|    Jan 21 Sat, 2017 2:15 pm
FLASH NEWS

കടല്‍ പ്രക്ഷുബ്ധം: കപ്പല്‍ ഉള്‍ക്കടലിലെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

Published : 12th July 2016 | Posted By: SMR

കൊല്ലം: തീരത്തടിഞ്ഞ മണ്ണുമാന്തി കപ്പല്‍ ഹന്‍സിതയെ തിരികെ ഉള്‍ക്കടലിലെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. ടഗ്ഗുകളുടെ സഹായത്തോടെ തിങ്കളാഴ്ച കപ്പലിനെ ഉള്‍ക്കടലിലേയ്ക്ക് നീക്കാനുള്ള ശ്രമമാണ് വിഫലമായത്.— കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുകയും റോപ്പുകള്‍ പൊട്ടി പോയതിനാലുമാണ് കപ്പല്‍ നീക്കാനുള്ള ശ്രമം നടക്കാതെ പോയത്.

തിങ്കളാഴ്ച ഉച്ചയോടെ കപ്പലിന്റെ നങ്കൂരത്തിന്റെ അറ്റകുറ്റപണികളും വെല്‍ഡിങ് ജോലികളും അവസാനിച്ചു. തുടര്‍ന്നാണ് കൊല്ലം തുറമുഖത്തു നിന്നും ട്രാന്‍സ്റ്റാര്‍, എംടി കേരളാ, എംടി മലബാര്‍ എന്നീ ടഗ്ഗുകളുടെ സഹായത്തോടെ കപ്പല്‍ മാറ്റാനുള്ള ശ്രമം ആരംഭിച്ചത്.
പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടേയും ലൈഫ് ഗാര്‍ഡിന്റെയും സഹായത്തോടെ കപ്പലില്‍ റോപ്പ് കെട്ടി വലിക്കാന്‍ മൂന്നു തവണ ശ്രമം നടത്തിയെങ്കിലും റോപ്പ് പൊട്ടുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതും തടസ്സമായി.
നങ്കൂരം ഉയര്‍ത്താനും താഴ്ത്താനും സഹായിക്കുന്ന വിഞ്ച് ആന്റ് വിന്‍ഡ്ഗ്ലാസ് തകരാറിലായതാണ് പ്രശ്‌നം. ഇത് ശരിയാക്കി നങ്കൂരം പുറത്തെടുത്താല്‍ മാത്രമേ ടഗ് ഉപയോഗിച്ച് കപ്പലിനെ ഉള്‍ക്കടലിലെത്തിക്കാന്‍ സാധിക്കൂ. നങ്കൂരം ഉയര്‍ത്താനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് ടഗ് ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിച്ചത്.
കപ്പലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ കപ്പലിനു സമിപം എത്തിച്ചിരുന്നു. എന്നാല്‍, റോപ്പ് കെട്ടുന്ന ജോലികള്‍ നടക്കാത്തതിനാല്‍ മണ്ണു നീക്കാനുള്ള ശ്രമവും നിര്‍ത്തിവെക്കേണ്ടി വന്നു. വൈകീട്ട് നാലോടെയാണ് കപ്പല്‍ മാറ്റാനുള്ള ശ്രമം അടുത്ത ദിവസത്തേക്ക് മാറ്റിയത്.
പോര്‍ട്ട് ഓഫിസര്‍ എബ്രഹാം കുര്യാക്കോസ്, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഫിലിപ്പ് മത്തായി, കൊല്ലം ആര്‍ഡിഒ വി രാജചന്ദ്രന്‍, മുണ്ടയ്ക്കല്‍ വില്ലേജ് ഓഫിസര്‍ കെ പി ഗിരിനാഥ്, അസി. എക്‌സി. എന്‍ജിനിയര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ കപ്പല്‍ കമ്പനി അധികൃതരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇന്ന് രാവിലെ പുതിയ റോപ്പ് ഉപയോഗിച്ച് കപ്പല്‍ നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇറിഗേഷന്‍, റവന്യു, തുറമുഖ അധികൃതര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
എംഎല്‍എയുടെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍നിന്ന് ടഗ് എത്തിച്ചു. തുടര്‍ന്ന് ബേപ്പൂരില്‍നിന്ന് ഹൈഡ്രോളിക് മെഷീനും കൊണ്ടുവന്നു. പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കാനും നടപടി സ്വീകരിച്ചു. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കൊല്ലം ബീച്ചിനുസമീപം തീരത്തുനിന്നും എഴുനൂറ് മീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പല്‍ ശക്തമായ കാറ്റില്‍പ്പെട്ടാണ് തീരത്തേക്ക് നീങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക