|    Apr 27 Fri, 2018 2:25 pm
FLASH NEWS

കഠിനംകുളത്തിന്റെ മണ്ണില്‍ ബസ്മതി വിളയിച്ച് ദമ്പതികള്‍

Published : 27th September 2016 | Posted By: SMR

കഴക്കൂട്ടം: പാട്ടത്തിനെടുത്ത രണ്ടേക്കര്‍ ഭൂമിയില്‍ പൊന്നുവിളയിച്ചു ഒരു പ്രദേശത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയാണു ദമ്പതികള്‍. ചിറ്റാറ്റുമുക്ക് കൈപ്പള്ളി റോഡില്‍ കാവോട്ടു മുക്കിലെ റുഫൈതാ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫും ഭാര്യ സാഹിറാ ബീവിയുമാണു നെല്‍കൃഷിയും ജൈവ പച്ചക്കറിയും വിളയിച്ചു കൃഷിയില്‍ പുതിയൊരധ്യായം തുറന്നത്. കടലും കായലും നീര്‍ച്ചാലുകളും സംഗമിക്കുന്ന കഠിനംകുളത്തിന്റെ ഹൃദയത്തിലാണു ദമ്പതികളുടെ കൃഷിഭൂമി.
കാടും പടര്‍പ്പും പടര്‍ന്നുകിടന്ന് ഇഴജന്തുക്കളുടെ താവളമായിരുന്ന സ്ഥലമാണ് ഇവര്‍ ഏറെ കഷ്ടപ്പെട്ടു വൃത്തിയാക്കി പൊന്നുവിളയുന്ന ഭൂമിയാക്കി മാറ്റിയത്. എല്ലാ ദിവസവും വെളുപ്പിന് ഇരുവരും കൃഷിത്തോട്ടത്തിലെത്തും. കളകളും കീടങ്ങളുമെല്ലാം മാറ്റുന്നതാണ്  ആദ്യ ജോലി. ഒരേക്കറോളം വരുന്ന പാടത്തു 130 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ബസ്മതി ഇനത്തില്‍പെട്ട നെല്ലിനമാണ് കൃഷി. എന്നാല്‍ ഇതിനു മുമ്പ് ഉമയെന്ന നെല്ലിനം പാകിയപ്പോള്‍ പെട്ടെന്നു കീടങ്ങള്‍ ബാധിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പാടത്തിനു സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി വിത്ത് എത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ പാടത്തു മാത്രമല്ല, മറ്റ് വയലുകളിലും വളര്‍ന്നുവിരിയാന്‍ നില്‍ക്കുന്നത് വസ്മതിയാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കൃഷിയില്‍ ഏറെ തല്‍പരനായിരുന്നു അബ്ദുല്‍ ലത്തീഫ്.
20 വര്‍ഷത്തെ വിദേശവാസത്തിനു ശേഷമാണ് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ദുല്‍ ലത്തീഫ് നാട്ടിലെത്തിയത്. തുടര്‍ന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായി കൃഷിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരേക്കറോളം വരുന്ന ഭൂമിയില്‍ വഴുതന, തക്കാളി, ചീര, മഞ്ഞള്‍, വെണ്ടക്കാ, പടവലം, കത്തിരിക്ക, മരച്ചീനി തുടങ്ങിയ ഇനങ്ങളിലായി ജൈവ പച്ചക്കറികള്‍ തഴച്ചുവളരുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളെ സഹായിക്കാന്‍ മക്കളായ മുംതാസ് റുഫൈതാ, ഖാലിദ് എന്നിവരും കൃഷിയിടങ്ങളില്‍ എത്താറുണ്ട്. ചാണകവും കോഴിക്കാഷ്ഠവും ഉപയോഗിച്ചുള്ള ജൈവവളമാണ് ഉപയോഗിക്കുന്നത്. വിളയിക്കുന്ന പച്ചക്കറിയും നെല്ലരിയും വാങ്ങാനായി ദിവസവും നിരവധി പേരാണു കൃഷിയിടത്തില്‍ എത്തുന്നത്. പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതു കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി വില്‍ക്കേണ്ട അവസ്ഥയും ഇവര്‍ക്കില്ല. പ്രദേശത്തെ കൃഷിയിറക്കുന്ന കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്ത്രീസംഘങ്ങള്‍ എന്നിവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും അബ്ദുല്‍ ലത്തീഫാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss