|    Aug 16 Thu, 2018 3:27 pm
Home   >  Sports  >  Cricket  >  

കടുവകളെ പിടിച്ചുകെട്ടാന്‍ ഇന്ത്യ; ലങ്കയെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്

Published : 13th March 2018 | Posted By: vishnu vis

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. രണ്ട് മല്‍സരങ്ങള്‍ വിജയിച്ച് ഫൈനല്‍ ബര്‍ത്തുറപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തോടെ പാഡണിയുമ്പോള്‍ ഫൈനലില്‍ കളിക്കാന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്ന ആദ്യ മല്‍സരത്തില്‍ ആറ് വിക്കറ്റിന് വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

കരുത്തോടെ ഇന്ത്യ

പ്രമുഖ താരങ്ങളുമായി നിദാഹാസ് ട്രോഫിക്ക് വണ്ടികയറിയ ഇന്ത്യന്‍ നിര മികച്ച പ്രകടനം തന്നെയാണ് ടൂര്‍ണമെന്റില്‍ പുറത്തെടുക്കുന്നത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയെങ്കിലും പിന്നീട് നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ സീറ്റുറപ്പിക്കുകയായിരുന്നു.ബാറ്റിങ് നിരയും ബൗളിങ് നിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ആശങ്കകളും എറെയാണ്. ബാറ്റിങില്‍ പ്രധാന തലവേദന മുന്‍നിരയുടെ ഫോമില്ലായ്മ തന്നെയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മോശം പ്രകടനം നിദാഹാസ് ട്രോഫിയിലും നായകന്‍ രോഹിത് ശര്‍മ ആവര്‍ത്തിക്കുന്നു. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് തുടക്കത്തിലെ രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയെ നന്നായി ബാധിക്കുന്നുണ്ട്. 0, 17,11 എന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ രോഹിതിന്റെ സ്‌കോര്‍. ഓപണിങില്‍ ശിഖര്‍ ധവാന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ആദ്യ മല്‍സരത്തില്‍ 90 റണ്‍സടിച്ച ധവാന്‍ രണ്ടാം മല്‍സരത്തില്‍ 55 റണ്‍സും അക്കൗണ്ടിലാക്കിയിരുന്നു.മുന്‍ നിരയില്‍ സുരേഷ് റെയ്‌നയ്ക്കും മികവിനൊത്ത് ഉയരാന്‍ കഴിയുന്നില്ല. ഫീല്‍ഡിങില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ റെയ്‌നയ്ക്ക് കഴിയുന്നില്ല. അവസാന മല്‍സരത്തില്‍ റിഷഭ് പാന്തിന് പകരം കെ എല്‍ രാഹുലിന് ഇന്ത്യ അവസരം നല്‍കിയിരുന്നു. എന്നാല്‍ താരം മികച്ച സ്‌കോര്‍ കണ്ടെത്തും മുമ്പേ ഹിറ്റ്‌വിക്കറ്റ് സമ്മാനിച്ച് മടങ്ങി.മധ്യനിരയില്‍ മനീഷ് പാണ്ഡെയും ദിനേഷ് കാര്‍ത്തികും നടത്തുന്ന മികച്ച പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഓള്‍ റൗണ്ടറായി ടീമിലെത്തിയ വിജയ് ശങ്കര്‍ ബൗളിങില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ അവസരം ലഭിച്ചിട്ടില്ല.ബൗളിങ് നിരയില്‍ യുവതാരങ്ങളായ വാഷിങ്ടണ്‍ സുന്ദര്‍ തകര്‍പ്പന്‍ ബൗളിങാണ് പുറത്തെടുക്കുന്നത്. ലങ്കയ്‌ക്കെതിരേ ശര്‍ദുല്‍ ഠാക്കൂര്‍ നാലു വിക്കറ്റുകള്‍ നേടി കൈയടി നേടിയെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. മറ്റൊരു ഫാസ്റ്റ് ബൗളറായ ജയദേവ് ഉനദ്ഘട്ടും നന്നായി തല്ലുവാങ്ങുന്നുണ്ട്. സ്പിന്‍ബൗളിങില്‍ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റുകളും നേടുന്നുണ്ടെങ്കിലും നന്നായി റണ്‍സ് വഴങ്ങുന്നുണ്ട്.

കണക്കുതീര്‍ക്കാന്‍ ബംഗ്ലാദേശ്

ആദ്യ മല്‍സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനുറച്ചാവും ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. അവസാന മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ 214 റണ്‍സ് പിന്തുടര്‍ന്ന് അഞ്ച് വിക്കറ്റിന് വിജയിച്ച ആത്മവിശ്വാസത്തിലാവും ബംഗ്ലാദേശിന്റെ വരവ്. ബാറ്റില്‍ മുഷ്ഫിഖര്‍ റഹീമും ലിറ്റണ്‍ ദാസും സൗമ്യ സര്‍ക്കാരും തമിം ഇക്ബാലും എല്ലാം അണിനിരക്കുമ്പോള്‍ ബൗളിങില്‍ മുസ്തഫിസുര്‍ റഹീമും റൂബല്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദുമാണ് ബംഗ്ലാദേശിന്റെ ശക്തി. ജയത്തോടെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ ബംഗ്ലാദേശ് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിര ഭയക്കുകതന്നെ ചെയ്യണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss