|    Jan 19 Thu, 2017 3:59 am
FLASH NEWS

കടുത്ത ശിക്ഷയില്‍ നിന്ന് മോചിതരായ യുവാക്കള്‍ നാട്ടിലെത്തി

Published : 11th August 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ രണ്ടു വര്‍ഷത്തിലേറെ സിംഗപ്പൂര്‍ ജയിലില്‍ കിടന്ന യുവാക്കള്‍ ഒടുവില്‍ പൊതുമാപ്പില്‍ നാട്ടിലെത്തി. മൊഗ്രാല്‍പുത്തൂരിലെ പരേതനായ മാഹിന്‍-ബീഫാത്തിമ ദമ്പതികളുടെ മകന്‍ എം മുഹമ്മദ് നവാസ് (34), മധൂര്‍ ചൂരി ബട്ടംപാറയിലെ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകന്‍ സി എസ് ശിഹാബുദ്ദീന്‍ (29), മധൂര്‍ ചൂരി ആര്‍ഡി നഗര്‍ മിയാദ് മന്‍സിലിലെ പരേതനായ ശറഫുദ്ദീന്‍-ആമിന ദമ്പതികളുടെ മകന്‍ എ എസ് ഹാഷിം (35) എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
ജൂണ്‍ ഒന്നിനാണ് ഇവര്‍ കാസര്‍കോട് സ്വദേശിയായ വ്യവസായി നല്‍കിയ സന്ദര്‍ശക വിസയില്‍ സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. സെയില്‍സ്മാന്റെ സ്ഥിരം ജോലി നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവര്‍ സിംഗപ്പൂരിലെത്തിയത്. ജൂണ്‍ രണ്ടിന് സിംഗപ്പൂരിലെ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഇറങ്ങുന്നതിനിടയില്‍ ഇവരുടെ ലഗേജ് പരിശോധിച്ചപ്പോള്‍ വ്യാജ ക്രഡിറ്റ് കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇവരെ അറസ്റ്റ് ചെയ് തു. സിംഗപ്പൂരിലെ നിയമ പ്രകാരം 50 വര്‍ഷംവരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇവരുടെ മേല്‍ ചാര്‍ത്തിയത്. ഇവര്‍ നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ വിസ നല്‍കിയ വ്യക്തി ഏല്‍പിച്ച ലഗേജിനകത്ത് അന്താരാഷ്ട്ര തലത്തിലെ വന്‍കിടക്കാരുടെ പേരിലുള്ള വ്യാജ ക്രഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ എത്തിയാല്‍ എയര്‍പോര്‍ട്ടിന് പുറത്ത് നിങ്ങളെ സ്വീകരിക്കാന്‍ എത്തുന്ന വ്യക്തിയെ ഏല്‍പിക്കണമെന്ന് പറഞ്ഞാണ് വിസ നല്‍കിയ വ്യക്തി ലഗേജ് നല്‍കിയതെന്ന് മോചിതരായി നാട്ടിലെത്തിയവര്‍ പറഞ്ഞു. നേരത്തേ മൂവരും യുഎഇയില്‍ സെയില്‍സ്മാന്‍മാരായി ജോലിചെയ്തിരുന്നു. ഈ പരിചയം മുന്‍നിര്‍ത്തിയാണ് സിംഗപ്പൂരിലേക്ക് ഇവര്‍ക്ക് വിസ നല്‍കിയത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ജയിലിലായതായി അറി ഞ്ഞത്. 2014 നവംബര്‍ 18ന് തേജസ് ഇവരുടെ ദുരിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചില പൊതുപ്രവര്‍ത്തകരും സിംഗപ്പൂരിലെ ഇന്ത്യന്‍ എംബസിയും ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 190 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക