|    Jul 26 Wed, 2017 2:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കണക്കുകള്‍ പിഴയ്ക്കുന്നു; ഗാലറികള്‍ ഒഴിഞ്ഞു തന്നെ

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം തുടങ്ങി അഞ്ചു ദിവസം പിന്നിടുമ്പോഴും മിക്ക വേദികളിലും കാണികളില്ലാതെ ഗാലറി ഒഴിഞ്ഞ് കിടക്കുന്നു. ഒളിംപിക്‌സ് തുടങ്ങുന്നതിനു മുമ്പു തന്നെ 84 ശതമാനം വരുന്ന 75 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്ന സംഘാടകരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് മല്‍സരവേദികളിലെ ഇപ്പോഴത്തെ കാഴ്ചകള്‍.
കണക്കുപ്രകാരം ബുക്കു ചെയ്ത ടിക്കറ്റുകളില്‍ നല്ലൊരു ശതമാനവും സ്‌പോണ്‍സര്‍മാര്‍ തന്നെയാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. സ്‌പോണ്‍സര്‍മാര്‍ വാങ്ങിക്കൂട്ടിയ ടിക്കറ്റുകള്‍ക്ക് പോലും കാണികളെ കണ്ടെത്താന്‍ കഴിയാത്തതാണ് കസേരകള്‍ ഒഴിഞ്ഞു കിടക്കാന്‍ പ്രധാന കാരണമായത്. ജനപ്രിയ ഇനങ്ങളിലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടക്കുന്നതായും ആരോപണമുണ്ട്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളും പോലിസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിക്ക വൈറസ് ഭീതി വിദേശികളുടെ വരവിനെയും സാരമായി ബാധിച്ചിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് ഒളിംപിക്‌സ് മല്‍സരങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് പ്രമുഖ താരങ്ങള്‍ പിന്‍മാറിയതും കാണികളെ പിന്നോട്ടടുപ്പിച്ചു. ഇതിനു പുറമേ ഒളിംപിക്‌സ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങളും വേദികളുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും അഭ്യന്തര കാണികളില്‍ വന്‍ കുറവ് വരുത്തി. ഇതിനെല്ലാം പുറമേ പിടിച്ചു പറിക്കാരുടേയും മാഫിയ സംഘങ്ങളുടേയും ഭീഷണിയും റിയോയില്‍ നിന്നു വിദേശ കാണികളെ അകറ്റി.
ഹോക്കി, റഗ്ബി, തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍വരെ ഒഴിഞ്ഞ കസേരകളുമായിട്ടാണ് അരങ്ങേറുന്നത്. ഏറ്റവും ജനപങ്കാളിത്തമുണ്ടായിരുന്നത് ബ്രസീലിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായിരുന്നു. എന്നാല്‍, തങ്ങളുടെ രാജ്യത്തിന്റെ മോശം പ്രകടനവും പുറത്താവലും ബ്രസീല്‍ കാണികളേയും മല്‍സര വേദികളില്‍ നിന്നകറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക