|    Nov 14 Wed, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കഠ്‌വ: മുഖ്യ സാക്ഷിക്ക് കസ്റ്റഡി പീഡനം; സുപ്രിംകോടതി വിശദീകരണം തേടി

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ മുഖ്യസാക്ഷി താലിബ് ഹുസയ്ന്‍ പോലിസ് കസ്റ്റഡിയില്‍ പീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു സുപ്രിംകോടതി വിശദീകരണം തേടി.
ലൈംഗിക പീഡനം, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ആഗസ്ത് 2ന് പോലിസ് താലിബ് ഹുസയ്‌നെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, കസ്റ്റഡിയില്‍ വച്ച് പോലിസ് ക്രൂരമായി പീഡിപ്പിച്ച് തലയോട്ടി തകര്‍ത്തുവെന്നുകാട്ടി താലിബ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
താലിബ് ഹുസയ്‌നു വേണ്ടി ബന്ധുവാണ് സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഇന്നലെ ഹരജി പരിഗണിച്ചത്. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്, സുനില്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നിയമപരമായി പോലിസ് കസ്റ്റഡിയിലുള്ള കേസില്‍ എങ്ങനെയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കാനാവുക എന്നാണ് ഇന്നലെ ഹരജി പരിഗണിച്ച ബെഞ്ച്, ഇന്ദിര ജയ്‌സിങിനോട് ആരാഞ്ഞത്.
കസ്റ്റഡി നിയമപരമാണോ അല്ലേ എന്നതല്ല, കസ്റ്റഡി പീഡനം ഉണ്ടായിട്ടുണ്ടോ എന്നതാണ് ചോദ്യം എന്നായിരുന്നു ഇതിന് ഇന്ദിര ജയ്‌സിങിന്റെ മറുപടി. കേസ് ആഗസ്ത് 21നു വീണ്ടും പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss