|    Apr 22 Sun, 2018 1:05 am
FLASH NEWS
Home   >  News now   >  

കടുവയെ കിടുവ പിടിച്ചാല്‍

Published : 29th February 2016 | Posted By: G.A.G

IMTHIHAN-SLUGങ്ങനെ വന്നു വന്നു സ്വാതന്ത്യ സമരത്തിന്റെ മഹിത പാരമ്പര്യമവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇളമുറതമ്പുരാനു മേലും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. ഭീകരാക്രമണ കുറ്റം ചുമത്തപ്പെട്ട് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികളുടെ  പ്രക്ഷോഭത്തെ അനുകൂലിച്ചു എന്നതാണത്രെ കോണ്‍ഗ്രസ് ഉപാധ്യക്ഷനും ദേശീയ പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നാലു തലമുറ പാരമ്പര്യത്തിന്റെ അഞ്ചാം കണ്ണിയുമായ രാഹുല്‍ ഗാന്ധിക്ക് വിനയായത്. രാഹുല്‍ ഗാന്ധിക്ക് പുറമെ മുഖ്യധാര പ്രതിപക്ഷ കക്ഷികളായ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ,  ആം ആദ്മി അരവിന്ദ് കെജരിവാള്‍, മുന്‍ കേന്ദ്രമന്ത്രി ആനന്ദ ശര്‍മ്മ, ജനതാദള്‍ യു നേതാവ് കെ വി ത്യാഗി എന്നിവര്‍ക്കെതിരേയും ഐപിസി 124 എ പ്രകാരം കേസെടുത്തിരിക്കുന്നു. പോലിസ് കസ്റ്റഡിയിലുള്ള കനയ്യകുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ നേതാക്കളോടൊപ്പം സഹപ്രതികളാണ്.
rahul-conമോഡിയുടെ വികസന വായ്ത്താരികളും അമിത് ഷായുടെ സൃഗാല സൂത്രങ്ങളും അമ്പേ അടിയറ പറയിപ്പിച്ച തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടിയെയും അണികളേയും ഉണര്‍ത്താന്‍ വേണ്ടി അക്ഷീണ യത്‌നം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഈ കേസ് രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കുകയേ ഉളളൂ എന്നു രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാം ഉറപ്പാണ്. കേസിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ഒറ്റ ദിവസം പോലും ജുഡീഷ്യല്‍ കസ്റ്റഡിയിലോ തിഹാര്‍ ജയിലിലോ കഴിയാന്‍ പോകുന്നില്ലെന്നതും മൂക്കു കീഴോട്ടായവര്‍ക്കൊക്കെ ഉറപ്പാണ്.
പക്ഷേ, രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചറിവ് ലഭിക്കേണ്ട ഒരു ഷോക്ക് ട്രീറ്റമെന്റാണിത്. അതായത്  രാഹുല്‍ ഗാന്ധിക്കും നേതാക്കള്‍ക്കുമെതിരേ ഇപ്പോള്‍ ചുമത്തപ്പെട്ട ഐപിസി 124 എ ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന ക്രിമിനല്‍ ചട്ടമാണ്. ആ അര്‍ഥത്തില്‍ പ്രസ്തുത വകുപ്പിന്റെ സംസ്ഥാപനത്തില്‍ രാഹുലിന്റെ പാര്‍ട്ടിക്കോ അദ്ദേഹത്തിന്റെ പൂര്‍വികര്‍ക്കോ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല. പക്ഷേ, രാഹുലിന്റെ  പാര്‍ട്ടിയും പൂര്‍വികരും അധികാരത്തിലിരിക്കുമ്പോള്‍ രാജ്യദ്രോഹകുറ്റം തടയാനെന്ന പേരില്‍ ചുട്ടെടുത്ത ഒന്നിലധികം കരിനിയമങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ തടവറകളില്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്ന അവരില്‍ പലരുടെയും വിചാരണ പോലും ആരംഭിച്ചിട്ടില്ല. പലര്‍ക്കും തങ്ങള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം എന്താണെന്നുപോലും അറിയില്ല. വൃത്തികെട്ട അവസരവാദ രാഷ്ട്രീയത്തിന്റെ സന്തതിയായ വര്‍ഗീയപ്രീണനത്തിന്റെ ഇരകളായി തടവറകളില്‍ കഴിയുന്നവരാണവര്‍.
രാജ്യത്തിന്റെ സുരക്ഷക്കോ അഖണ്ഡതക്കോ രാജ്യതാല്‍പര്യങ്ങള്‍ക്കോ വിഘാതമാവുന്ന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്തില്‍  ആരെങ്കിലും അനുവര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ ശിക്ഷാര്‍ഹരാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ രാജ്യദ്രോഹം തടയാനെന്ന പേരില്‍ നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ ചില  പ്രത്യേക വിഭാഗങ്ങളെ അന്യായമായി ദ്രോഹിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന വേളയില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടീവിസ്റ്റുകളും ചൂണ്ടികാട്ടിയതാണ്.  പക്ഷേ അധികാരത്തിന്റെ ഗര്‍വ് ബധിരമാക്കിയ കര്‍ണങ്ങള്‍ അത് ചെവി കൊണ്ടില്ല. അവസാനം ആ കരിനിയമം രാഹുല്‍ ഗാന്ധി അടക്കുമുള്ള രാജ്യത്തെ പാരമ്പര്യദേശീയവാദികളെയും തേടി വന്നുകൊണ്ടിരിക്കുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss