|    Dec 10 Mon, 2018 1:04 pm
FLASH NEWS
Home   >  Kerala   >  

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ മരണം 12 ആയി ; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published : 16th June 2018 | Posted By: G.A.G

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ  മൃതദേഹം  കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്ത് (26), നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന്‍ (4), മുഹമ്മദ്റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ശനിയാഴ്ച പകല്‍ മൂന്നരയോടെയാണ് ഹസന്റെ വീടിരുന്നതിനും 250 മീറ്ററോളം താഴെ ചളിയില്‍ താഴ്ന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടത്തില്‍ കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെ കൂടി കണ്ടെത്താനുണ്ട്. വിവിധ ഫോഴ്സുകളുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് സമാനതകളില്ലാത്ത തിരച്ചിലാണ് ദുരന്ത പ്രദേശത്ത് നടക്കുന്നത്.
തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിന് കാരാട്ട് റസാക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തിരച്ചിലിനായി കരിഞ്ചോല മലയിലെത്തി. പൊലിസ് നായ മണം പിടിച്ച ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഫയര്‍ ഫോഴ്്സിനെ ഉള്‍പ്പെടുത്തി 10 സംഘങ്ങള്‍ പൂനൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും ആഴത്തില്‍ പരിശോധന നടത്തുന്നതിനുള്ള ലാന്റ് സ്‌കാനര്‍ സംഘം രാത്രി കൊച്ചിയിലെത്തുമെന്നും കാരാട്ട് റസാക്ക് എംഎല്‍എ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂണിറ്റുകള്‍, 280 പേരുള്ള ഫയര്‍ ഫോഴ്സ് വിഭാഗം, 10  സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം  പൊലിസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തുന്നത്. ഏഴ് മണ്ണ് മാന്തി യന്ത്രങ്ങള്‍, പാറപൊട്ടിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചാണ് പരിശോധന. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റും 200 ഫയര്‍ ഫോഴ്സുകാരുമാണ് ഇന്നലെ ദുരന്ത പ്രദേശത്ത് എത്തിയത്. അപകടത്തിന്റ മൂന്നാം ദിവസമായ ഇന്ന്്്് രാവിലെ തിരച്ചിലാരംഭിച്ചപ്പോള്‍ മുകള്‍ ഭാഗത്തെ പാറയുടെ സമീപത്തുനിന്നും രക്തത്തിന്റെ അംശമെന്ന് തോന്നിക്കുന്ന ദ്രവം ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് സമീപത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് രക്തമല്ലെന്ന് വ്യക്തമായി. ഈ ഭാഗത്തെ പാറ പൊട്ടിച്ച് പരിശോധന നടത്തുകയും ചെയ്തു. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ ആരംഭിച്ച മൂന്ന് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗവ. യുപി സ്‌കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, കാരാട്ട് റസാക്ക് എംഎഎല്‍, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിയുക്ത രാജ്യസഭ എംപി എളമരം കരീം, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎഎല്‍മാരായ പുരുഷന്‍ കടലുണ്ടി, ഡോ. എം കെ മുനീര്‍, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, വിവിധ രാഷ്ടീയ പാര്‍ടി നേതാക്കള്‍ എന്നിവരും ദുരന്ത പ്രദേശം സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss