|    Dec 10 Mon, 2018 6:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഠ്‌വ കൂട്ടബലാല്‍സംഗക്കൊലയില്‍ പ്രതിഷേധംശയനപ്രദക്ഷിണം തടയാന്‍ ആര്‍എസ്എസ് ശ്രമം; ക്ഷേത്രമുറ്റത്ത് സംഘര്‍ഷം

Published : 8th June 2018 | Posted By: kasim kzm

കണ്ണൂര്‍: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണിയുടെ നേതൃത്വത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തുന്നത് തടയാനുള്ള ആര്‍എസ്എസ് ശ്രമം സംഘര്‍ഷത്തിനിടയാക്കി.
ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് നാടകീയ രംഗങ്ങളുണ്ടായത്. കഠ്‌വ കൊലപാതകത്തില്‍ ഹൈന്ദവസമൂഹത്തിന്റെ പ്രായശ്ചിത്തം എന്ന നിലയിലാണ് കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തില്‍ കെ പി രാമനുണ്ണിയും സംഘവും കടലായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണത്തിനെത്തിയത്. രാവിലെ 8.50 ഓടെ കെ പി രാമനുണ്ണി വരുമ്പോള്‍ സിപിഎം വാര്‍ഡ് മെംബര്‍ സി മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി കൂടാളി രാജന്‍, ഡിവൈഎഫ്‌ഐ നേതാവ് ശ്രീരാമന്‍, പഞ്ചായത്തംഗങ്ങളായ സതി, പ്രസന്ന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ വി ശോഭന എന്നിവരും കൂടെയുണ്ടായിരുന്നു. ക്ഷേത്ര കോംപൗണ്ടിലെ ആല്‍മരത്തിനടുത്ത് തന്നെ രാമനുണ്ണിയെ ആര്‍എസ്എസുകാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, ക്ഷേത്രത്തില്‍ സമരാഭാസം അനുവദിക്കില്ലെന്നായിരുന്നു വിഎച്ച്പി, ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി, ബിജെപി നേതാക്കളുള്‍പ്പെടെയുള്ളവരുടെ വാദം. താന്‍ വിശ്വാസപൂര്‍വമാണ് ദര്‍ശനം നടത്തുന്നതെന്നും അനുഷ്ഠാനങ്ങള്‍ ലംഘിക്കില്ലെന്നും രാമനുണ്ണി പറഞ്ഞതോടെ സംഘം അയഞ്ഞു. അമ്പലക്കുളത്തില്‍ മൂന്നുതവണ മുങ്ങി നിവര്‍ന്ന് രാമനുണ്ണി അമ്പലത്തിനുള്ളില്‍ കടന്ന് ശയനപ്രദക്ഷിണത്തിന് ഒരുങ്ങിയതോടെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. അനുഷ്ഠാനങ്ങള്‍ ലംഘിച്ചെന്നായിരുന്നു അരോപണം. ഇതിനെ ചെറുക്കാന്‍ സിപിഎം പ്രവര്‍ത്തകരും ശ്രമിച്ചതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ അടിപിടിയായി. അതിനിടെ, പ്രദക്ഷിണം ഫോട്ടോയെടുത്തെന്നാരോപിച്ചു യുവാവിനെതിരെയും ആര്‍എസ്എസുകാര്‍ കൈയേറ്റത്തിനു ശ്രമിച്ചു. ഇതിനിടെ, രാമനുണ്ണി പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ ഏഴുന്നേറ്റ് ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പോലിസ് സംരക്ഷണത്തി ല്‍ കണ്ണൂരിലേക്ക് പോയി. കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് ക്ഷേത്രത്തിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നത്.
താന്‍ നടത്തിയത് സമരമല്ലെന്നും എല്ലാ മതങ്ങളിലും ജീ ര്‍ണതയുണ്ടെന്നും ഹിന്ദുമതത്തിലെ ജീര്‍ണതയ്‌ക്കെതിരായ പ്രതികരണമാണെന്നും കെ പി രാമനുണ്ണി പറഞ്ഞു. സംഭവത്തില്‍ പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താ ന്‍ ശ്രമിച്ചതിനു ഇരുവിഭാഗത്തിലും പെട്ട 20 പേര്‍ക്കെതിരേ കേസെടുത്തതായി കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss