|    Jun 25 Mon, 2018 7:29 pm
FLASH NEWS
Home   >  Sports  >  Cricket  >  

കടുവകള്‍ നാണം കെട്ടു; ഇന്ത്യക്ക് കൂറ്റന്‍ ജയം

Published : 30th May 2017 | Posted By: ev sports

ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് 240 റണ്‍സിന്

ലണ്ടന്‍: ഇംഗ്ലണ്ട് മണ്ണില്‍ ചാംപ്യന്‍സ് ട്രോഫി മോഹിക്കുന്ന എല്ലാ ടീമുകള്‍ക്കും താക്കീത് നല്‍കി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തില്‍ 240 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ ബംഗ്ലാദേശിന്റെ പോരാട്ടം 23.5 ഓവറില്‍ 84 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ ദിനേഷ് കാര്‍ത്തിക്(94), ഹര്‍ദിക് പാണ്ഡ്യ(80*) ശിഖാര്‍ ധവാന്‍(60) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്റെ തീരുമാനം തെറ്റിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിര പുറത്തെടുത്തത്. തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മല്‍സരം കളിക്കാതിരുന്ന രോഹിത് ശര്‍മ(1) ആദ്യ തന്നെ മടങ്ങി. ഘൂബല്‍ ഹുസൈന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ടാമന്‍ അജിന്‍ക്യ രഹാനെ(11) മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും മുസ്തഫിസുര്‍ റഹ് മാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ ഇന്ത്യ 6.1 ഓവറില്‍ രണ്ട് വിക്കറ്റിന് 21 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തികും ശിഖാര്‍ ധവാനും ചേര്‍ന്ന് സെഞ്ച്വറികൂട്ടുകെട്ടോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കരുത്തേകി. തന്റെ മികച്ച എകദിന കണ്ടെത്തിയ ദകാര്‍ത്തിക് സെഞ്ച്വറിക്ക് ആറ് റണ്‍സകലെ റിട്ടേര്‍ഡ് ഹട്ട് ചെയ്ത പുറത്തുപോവുകയായിരുന്നു. ധവാനെ സുന്‍സമുല്‍ ഇസ്‌ലാം മടക്കിയെങ്കിലും കേദാര്‍ ജാദവ്(31) കൂറ്റന്‍ ഷോട്ടുകളോടെ അതിവേഗം സ്‌കോര്‍ബോര്‍ഡുയര്‍ത്തി. ജാദവ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ കൂറ്റന്‍ ഷോട്ടുകളോടെ മൈതാനം പിടിച്ചടക്കി. ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറപ്പിച്ച ഹര്‍ദിക് 54 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും പറത്തി 80 റണ്‍സുമായി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ(32)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങില്‍ വന്‍ തകര്‍ച്ചയാണ് ബംഗ്ലാദേശ് നേരിട്ടത്. ഭുവനേശ്വറും ഉമേഷും പന്തുകളില്‍ മായാജാലം കാട്ടിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 22 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 24 റണ്‍സെടുത്ത മെഹതി ഹസന്‍ മിറാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. സന്‍സമുല്‍ ഇസ്‌ലാം (18), മുഷ്ഫിഖര്‍ റഹീം(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss