|    Nov 17 Sat, 2018 7:06 pm
FLASH NEWS

കടല്‍ഭിത്തി നിര്‍മാണം: എസ്റ്റിമേറ്റ് തയ്യാറാക്കിയത് 14 തവണ; ഫണ്ട് അനുവദിച്ചെന്നത് വ്യാജം

Published : 19th July 2018 | Posted By: kasim kzm

വടകര: വടകരയിലെ തീരദേശത്ത് കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചെന്നത് വ്യാജ പ്രചാരണമെന്ന് തെളിയിച്ച് കോഴിക്കോട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എഞ്ചിനീയറുടെ മറുപടി. താഴെ അങ്ങാടിയിലെ സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശ നിയമപ്രകാരത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഫണ്ട് അുവദിച്ചത് വ്യാജമെന്ന് തെളിഞ്ഞത്.
താഴെ അങ്ങാടിയിലെ കൊയിലാണ്ടി വളപ്പ്, മുകച്ചേരിഭാഗം എന്നിവിടങ്ങളില്‍ കടല്‍ഭിത്ത ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റുകള്‍ 2016ല്‍ 6 എണ്ണവും, 2017ല്‍ ഒന്നും എത്രയാണ് ഫണ്ട് എന്നടക്കം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫണ്ട് ലഭ്യമാവാത്ത സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. 2018 വര്‍ഷത്തില്‍ മേല്‍ പ്രവൃത്തിക്കളുടെ 7 എസ്്റ്റിമേറ്റുകള്‍ ഫണ്ട് അടക്കം രണ്ട് പ്രവൃത്തികള്‍ക്കുള്ള നിര്‍ദ്ദേശം കിഫ്ബിയില്‍ ഉള്‍പ്പെടുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. ആയത് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി നടത്തുവാനുള്ള നടപടി സ്വീകരിക്കുന്നതാണെന്നാണ് വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയിരിക്കുന്നത്.
ഇതോടെ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലടക്കം സിപിഎമ്മും യുഡിഎഫും പ്രദേശത്ത് പ്രചരിപ്പിച്ച വ്യാജ പ്രചാരണമാണ് പൊളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഫണ്ട് അനുവദിച്ചതായും, അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിന്റെ പേരില്‍ സ്ഥലം എംപിയുടെ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്-ലീഗ് ഉന്നത നേതാക്കള്‍ ഇടപെട്ടാണ് സമരം നിര്‍ത്തിവെപ്പിച്ചതും അനുവദിച്ച ഫണ്ട് വിനിയോഗിക്കാന്‍ ഉത്തരവുണ്ടാക്കാമെന്ന് പറഞ്ഞതും. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എംപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
നിലവില്‍ കഴിഞ്ഞ മാസം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വടകര താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഈ മാര്‍ച്ചിന് തൊട്ട് മുമ്പ് പ്രദേശത്ത് സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ കടല്‍ഭിത്ത നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതായുള്ള ഫഌക്‌സ് അടക്കമുള്ള പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഈ ഫണ്ടും നിലവില്‍ അനുവദിച്ചിട്ടില്ലെന്ന തെളിവാണ് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്‍ജിനീയറുടെ മറുപടിയില്‍ വ്യക്തമാവുന്നത്. ഈ താലൂക്ക് ഓഫിസ് മാര്‍ച്ചിന് ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തഹസില്‍ദാരുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിക്കേണ്ടതെന്നും അവര്‍ അറിയിച്ചാല്‍ മാത്രമെ നടപടിയെടുക്കാനാവൂ എന്നും തഹസില്‍ദാര്‍ മറുപടി നല്‍കിയിരുന്നു.
മാത്രമല്ല എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്ഥലം എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോഴും ഫണ്ട് അനുവദിച്ചതിനെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തോടെയുള്ള ജീവിതം നല്‍കുന്നതിനാണ് സര്‍ക്കാരും ജനപ്രതിനിധികളും എന്നാല്‍, സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും വഞ്ചന മൂലം ഇവിടെയുള്ള ജനങ്ങള്‍ക്ക് എന്നും ഭീതിയും സമാധാനവും നഷ്ടപ്പെടുകയാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിത ജീവിത്തതിന്റെ കാഴ്ചകള്‍ ഏറെ വേദനിപ്പിക്കുന്നതാണ് ഇവിടങ്ങളില്‍. മണ്ഡലത്തിലെ തീരദേശങ്ങളായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, കുരിയാടി, ചോറോട്, മുട്ടുങ്ങല്‍ തുടങ്ങിയ തീരദേശങ്ങളിലാണ് കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഭീതിയോടെയാണ് ജനങ്ങള്‍ താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ആവശ്യത്തിന്.
എല്ലാ വര്‍ഷങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാവുന്ന സമയങ്ങളിലും തിരഞ്ഞെടുപ്പ് വേളകളിലും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വന്ന് കടല്‍ഭിത്ത നിര്‍മിക്കാനാവശ്യമായ നടപടിയെടുക്കും എന്ന് പറയുകയല്ലാതെ ഒരു നടപടിയും ഇതുവരെ കൈകൊള്ളാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഫണ്ട് അനുവദിച്ചെന്ന് പറഞ്ഞ് കബ ളിപ്പിക്കുകയും ചെയ്യുകയാണ്. കടലിനടുത്ത് താമസിക്കുന്ന പലരും രാത്രികാലങ്ങളില്‍ വളരെ ഭയാജനകമായ അവസ്ഥയിലാണ് നിലവില്‍ കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകരുകയും നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലുമാണ്. അതേസമയം ഇപ്പോഴും ഗുരുതരമായ പ്രശ്‌നം ഉടലെടുത്തിട്ടും ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടിണ്ട്.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് ബാങ്കിന് വേണ്ടിയുള്ള പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും ഒതുങ്ങുകയല്ലാതെ ദുരിതമനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ജീവിതം വഴിമുട്ടി നില്‍ക്കുന്നതോടൊപ്പം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന ചോദ്യം ബാക്കിയാവുകയാണ് ഇവിടെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss