|    Dec 15 Sat, 2018 12:01 pm
FLASH NEWS

കടല്‍ സുരക്ഷയ്ക്ക് ഇനി മറൈന്‍ ആംബുലന്‍സ്‌

Published : 7th June 2018 | Posted By: kasim kzm

ബേപ്പൂര്‍: കടലില്‍ അപകടത്തി ല്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും അത്യാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മല്‍സ്യത്തൊഴിലാളികളുടെ ആഴക്കടല്‍ മീന്‍പിടുത്തം വ്യാപകമായതോടെ യന്ത്രത്തകരാറുകള്‍ കാരണം ബോട്ടുകള്‍ കടലില്‍ അകപ്പെടാറുണ്ട്.
കാലാവസ്ഥയില്‍ വരുന്ന മാറ്റത്തിനനുസരിച്ച്  മുന്നറിയിപ്പില്ലാതെ കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ ബോട്ടുകള്‍  അപകടത്തില്‍പ്പെടുന്നതും പതിവാണ്. കടല്‍ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും ഓഖി ദുരന്തത്തിന്റെ  പശ്ചാത്തലവും കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പ്  മറൈന്‍ ആംബുലന്‍സ് പദ്ധതിയെ കുറിച്ച് ഫിഷറീസ് വകുപ്പ് ആലോചന സജീവമാക്കിയത്. ബിപിസിഎല്‍, കൊച്ചി കപ്പല്‍ നിര്‍മാണശാല എന്നീ സ്ഥാപനങ്ങളുടെ കൂട്ടായ വൈദഗ്ധ്യം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിമാരായ ജെ മേഴ്‌സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ്  ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് ഡയറക്ടര്‍ എസ് വെങ്കിടേശപതിയും കപ്പല്‍ശാലാ ഡയറക്ടര്‍ എന്‍ വി സുരേഷും മറൈന്‍ ആംബുലന്‍സ് നിര്‍മാണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. 5 മീറ്റര്‍ നീളവും 5.99 മീറ്റര്‍ വലിപ്പവുമുള്ള കപ്പലിന് 14 നോട്ടിക്കല്‍ വേഗതയുണ്ടാകും. കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് ഡിസൈന്‍ വിഭാഗത്തില്‍ ആധുനിക സന്നാഹങ്ങളോടെ രൂപകല്‍പ്പന ചെയ്യുന്ന ആംബുലന്‍സിന് കൂടുതല്‍ ഇന്ധനക്ഷമതയുണ്ടാകും. ഐആര്‍എസ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മിക്കുന്ന ആംബുലന്‍സുകള്‍ക്ക് ഇരുവശവും വെള്ളത്തില്‍നിന്ന് കരയിലേക്ക് രോഗിയെ വലിച്ചെടുക്കാന്‍ ഉതകുന്ന ഡെക്ക് ഫോള്‍ഡബില്‍ പ്ലാറ്റ്‌ഫോം ഉണ്ടാകും.രണ്ട് രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം ഏഴ് പേരെ വഹിക്കാനാകും. പരിശോധന, നേഴ്‌സിങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയതാണ് മറൈന്‍ ആംബുലന്‍സ്. 18.24 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മാണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss