|    Dec 17 Mon, 2018 6:25 am
FLASH NEWS

കടവല്ലൂര്‍ ഗവ. എച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അസ്വാരസ്യം

Published : 26th May 2018 | Posted By: kasim kzm

പെരുമ്പിലാവ്: കടവല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അസ്വാരസ്യം. കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം സംബന്ധിച്ചാണ് അസ്വാരസ്യമുണ്ടായത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 6.37 കോടി രൂപ ചിലവഴിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് വെള്ളിയാഴ്ച സംഘടിപ്പിച്ചിരുന്നത്.
എന്നാല്‍ മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ വികസന ഫണ്ടില്‍ നിന്നും ചിലവഴിച്ച തുക കൊണ്ട് നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്താന്‍ സംഘാടകര്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ഫലകങ്ങളാണ് വേദിയില്‍ ഇതിനായി ഒരുക്കിയിരുന്നത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫലകത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ക്ലാസ് മുറികള്‍ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ബാബു എം പാലിശ്ശേരി മന്ത്രിയുടേയും സംഘാടകരുടേയും ശ്രദ്ധയില്‍കൊണ്ടുവരികയായിരുന്നു. ഇതോടെ ഉദ്ഘാടന വേദിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങിന്റെ ഫലകം മാത്രം അനാച്ഛാദനം ചെയ്ത് മന്ത്രി മടങ്ങി.
തുടര്‍ന്ന് സംസാരിച്ച ബാബു എം പാലിശ്ശേരി സംഘാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ചടങ്ങില്‍ ക്ഷണിച്ചുവരുത്തി അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പാലിശ്ശേരി കുറ്റപ്പെടുത്തി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പി കെ ബിജു എംപി തുടര്‍ന്നുള്ള തന്റെ പ്രസംഗത്തില്‍ മറ്റൊരവസരത്തില്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ക്കും സംഘാടകര്‍ക്കുമുണ്ടായ വീഴ്ച ഗൗരവതരമാണെന്നും അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss