയച്ചു പണം സഹായിക്കുന്നത്. അവരാണ് ഭാരതമാതാവിന്റെ സൂപ്പര്‍ ഭക്തജനമായി ലോകമെങ്ങും നിറഞ്ഞുനിന്ന് മോദി ജയ ജയ പാടുന്നത്. എന്നുവച്ചാല്‍ എല്ലാവരും വേണ്ടപ്പെട്ട കൂട്ടരാണ്. അവരുടെ കാശ് തൊട്ടുകളിച്ചാല്‍ കളി കാര്യമാവും. അതുകൊണ്ടാവും കള്ളപ്പണവേട്ടയുടെ പേരിലുള്ള അവകാശവാദമൊന്നും ഇപ്പോള്‍ അങ്ങനെ കേള്‍ക്കാറില്ല. പിന്നെയുള്ളത് കുറേ ബാങ്ക് അക്കൗണ്ട് തുടങ്ങിയതും ഫ്രീയായി പാവപ്പെട്ട നാട്ടുകാര്‍ക്ക് ഗ്യാസ് കണക്ഷന്‍ കൊടുത്തതും കൃഷിക്കാര്‍ക്കും മറ്റും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും വിദേശത്തുനിന്നു വ്യവസായികളെ ഇങ്ങോട്ട് ആകര്‍ഷിച്ചതും മറ്റുമാണ്. ഇതില്‍ പലതും ഇതിനേക്കാള്‍ ഭംഗിയായി നേരത്തേ മന്‍മോഹന്‍സിങിന്റെ ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കി കാണിച്ചുകൊടുത്തതാണെന്ന് പറയാതിരുന്നുകൂടാ. ആ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചെറുതല്ല. വിവരാവകാശനിയമം മുതല്‍ വനവാസികളുടെ അവകാശ സംരക്ഷണ നിയമം വരെയും ഗാര്‍ഹിക പീഡന വിരുദ്ധ നിയമം മുതല്‍ ഭക്ഷ്യസുരക്ഷാനിയമം വരെയും സാധാരണ ജനങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ച നിരവധി വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് മന്‍മോഹന്‍ജി കൊണ്ടുവന്നത്. മോദിയുടെ മാതിരി നാക്കിന് ബലം ഇല്ലാത്തതുകൊണ്ട് പാവം സര്‍ദാര്‍ജി അതൊന്നും പുരപ്പുറത്ത് കേറി ആര്‍ത്തലച്ചില്ല എന്ന കാര്യം നേര്. എന്നാലും നേട്ടങ്ങള്‍ നേട്ടങ്ങള്‍ തന്നെയാണ്. ഗ്യാസിന്റെ കാര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ കണക്ഷന്‍ എന്നു പറയുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. അത് സര്‍ക്കാര്‍വക സമ്മാനമല്ല. ഈ എഴുതുന്ന നിരീക്ഷകന്‍ അടക്കം ഏതാണ്ട് ഒരുകോടി ജനം തങ്ങള്‍ക്ക് ഗ്യാസ് സബ്‌സിഡി വേെണ്ടന്ന് നിശ്ചയിച്ചിട്ടുണ്ട്. 600 രൂപ കൊടുത്ത് ഒരു കുറ്റി വാങ്ങാന്‍ കെല്‍പുള്ള കൂട്ടര്‍ 125 രൂപ സബ്‌സിഡി ഉപേക്ഷിച്ചത് അത് മറ്റുള്ളവര്‍ക്ക് ഗുണമാവണം എന്ന ധാരണയിലാണ്. സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കി എന്നതു ശരി. പക്ഷേ, അതെങ്ങനെയാണ് മോദിയുടെ നേട്ടമാവുക? നാട്ടുകാരുടെ ഔദാര്യം ഏതെങ്കിലും സര്‍ക്കാരിന്റെ കണക്കില്‍ വരവുവയ്ക്കാവുന്നതാണോ? സര്‍ക്കാര്‍ പണം ഇടത്തട്ടുകാര്‍ തട്ടുന്നത് ഒഴിവാക്കാനും ഗുണഭോക്താക്കള്‍ക്ക് അതു നേരിട്ടു ലഭിക്കുന്നത് ഉറപ്പാക്കാനും സര്‍ക്കാരിനു കഴിഞ്ഞെന്നാണ് അവകാശവാദം. ശരി. പക്ഷേ, അതു സംഭവിച്ചത് ആധാര്‍ കാര്‍ഡ് ശക്തമായി നടപ്പാക്കിയതിലൂടെയാണ്. ആരാണ് ആധാര്‍ കൊണ്ടുവന്നത്? മന്‍മോഹന്‍ജി തന്നെ. അതു നടപ്പാക്കുന്ന നേരത്ത് പലവിധ ഉടക്കുകളും പറഞ്ഞ് അതു തടയാന്‍ നോക്കിയ പാര്‍ട്ടിയാണ് ഇപ്പോഴത്തെ ഭരണകക്ഷി. ആധാറിനെ സംബന്ധിച്ച് പൗരന്റെ സ്വകാര്യതപോലുള്ള വിഷയങ്ങളില്‍ ശക്തമായ വിമര്‍ശനമുണ്ട്. പക്ഷേ, അതൊന്നുമായിരുന്നില്ല മോദിപ്പാര്‍ട്ടിയുടെ എതിര്‍പ്പിനു കാരണം. മന്‍മോഹന്‍ നടപ്പാക്കുന്നത് തടയണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തങ്ങളുടെ സ്വന്തം ഭരണനേട്ടങ്ങളായി ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കു കഴിയുന്ന പലതിനും ആധാരമായിരിക്കുന്നതും മന്‍മോഹന്‍ജിയുടെ ആധാര്‍ തന്നെ എന്നത് ഒരു വിരോധാഭാസം മാത്രം.                         ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss