|    Nov 19 Mon, 2018 8:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കട്ടിപ്പാറയും കരിഞ്ചോലമലയും കേരളത്തിലല്ലേ?

Published : 1st July 2018 | Posted By: kasim kzm

അവകാശങ്ങള്‍  നിഷേധങ്ങള്‍  –  അംബിക

ജൂണ്‍ 14നു പുലര്‍ച്ചെയാണ് കോഴിക്കോട് താമരശ്ശേരിക്കടുത്ത കട്ടിപ്പാറ കരിഞ്ചോലമല ദുരന്തഭൂമിയാവുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറണമെങ്കില്‍ ഇനി എത്രകാലം വേണ്ടിവരുമെന്നു പറയാനാവില്ല. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് പറയുന്നത്, ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരെപ്പോലെത്തന്നെ നിരാലംബരും നിസ്സഹായരുമായിരിക്കയാണ് പ്രദേശത്തുള്ള 162 ഓളം കുടുംബങ്ങളും എന്നാണ്. ഇവരില്‍ ചിലരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നു. വീടുകള്‍ക്കു മുകളിലും പരിസരത്തുമായി പാറയും മണ്ണും വന്നു നിറഞ്ഞിരിക്കുന്നു. മാത്രമല്ല, ഏതു സമയവും ഇനിയും എന്തും സംഭവിച്ചേക്കാമെന്ന ഭയവും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഈ കുടുംബങ്ങള്‍ ആരുംതന്നെ സ്വന്തം വീടുകളിലേക്കു തിരിച്ചുപോവാന്‍ തയ്യാറല്ല. ഇപ്പോഴും അവര്‍ പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിന്റെ ഹാളിലും സാംസ്‌കാരിക നിലയത്തിലും ഷോപ്പുകളുടെ വാടകമുറികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അഭയംതേടിയിരിക്കുകയാണ്. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ നാലുലക്ഷം നല്‍കുന്നത്. അതുതന്നെ ആദ്യ ഗഡുവായി 1,01,900 രൂപ മാത്രം. പിന്നെ പണി പൂര്‍ത്തിയാവുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി. വീട് ഭാഗികമായി കേടുപാട് സംഭവിച്ചവര്‍ക്ക് 5200 രൂപ മാത്രം! ഇതൊക്കെ അറിഞ്ഞപ്പോഴാണ് ഇനിയെങ്കിലും നമ്മുടെ മുഖ്യമന്ത്രി ഒന്നവിടെ ചെന്നിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുന്നത്. വീടും കൃഷിയിടവും മറ്റെല്ലാ സാഹചര്യങ്ങളും നഷ്ടപ്പെട്ട ഒരു ജനതയോട് സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്നു പറയാതെ വയ്യ. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടുണ്ടാക്കി നല്‍കുക എന്നതിനപ്പുറം ഒരു നടപടികൊണ്ടും അവിടത്തെ ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവില്ലെന്ന യാഥാര്‍ഥ്യം പ്രദേശം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കു തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ചെറിയ കൃഷിയിടങ്ങളില്‍ കൃഷിചെയ്തും കൂലിപ്പണിയെടുത്തും ജീവിതം മുന്നോട്ടുനീക്കുന്നവരാണവര്‍. ഇരയാക്കപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെന്താ ഈ മനുഷ്യരോടു മാത്രം അവഗണന? പോലിസ് കസ്റ്റഡി കൊലപാതകങ്ങളില്‍ വരെ പ്രതികളില്‍ നിന്നു തുക വസൂലാക്കുന്നതിനു പകരം ഖജനാവില്‍ നിന്നാണു നല്‍കാറുള്ളത്. എന്തായാലും കട്ടിപ്പാറ ദുരിതബാധിതര്‍ക്ക് ഉറ്റവരെ മാത്രമല്ല, അവരുടെ എല്ലാം നഷ്ടമായിരിക്കുന്നു. 152 ഓളം വീടുകളില്‍ ഭൂരിഭാഗവും വിവിധ സര്‍ക്കാര്‍ ഭവനപദ്ധതികളിലൂടെ വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചവരാണ്. കിടപ്പാടവും കൃഷിയിടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം ഒന്നിനും തികയില്ലെന്ന വസ്തുത സര്‍ക്കാരിനൊഴിച്ച് മറ്റെല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. പിന്നെ, കൊട്ടിഘോഷിച്ച ദുരന്തനിവാരണസേനയുടെ കൈവശം ആകെയുണ്ടായിരുന്ന ‘ആധുനിക രക്ഷാപ്രവര്‍ത്തനോപകരണങ്ങള്‍’ പിക്കാസും കൈക്കോട്ടും മാത്രമായിരുന്നത്രേ! സേന എത്താനെടുത്തത് 10 മണിക്കൂറാണെങ്കില്‍ എര്‍ത്ത് സ്‌കാനര്‍ മെഷീന്‍ എത്താന്‍ നാലുദിവസമെടുത്തു. അഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അവസാനത്തെ മൃതദേഹം കണ്ടെത്താനായത്. സുസജ്ജമായ ഒരു ദുരന്തരക്ഷാസേനയുടെ അഭാവവും അധികൃതരുടെ അനാസ്ഥയുമാണ് ഇതു വ്യക്തമാക്കുന്നത്. ഉരുള്‍പൊട്ടലിന്റെ ആദ്യ സൂചന കിട്ടി രണ്ടര മൂന്നുമണിക്കൂറിനു ശേഷമാണ് വലിയ ദുരന്തം നടന്നതെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ലെന്നതാണ് ഏറെ ദുഃഖകരം. ദുരന്തകാരണങ്ങളിലൊന്നായി കണക്കാക്കപ്പെട്ട മലമുകളിലെ കുളത്തിന്റെ കാര്യത്തിലെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. കുളത്തിന് 45 മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ ആഴവുമുണ്ടെന്ന് സിഡബ്ല്യൂആര്‍ഡിഎം നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു കുളം മലമുകളിലുള്ളതായി കട്ടിപ്പാറ പഞ്ചായത്ത് അടക്കമുള്ള ഒരു ഭരണസംവിധാനത്തിനും അറിവില്ലായിരുന്നു. മലമുകളില്‍ ഈ കുളത്തിനു പരിസരത്തായി സ്ഥലം എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. ഈ റോഡിനെക്കുറിച്ചും തദ്ദേശ ഭരണസംവിധാനത്തിന് വിവരങ്ങളൊന്നുമില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. എങ്ങനെയാണ് ഒരു ഗ്രാമപ്പഞ്ചായത്തിന്റെ കീഴില്‍, അതും പരിസ്ഥിതിലോല പ്രദേശത്ത് ഇങ്ങനെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരുമറിയാതെ നടന്നത് എന്നതു ശരിയായ അന്വേഷണത്തിനു വിധേയമാക്കണം. അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍തീം പാര്‍ക്ക് പോലെയോ കൂടുതല്‍ പ്രഹരശേഷിയുള്ള മറ്റെന്തെങ്കിലും വ്യവസായമോ അവിടെ ഉയര്‍ന്നുവരുമായിരുന്നോ? എന്തായാലും മലയോരമേഖലകളില്‍ നടക്കുന്ന ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ തന്നെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം, രാഷ്ട്രീയനേതാക്കളുടെ ബിനാമികളും ഭൂമാഫിയയും മലയോരമേഖലയാകെ വാങ്ങിക്കൂട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിന് ഒത്താശചെയ്യുന്ന ഭരണകൂടമാണു നിലവിലുള്ളത്. അതുകൊണ്ടാണ് ഇത്തരമൊരു ദുരന്തമുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ സത്ത ചോര്‍ത്തുന്ന ഭേദഗതി കൊണ്ടുവരാന്‍ തയ്യാറായത്.                                    ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss