|    Oct 16 Tue, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കണക്കു തീര്‍ത്ത് മെസ്സിയും ബാഴ്‌സയും

Published : 14th September 2017 | Posted By: fsq

 

ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗിന്റെ കഴിഞ്ഞ സീസണില്‍ കിട്ടിയത് ഈ സീസണില്‍ തന്നെ തിരിച്ചു കൊടുത്ത് ബാഴ്‌സലോണ കണക്കുവീട്ടി. കഴിഞ്ഞ സീസണില്‍ ബാഴ്‌സയെ പുറത്താക്കിയ യുവന്റസിനെ ആദ്യ മല്‍സരത്തില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ചപ്പോള്‍ ജിയാന്‍ലുജി ബുഫണ്‍ എന്ന അതികായനായ ഗോള്‍ കീപ്പര്‍ക്കെതിരേ ഗോള്‍ നേടിയിട്ടില്ല എന്ന ചീത്തപ്പേര് സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരുത്തിക്കുറിച്ചു. അതും ഇരട്ട ഗോള്‍ നേട്ടത്തോടെ. ഇരു ടീമുകളും ശക്തമായ നിരയുമായി അണിനിരന്ന കാംപ് നൗവിലെ പോരാട്ടത്തില്‍ വാല്‍വെര്‍ദെയുടെ തന്ത്രങ്ങള്‍ അക്ഷരംപ്രതി പാലിച്ച ബാഴ്‌സയെ ഒരവസരത്തില്‍ പോലും മറികടക്കാന്‍ യുവന്റസിന് സാധിച്ചില്ല. കിട്ടിയ തക്കങ്ങളിലെല്ലാം ഗോളിന് വേണ്ടി പരിശ്രമിച്ച് യുവന്റസ് വിയര്‍ത്തപ്പോള്‍, മറുവശത്ത് കൃത്യമായ കണക്കുകൂട്ടലുകള്‍ കൊണ്ട് ജയം നേടുകയായിരുന്നു മെസ്സിയും കൂട്ടരും. മെസ്സി- സുവാരസ്- ഡെംബലെ ത്രയത്തിന്റെ ആക്രമണ മികവില്‍ ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബാഴ്‌സ അക്കൗണ്ട് തുറന്നു. കരിയറില്‍ ആദ്യമായി ജിയാന്‍ലുജി ബുഫണ്‍ എന്ന വലകാക്കും ഭീമനെ കടന്ന് മെസ്സിയുടെ ഷോട്ട് പാഞ്ഞപ്പോള്‍ അതിനുള്ള അവസരം ഒരുക്കി കൊടുത്തത് ലൂയിസ് സുവാരസ്. രണ്ടാം പകുതിയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ എത്തിയ ബാഴ്‌സലോണ 56ാം മിനിറ്റില്‍ തന്നെ അല്ലെഗ്രിയുടെ ഇറ്റാലിയന്‍ പടയെ വീണ്ടും പരീക്ഷിച്ചു. ഇത്തവണ റാകിച്ചിക് ആയിരുന്നു ഗോള്‍ വേട്ടക്കാരന്‍. അധിക സമയം പിന്നിട്ടില്ല, കാംപ് നൗവിലെ ബാഴ്‌സ ആരാധകരെ ത്രില്ലടിപ്പിച്ചു കൊണ്ട് മെസ്സിയുടെ രണ്ടാം ഗോള്‍ ബുഫണിനെ ഭേദിച്ചു. ഇനിയേസ്റ്റയുടേതായിരുന്നു ഇത്തവണ അസിസ്റ്റ്. ഹിഗ്വെയ്‌നും ഡൈബാലയും ഡഗ്ലസ് കോസ്റ്റയും ഒക്കെ നിറം മങ്ങിയ യുവന്റസിന് മൂന്ന് ഗോള്‍ വഴങ്ങിയിട്ടും പകച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. മികച്ച സേവുമായി ടെര്‍ സ്റ്റെഗനും തിളങ്ങിയതോടെ യുവന്റസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ഇരുടീമുകളും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ ബാഴ്‌സലോണ ജയം നേടി ഒന്നാമതെത്തി. യുവന്റസ് ആവട്ടെ അവസാന സ്ഥാനത്താണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss