കടുവ തൊഴിലാളിയെ കൊന്നു തിന്ന സംഭവം: ഭീതിയിലാഴ്ന്ന് അതിര്‍ത്തി മേഖല
Published : 13th March 2016 | Posted By: SMR
ഗൂഡല്ലൂര്‍: ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ മലയോര മേഖലയായ കേരള-തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ മേഖലയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടത് ഗൂഡല്ലൂര്‍ മേഖലയെ ഭീതിയിലാഴ്ത്തി.
ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റ് തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മകുവോറ (50)യാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വീട്ടില്‍ നിന്ന് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. കടുവ കടിച്ചു കൊണ്ടുപോയത് അറിയാതെ ബന്ധുക്കള്‍ വീട്ടില്‍ ഇയാളെ കാത്തിരുന്നു.
ഇന്നലെ രാവിലെയാണ് വനത്തില്‍ അര കിലോമീറ്റര്‍ അകലെ മകുവോറയുടെ കടുവ ഭക്ഷിച്ച ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2015 ഫെബ്രുവരി 14ന് ബിദര്‍ക്കാട് കൈവെട്ട ഓടോടംവയല്‍ സ്വദേശി മുത്തുലക്ഷ്മിയെ കടുവ കടിച്ചു കൊന്നിരുന്നു.
പാട്ടവയല്‍ ചോലക്കടവില്‍ തേയില തോട്ടത്തില്‍ വെച്ചാണ് ജോലിയെടുക്കുന്നതിനിടെ ഇവരെ കടുവ ആക്രമിച്ചിരുന്നത്. അന്ന് ബിദര്‍ക്കാടില്‍ ദിവസങ്ങളോളം പ്രദേശവാസികള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. ഇന്നലെയും നാട്ടുകാര്‍ റോഡുപരോധിച്ചു.
വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ വനപാലകര്‍ മൃതദേഹാവശിഷ്ടങ്ങള്‍ എടുത്ത് മാറ്റിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.
നേരത്ത, വന്യജീവി ആക്രമണമുണ്ടായ സമയങ്ങളില്‍ മൃതദേഹവുമായാണ് നാട്ടുകാര്‍ റോഡുപരോധമുള്‍പ്പടെയുള്ള സമരങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ മൃതദേഹം തിടുക്കത്തില്‍ മാറ്റിയത്.
കഴിഞ്ഞദിവസം മസിനഗുഡിയില്‍ ആദിവാസിയായ തൊഴിലാളിയെ കാട്ടാന കുത്തി കൊന്നിരുന്നു. മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ ശിങ്കാര വനമേഖലയില്‍ ആടുകളെ മേക്കുന്നതിനിടെയാണ് കാട്ടാന ഇയാളെ ആക്രമിച്ചത്. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ഗൂഡല്ലൂര്‍ മേഖലയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വന്യജീവി ആക്രമണം പതിവായതോടെ ഏറെ ഭീതിയിലാണ് ഇവിടത്തുകാര്‍ കഴിയുന്നത്. സ്വന്തം ജീവന് പോലും സുരക്ഷിതത്വമില്ലാതെയാണ് ജോലിക്ക് പോകുന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലൂടെ വിഹരിക്കുന്നത്. ഇതോടെ ചിലയിടങ്ങളില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയക്കുകയാണ്.
വീടിന് സമീപത്ത് പതുങ്ങിയിരുന്ന കടുവയാണ് ഇന്നലെ തൊഴിലാളിയെ ആക്രമിച്ച് കൊന്നത്. ഇതോടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളിലേക്കും മദ്റസയിലേക്കും പറഞ്ഞയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. നാട്ടുകാര്‍ റോഡുപരോധിച്ചതിനെ തുടര്‍ന്ന് നരഭോജി കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.