|    Feb 25 Sun, 2018 1:31 am

കടുവകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി

Published : 10th February 2018 | Posted By: kasim kzm

മാനന്തവാടി: നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കടുവകളുടെ കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഈ മാസം രണ്ടിനാണ് രാജ്യമൊട്ടാകെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് ഈ വര്‍ഷം കണക്കെടുപ്പ് നടത്തിയത്. എട്ടു ദിവസങ്ങളിലായി നടത്തിയ കണക്കെടുപ്പില്‍ ആദ്യ മൂന്നു ദിവസങ്ങളില്‍ സസ്യഭോജികളുടെയും മാംസഭോജികളുടെയും സാന്നിധ്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഇവയുടെ നഖപ്പാടുകള്‍, കാഷ്ടം, രോമങ്ങള്‍ എന്നിവ രേഖപ്പെടുത്തുകയാണ് ചെയ്തത്. രോമങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനായി ശേഖരിച്ചു. അവസാന മൂന്നു ദിവസങ്ങളാണ് നേരില്‍ മൃഗങ്ങളെ കണ്ടെത്തുന്നതിനായും ജൈവസമ്പത്തിന്റെ കണക്കെടുപ്പ് നടത്തുന്നതിനും വിനിയോഗിച്ചത്. ഇത്തരത്തില്‍ ശേഖരിച്ച ഡാറ്റകളും സാംപിളുകളും 12നു മുമ്പായി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന് കൈമാറും. ഇവിടെ നിന്നു സംസ്ഥാനത്തെ മുഴുവന്‍ വിവരങ്ങളും ഏകോപിപ്പിച്ച ശേഷമാണ് 20നകം നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് കൈമാറുക. രാജ്യത്തെ മുഴുവന്‍ കണക്കുകളും പരിശോധിച്ച ശേഷം വിവരങ്ങള്‍ പുറത്തുവിടും. സര്‍വേയ്ക്കിടെ ജില്ലയില്‍ മൂന്നിടങ്ങളില്‍ കടുവകളെ നേരില്‍ കണ്ടു. മുത്തങ്ങ, കുറിച്യാട്, തിരുനെല്ലി എന്നിവിടങ്ങളിലാണ് നാലു കടുവകളെ കണ്ടത്. കേരളത്തില്‍ 2006ല്‍ 46ഉം 2010ല്‍ 104ഉം 2014ല്‍ 136ഉം കടുവകളെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 2014ല്‍ കേരളത്തില്‍ കണ്ടെത്തിയ കടുവകളില്‍ 47 എണ്ണവും വയനാട്ടില്‍ നിന്നായിരുന്നു. ഈ വര്‍ഷം കടുവകളുടെ എണ്ണത്തില്‍ വയനാട്ടിലും വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ 63 ബ്ലോക്കുകളാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. ഈ വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തകരെ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss