|    Dec 10 Mon, 2018 9:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കഠ്‌വ ബലാല്‍സംഗം: അഭിഭാഷകയെ ഒഴിവാക്കി

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ എട്ടു പേര്‍ ചേര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ വച്ച് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് വാദിക്കുന്ന അഭിഭാഷകയെ കുടുംബം ഒഴിവാക്കി. അഭിഭാഷകയായ ദീപിക രജാവത് കേസ് വാദിക്കുന്നതിനായി കോടതിയില്‍ ഹാജരാകാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അഭിഭാഷകയെ മാറ്റിയ കാര്യം വ്യക്തമാക്കി കേസില്‍ വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.
ഇതുവരെയായി കേസില്‍ നൂറു തവണയോളം വാദം കേള്‍ക്കുകയും നൂറോളം സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാല്‍, അഭിഭാഷക രണ്ടു തവണ മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസ് മാറ്റിവയ്ക്കാതെ ദൈനംദിന വിചാരണ നടത്തണമെന്നു നിര്‍ദേശിച്ച് സുപ്രിംകോടതിയാണ് കഠ്‌വയില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് കേസ് മാറ്റിയത്. സംഭവത്തിന്റെ സൂത്രധാരനായ സന്‍ജിറാം അടക്കം എട്ടു പേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ്. ബിജെപി എംഎല്‍എമാരും ജമ്മുവിലെ അഭിഭാഷകരും അടക്കമുള്ളവര്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി രംഗത്തെത്തിയ കേസ് ഏറെ വിവാദമായിരുന്നു.
കഠ്‌വ കേസ് ഏറ്റെടുത്തതു മുതല്‍ ദീപിക രജാവത്തിനെതിരേ സംഘപരിവാര പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സ്വാധീനമാണോ ജീവനു ഭീഷണിയുള്ളതുകൊണ്ടാണോ ദീപിക രജാവത് ഹാജരാകാതിരുന്നതെന്ന് വ്യക്തമല്ല.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss