|    Apr 30 Sun, 2017 6:23 pm
FLASH NEWS

കടുത്ത വരള്‍ച്ച; തിരുനെല്ലിയില്‍ കൂടുതല്‍ പ്രദേശത്ത് നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു

Published : 29th November 2016 | Posted By: SMR

മാനന്തവാടി: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നെല്‍കൃഷി വ്യാപകമായി നശിക്കുന്നു. കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയിലെ ഡിവൈന്‍ പ്രോവിഡന്‍സ് സെമിനാരിയിലെ അന്തേവാസികള്‍ ചെയ്ത നെല്‍കൃഷിയാണ് കടുത്ത വരര്‍ച്ചയെ തുടര്‍ന്ന് കരിഞ്ഞുണങ്ങിയത്. വിദ്യാര്‍ഥികളില്‍ നെല്‍കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാരിയുടെ സ്ഥലമായ അനന്തോത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. ഈ വര്‍ഷം നാലേക്കറിലാണ് കൃഷി ചെയ്തത്. ഇതില്‍ 90 ശതമാനവും വരള്‍ച്ചയെ തുടര്‍ന്ന് നശിച്ചു. വൈക്കോല്‍ പോലും ലഭിക്കാത്ത സാഹചര്യമാണ്. ആദ്യമായാണ് ഇത്തരത്തില്‍ ഒരനുഭവമെന്ന് ഫാ. ടോമി പറഞ്ഞു. കൃഷി നശിച്ചതിലൂടെ രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആവശ്യത്തിനു മഴ ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമായി മാറിയത്. പ്രദേശവാസികളായ അണമല രാജന്‍, സീതാറാം എന്നിവരുടെയും നെല്‍കൃഷി കരിഞ്ഞ് നശിച്ചുപോയിരുന്നു. ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നു പിന്തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് തിരിച്ചെത്തിയത്. അതുകൊണ്ടു തന്നെ കൃഷിനശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day