|    Oct 17 Wed, 2018 7:23 pm
FLASH NEWS

കടുവ പോത്തിനെ കൊന്നു : ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published : 15th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ചീരാലില്‍ കൃഷിയിടത്തില്‍ മേയാന്‍വിട്ട പോത്തിനെ കടുവ കൊന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജഡവുമായി പഴൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനും അന്തര്‍സംസ്ഥാന പാതയായ സുല്‍ത്താന്‍ ബത്തേരി-ഊട്ടി റോഡും ഉപരോധിച്ചു. ചീരാല്‍ പടിഞ്ഞാറേ പനച്ചിയില്‍ ഷംസുവിന്റെ രണ്ടര വയസ്സുള്ള പോത്തിനെയാണ് കടുവ കൊന്ന് പാതി ഭക്ഷിച്ചത്. രാവിലെ ആറിന് ഷംസു പോത്തിനെ സ്‌കൂളിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കെട്ടിയതായിരുന്നു. എട്ടോടെ ഷംസു പോത്തിനെ കെട്ടിയ സ്ഥലത്ത് എത്തിയെങ്കിലും കണ്ടില്ല. ഈ സമയം പരസരത്ത് രക്തവും വലിച്ചുകൊണ്ടുപോയ അടയാളവും ശ്രദ്ധയില്‍പെട്ട് അന്വേഷിച്ചു ചെന്നപ്പോള്‍ കടുവ ഓടിമറിയുന്നതാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി തിരഞ്ഞപ്പോഴാണ് കുറ്റിക്കാട്ടില്‍ പാതി ഭക്ഷിച്ച നിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തിയത്.പ്രദേശത്ത് മാസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിട്ടും വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പോത്തിനെ കടുവ കൊന്നതോടെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. ജഡവുമായി ആദ്യം ചീരാല്‍ ടൗണിലെത്തിയ പ്രദേശവാസികള്‍ 10 മിനിറ്റ് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പഴൂര്‍ ചെക്‌പോസ്റ്റിന് മുന്നില്‍ ജഡവുമായി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. അര കിലോമീറ്റര്‍ താഴെ നമ്പിക്കൊല്ലിയിലും റോഡ് ഉപരോധം നടത്തി. ചീരാല്‍ പ്രദേശങ്ങളിലെ കടുവശല്യത്തിന് പരിഹാരം കാണുക, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. തുടര്‍ന്ന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം ജെ സണ്ണി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ പി സാജന്‍, മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത, സുല്‍ത്താന്‍ ബത്തേരി സിഐ എം ഡി സുനില്‍, എസ്‌ഐ ബിജു ആന്റണി എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം 48 മണിക്കൂറിനകം പോത്തിന്റെ ഉടമസ്ഥന് നല്‍കുമെന്നും കടുവയെ പിടികൂടാന്‍ ഇന്നുതന്നെ കൂട് സ്ഥാപിക്കുമെന്നും റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വി ടി ബേബി, പി എം ജോയി, കെ ആര്‍ സാജന്‍, എം എ സുരേഷ്, കെ രാജഗോപലന്‍, കെ സി കെ തങ്ങള്‍, കെ ശശാങ്കന്‍, സുബ്രഹ്മണ്യന്‍, ശിവശങ്കരന്‍ സമരത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss