|    Jan 22 Sun, 2017 7:48 pm
FLASH NEWS

കടുങ്ങല്ലൂര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ 15 നായ്ക്കളെ കൊന്നു

Published : 6th October 2016 | Posted By: Abbasali tf

കൊച്ചി: തെരുവുനായ് ശല്യം രൂക്ഷമായ കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എടയാറില്‍ പഞ്ചായത്തംഗം ടി ജെ ടൈറ്റസിന്റെ നേതൃത്വത്തില്‍ ആക്രമണകാരികളായ 15 തെരുവുനായ്ക്കളെ നാട്ടുകാര്‍ കൊന്നൊടുക്കി. കഴിഞ്ഞ ദിവസം എടയാറില്‍ വൈകീട്ട് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോകവേ കാനപ്പിള്ളി ബേബിച്ചന്റെ ഭാര്യ ഗേളിയെ ഒരുകൂട്ടം തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ഇടതുകാലിലെ തുടയിലേയും പാദത്തിലേയും കടി ആഴത്തിലായതിനാല്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് നിര്‍ധന കുടുംബാംഗമായ ഈ വീട്ടമ്മ. വ്യവസായ മേഖലയായ എടയാറില്‍ എല്ലുപൊടി കമ്പനികളും ചാള കമ്പനികളും ഉള്ളതിനാല്‍ തെരുവുനായ്ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബിനാനിപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇതിനോടകം പലപ്രാവശ്യം തെരുവുനായ്ക്കളുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കവാന്‍ ശ്രമിച്ചതായി സ്‌കൂള്‍ ലീഡര്‍ ശ്രവണ്യ രാജീവ് പറഞ്ഞു. വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. നിരവധി പരാതികള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് തെരുവുനായ വേട്ടയ്ക്കായി നാട്ടുകാര്‍ സംഘടിച്ചത്. ഇതിനായി തെരുവുനായ് ഉന്മൂലന സംഘം സെക്രട്ടറി സോഫിയ സുര്‍ജിത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സംഘടന വിട്ടുകൊടുത്ത പട്ടിപിടിത്തക്കാരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കളെ പിടികൂടി വകവരുത്തിയത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഗേളിയെ ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി സന്ദര്‍ശിക്കുകയും ചികില്‍സാ ചെലവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനംചെയ്തു. ഗേളിക്ക് സര്‍ക്കാരില്‍നിന്നും പഞ്ചായത്തില്‍നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനും മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കുന്നതിനുള്ള നിയമസഹായവും നല്‍കുമെന്ന് ജോസ് മാവേലി അറിയിച്ചു. തെരുവുനായ്ക്കളുടെ വിളയാട്ടം മൂലം ജനങ്ങള്‍ക്ക് വഴിനടക്കാന്‍പോലും സാധിക്കാത്ത അവസ്ഥയാണ് എടയാര്‍ മേഖലയിലുള്ളതെന്ന് ടി ജെ ടൈറ്റസ് പറഞ്ഞു. ജനങ്ങളുടെ രക്ഷയ്ക്കായി വരും ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ പിടികൂടാനാണ് പഞ്ചായത്ത് മെംബറുടെ ശ്രമം. അക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നതിന്റെ പേരില്‍ ഉണ്ടാവുന്ന എല്ലാ നിയമനടപടികളും നേരിടാന്‍ താന്‍ തയ്യാറാണെന്നും വാര്‍ഡ് മെംബര്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക