|    Jun 23 Sat, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കടുത്ത പരിശീലനം, അന്യമതങ്ങളെക്കുറിച്ച് ദുഷ്പ്രചാരണം

Published : 16th October 2015 | Posted By: RKN

മുഹമ്മദ് പടന്ന

സ്വയരക്ഷയ്ക്ക് എന്ന പേരില്‍ കടുത്ത പരിശീലനമാണു സന്‍സ്ഥ നടത്തുന്നത്. മറ്റു മതങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താന്‍ വ്യത്യസ്തമായ മാര്‍ഗങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ബ്ലാക്ക് ഫ്രൈഡെ പോലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് അംഗങ്ങളില്‍ വര്‍ഗീയ വിഷം നിറയ്ക്കുന്നു. ഗോവയിലെ ധംബെ, വാല്‍പൊയി തുടങ്ങിയവ സംഘടനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളാണ്. ഗോവന്‍ ഒബ്‌സര്‍വര്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ ഒട്ടേറെ പരിശീലനമുറകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഹിന്ദു ജനജാഗ്രത സമിതി മഹാരാഷ്ട്ര കോ-ഓഡിനേറ്റര്‍ സുനില്‍ ദാവതും സന്‍സ്ഥയുടെ മാര്‍ഗനിര്‍ദേശങ്ങളോടെയാണു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പിന്നാമ്പുറങ്ങള്‍ തേടിയിറങ്ങുന്ന പത്രപ്രവര്‍ത്തകര്‍, പോലിസുകാര്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്താന്‍ കുതന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. അടുത്തിടെ ഇത്തരത്തില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തക വാര്‍ത്ത നല്‍കുന്നതില്‍ നിന്നു പിന്‍മാറിയതായാണു വിവരം.

മാനനഷ്ടക്കേസ്, വധഭീഷണി തുടങ്ങിയവയും അവരെ നേരിടാന്‍ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നു. മനുഷ്യാവകാശപ്രവര്‍ത്തകനായ അസിം സരോദെ ഇവരുടെ ആയുധപരിശീലനം, വരുമാന സ്രോതസ്സ് എന്നിവ അന്വേഷിക്കണമെന്നു കാണിച്ച് ചാരിറ്റി കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കു പരാതിനല്‍കിയിരുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന എല്ലാ പരാതികളിലും സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഗോവ മുഖ്യമന്ത്രിയെ പോലുള്ളവര്‍ ഇവര്‍ക്കു താങ്ങും തണലുമായി നില്‍ക്കുന്നതാണു നിയമത്തിനു ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കാത്തതിനു കാരണമെന്നാണ് ആരോപണം. മഡ്ഗാവ് സ്‌ഫോടനത്തിന്റെ റിപോര്‍ട്ട് ലഭിച്ച ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, കേസില്‍ സന്‍സ്ഥയ്ക്ക് പങ്കില്ലെന്നു കാണിച്ച് റിപോര്‍ട്ട് തള്ളിയത് നോര്‍ത്ത് ഗോവ എസ്പി ഉമേഷ് ഗാവ്കര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

എന്‍ഐഎ അന്വേഷിക്കുന്ന അന്താരാഷ്ട്ര കുറ്റവാളി രുദ്ര പാട്ടീലുമായി ഗെയ്ക്‌വാദ് ആശയവിനിമയം നടത്തിയെന്ന് ഗെയ്ക്‌വാദിന്റെ അറസ്റ്റിന് ശേഷം കണ്ടെത്തിയിരുന്നു. സന്‍സ്ഥയുടെ നിയമവേദിയായി അറിയപ്പെടുന്ന ‘ഹിന്ദുവിധിജ്ഞ പരിഷത്’ നയിക്കുന്നത് പാട്ടീലിന്റെ ഭാര്യയാണ് എന്നത് പന്‍സാരെ ദാബോല്‍ക്കര്‍, കല്‍ബുര്‍ഗി കേസില്‍ വന്‍ കണ്ണികളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു. മഡ്ഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മാര്‍ഗോ പാട്ടീല്‍ രുദ്രാ പാട്ടീലിന്റെ മരുമകനാണ്. മൂന്നുവര്‍ഷത്തെ തടവിനു ശേഷം 2014ല്‍ മഡ്ഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെവിടാനിടയാക്കിയത് പഴുതുകളടച്ചുള്ള നിയമപോരാട്ടമാണെന്നു പറയുന്നു. മോചിതരായ ആറു പേരെ തുറന്ന ജീപ്പില്‍ ആനയിച്ചാണു സന്‍സ്ഥ പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. രാജന്‍ ഘാട്ടെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സന്‍സ്ഥയുടെ നീക്കങ്ങളെക്കുറിച്ചു വ്യക്തമായി അന്വേഷണം നടത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്ത ധരിക്കുന്ന 250 ഓളം മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ സംഘടനയ്ക്കുണ്ട്. ഭീതിയുണര്‍ത്തുന്ന രീതിയിലുള്ള സന്‍സ്ഥയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തടയിടുന്നില്ലെങ്കില്‍ ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗിമാരുടെ തലകള്‍ ഇനിയും ഉരുളുമെന്നുവേണം കരുതാന്‍.വിവരങ്ങള്‍ക്ക് കടപ്പാട്: മുംബൈ മിറര്‍ (അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss